റിപബ്ലിക് ദിനത്തില്‍ അവാക്‌സിന്റെ നോട്ടത്തില്‍ രാജ്പഥ്

 


ന്യൂഡല്‍ഹി: (www.kvartha.com 22.01.2015) റിപബ്ലിക് ദിനത്തില്‍ അവാക്‌സ് വിമാനത്തിന്റെ നിരിക്ഷണ വലയത്തിലായിരിക്കും ഡല്‍ഹിയിലെ ആകാശം. പരേഡ് നടക്കുന്ന വേദിയില്‍ മുഖ്യാതിഥിയായെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ സുരക്ഷയ്ക്കായാണ് അവാക്‌സ് വിമാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യോമമാര്‍ഗമുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെ റിപ്പബ്ലിക് ദിനപരേഡ് സമയത്ത് ഡല്‍ഹിയുടെ ആകാശത്ത് വട്ടമിട്ടു പറക്കാന്‍ തയ്യാറായി അവാക്‌സ് വിമാനമെത്തുന്നത് ഇതാദ്യമായാണ്. വ്യോമസേനയുടെ വിമാനത്തില്‍ പ്രത്യേക റഡാര്‍ ഘടിപ്പിച്ച സംവിധാനമാണ് എയര്‍ബോണ്‍ വാണിങ്ങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം (അവാക്‌സ്) എന്നറിയപ്പെടുന്നത്. പറന്ന് വിമാനങ്ങളുടെ സന്ദേശങ്ങളും സ്പന്ദനങ്ങളും പിടിച്ചെടുത്ത് വേണ്ട മുന്‍കരുതല്‍ എടുക്കുകയാണ് അവാക്‌സ് ചെയ്യുക

റഷ്യന്‍ നിര്‍മിതമായ ഐ.എല്‍76 വിമാനത്തില്‍ ഇസ്രേലി റഡാര്‍ സാങ്കേതിക വിദ്യ ഘടിപ്പിച്ച അവാക്‌സ് സംവിധാനമാണ് റിപ്പബ്ലിക് ദിന പരേഡില്‍ ഉപയോഗിക്കുക. പരേഡിന് ഒരു മണിക്കൂര്‍ മുന്‍പ് പറന്നുയരുന്ന വിമാനം പരേഡ് കഴിയും വരെ പറന്നു നിരീക്ഷിക്കും.

ഏതു പ്രതികൂല സാഹചര്യത്തിലും 400 കിലോമീറ്റര്‍ അകലെ നിന്നു വരെ വിമാനങ്ങളുടെയും മിസൈലുകളുടെയും സ്പന്ദനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇതിനു കഴിവുണ്ട്. സാധാരണ റഡാറുകളുടെ ദൃഷ്ടിയില്‍ പെടാതെ വളരെ താഴ്ന്നു പറക്കുന്ന വിമാനങ്ങളെ വരെ കണ്ടെത്താന്‍ സാധിക്കും. ഇന്ത്യന്‍ വ്യോമസേനയ്ക്കു വേണ്ടി ഡി.ആര്‍.ഡി.ഒ. രൂപകല്‍പന ചെയ്ത ഈ സംവിധാനത്തിനു എയര്‍ബോണ്‍ ഏര്‍ളി വാണിങ്ങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം (ഏയ്‌വാക്‌സ്) എന്നാണു പേരിട്ടിരിക്കുന്നത്

രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, മറ്റു വിശിഷ്ടാതിഥികള്‍ എന്നിവര്‍ക്കൊപ്പം ഒബാമ പരേഡ് വീക്ഷിക്കുമ്പോള്‍ രാജ്പഥിനു മീതേ അവാക്‌സിന്റെ കഴുകന്‍ കണ്ണുകള്‍ നിരീക്ഷണത്തിനുണ്ടാവും. ഒബാമ തുറന്നവേദിയില്‍ രണ്ടു മണിക്കൂറോളം ഇരിക്കുമ്പോള്‍ ഡല്‍ഹിയില്‍ വ്യോമഗതാഗതം തടയണമെന്ന് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുവദിച്ചാല്‍ പരേഡിന്റെ തുടക്കത്തില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ പറത്താറുള്ളത് ഉപേക്ഷിക്കേണ്ടിവരുമെന്നതിനാല്‍ ഇന്ത്യ വഴങ്ങിയില്ല. ഇതിനു പകരമാണ് അവാക്‌സിന്റെ നിരീക്ഷണം ഏര്‍പെടുത്തിയത്.

റിപബ്ലിക് ദിനത്തില്‍ അവാക്‌സിന്റെ നോട്ടത്തില്‍ രാജ്പഥ്റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ വിമാനങ്ങളുടെ യാത്രാപഥത്തില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. വിമാനങ്ങള്‍ പറക്കാനുള്ള കുറഞ്ഞ ഉയരം 32,000 അടിയില്‍ നിന്ന് 35,000 അടിയാക്കി വര്‍ധിപ്പിച്ചു. പരേഡ് സമയത്ത് രാജ്പഥിനു 400 കിലോമീറ്റര്‍ ചുറ്റളവില്‍ വിമാനം പറത്താന്‍ അനുമതിയില്ല. മുന്‍ വര്‍ഷങ്ങളില്‍ ഇത് 300 കിലോമീറ്റര്‍ ആയിരുന്നു. ഇതുപ്രകാരം പരേഡ് സമയത്ത് ജയ്പുര്‍, ആഗ്ര, ലഖ്‌നൗ, അമൃത്‌സര്‍ എന്നീ വിമാനത്താവളങ്ങളില്‍ സര്‍വീസ് മുടങ്ങും. മുന്‍വര്‍ഷങ്ങളിലേതു പോലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഇറങ്ങുകയോ പുറപ്പെടുകയോ ഇല്ല. ഒബാമയുടെ സന്ദര്‍ശന ആവശ്യത്തിനായി തയാറാക്കിയ റഡാര്‍ സ്‌റ്റേഷനുകളിലും കണ്‍ട്രോള്‍ റൂമുകളിലും ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം അമേരിക്കന്‍ ഉദ്യോഗസ്ഥരും നിരീക്ഷണത്തിനുണ്ടാവും.

പരേഡ് സമയത്ത് രാജ്പഥിനു സമീപത്തെ 71 ഉയര്‍ന്ന കെട്ടിടങ്ങള്‍ അടച്ചിടാനും തീരുമാനിച്ചു. മുന്‍വര്‍ഷങ്ങളില്‍ 45 ബഹുനില കെട്ടിടങ്ങളാണ് അടച്ചിരുന്നത്. ഈ കെട്ടിടങ്ങളെല്ലാം ജനുവരി 25ന് ഉച്ചയോടെ അടപ്പിച്ച ശേഷം പോലീസ് പരിശോധന തുടങ്ങും. ഓരോ മുറിയും ഓരോ ശുചിമുറിയും വരെ പരിശോധിച്ചശേഷം എല്ലാ മുറിയും പൂട്ടിയിടും. ഓരോ കെട്ടിടവും പരിശോധിക്കാന്‍ ആറു മുതല്‍ ഏഴുവരെ മണിക്കൂര്‍ വേണ്ടിവരുമെന്നു കരുതുന്നു. 40,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇത്തവണ ഉണ്ടാവുക. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 15,000 പേര്‍ അധികമാണ്.

Also Read: 
വീടിനു സമീപത്ത് സൂക്ഷിച്ച 35 ലിറ്റര്‍ സ്പിരിറ്റുമായി യുവതി പോലീസ് പിടിയില്‍
Keywords:  New Delhi, Republic Day, America, President, Barack Obama, plane, Russia, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia