Road Accident | ട്രെയിന്‍ ദുരന്തത്തില്‍ പരുക്കേറ്റ യാത്രക്കാരുമായി പോയ ബസ് അപകടത്തില്‍പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്; വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്ന് ഹര്‍ജി
Jun 4, 2023, 16:57 IST
കൊല്‍കത്ത: (www.kvartha.com) ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ പരുക്കേറ്റ യാത്രക്കാരുമായി പോയ ബസ് അപകടത്തില്‍പെട്ടു. ബലസോറില്‍ നിന്ന് ട്രെയിന്‍ അപകടത്തില്‍ പരുക്കേറ്റ യാത്രക്കാരുമായി പോയ ബസ് പികപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.
ശനിയാഴ്ച ബംഗാളിലെ മെദിനിപൂരിലാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് വീണ്ടും പരുക്കേറ്റിട്ടുണ്ടെന്നാണ് സൂചന. ഇവരെ രക്ഷപ്പെടുത്തി മറ്റ് വാഹനങ്ങളില്‍ പശ്ചിമബംഗാളിലെ വിവിധ ആശുപത്രികളിലേക്ക് അയക്കാനുള്ള നടപടികള്‍ പൊലീസ് മുന്നിട്ട് നടത്തി. അപകടത്തെ തുടര്‍ന്ന് മേദിനിപൂര്‍ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിച്ചു.
വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് ഒഡീഷയിലെ ബലസോറില്‍ രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. അപകടത്തില്‍ ഇതുവരെ 288 പേരുടെ മരണം സ്ഥിരീകരിച്ചു. 1000ലേറെ പേര്‍ക്ക് പരുക്കേറ്റതായും ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നും ഒഡീഷ ചീഫ് സെക്രടറി പറഞ്ഞു.
യശ്വന്ത്പൂരില്‍ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12864), ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസ് (12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തില്‍പെട്ടത്.
യശ്വന്ത്പൂരില്‍ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ അതേ പാളത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ ഇടിച്ചു. തുടര്‍ന്ന് പാളം തെറ്റിയ ഈ ട്രെയിനിന്റെ കോചുകളിലേക്ക് തൊട്ടടുത്ത ട്രാകിലൂടെ വന്ന കോറമാണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു.
അപകടം നടന്ന ബലോസറിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങിയെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഉറ്റവരുടെ മൃതദേഹങ്ങള്‍ തേടി എത്തുന്നവരുടെ നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയാണ് ബലോസറിലെ നോസിയിലെ കണ്‍വന്‍ഷന്‍ സെന്റര്‍ സാക്ഷിയാകുന്നത്. പരമിതമായ സൗകര്യങ്ങളില്‍ മൃതദേഹങ്ങള്‍ താത്കാലികമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇവിടെ പല മൃതദേഹങ്ങളും അഴുകിയിട്ടുണ്ട്. 200 ലധികം മൃതദേഹങ്ങള്‍ പല ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
അതേസമയം അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ളവരെ സഹായിക്കാന്‍ നിരവധി സംഘടനകളാണ് ബാലോസറിലെ ആശുപത്രികളില്‍ എത്തുന്നത്. കാണാതായവരെ കണ്ടെത്താന്‍ ബന്ധുക്കളെ സഹായിക്കാനും സംഘടനകള്‍ രംഗത്ത് ഉണ്ട്.
തീവണ്ടി ദുരന്തത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ഒഡിഷ സര്‍കാര്‍ പ്രസിദ്ധീകരിച്ചു. www(dot)srcodisha(dot)nic(dot)in, www(dot)bmc(dot)gov(dot)in, www(dot)osdma(dot)org എന്നീ വെബ്‌സൈറ്റുകളില്‍ വിവരം ലഭ്യമാണ്. മരിച്ചവരുടെ ചിത്രങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുള്ളവര്‍ കന്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ ചിത്രങ്ങളും വെബ്‌സൈറ്റില്‍ പങ്കുവച്ചിട്ടുണ്ട്. തിരിച്ചറിയല്‍ ആവശ്യത്തിന് വേണ്ടി മാത്രമാണിതെന്നും മറ്റെവിടെയും പ്രസിദ്ധീകരിക്കരുതെന്നും സര്‍കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പിക്കപ്പെട്ടു. ട്രെയിന്‍ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് സുപ്രീം കോടതി അഭിഭാഷകനായ വിശാല്‍ തിവാരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പിക്കാനുള്ള നടപടിക്ക് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
Keywords: News, National, National-News, Balasore, Train, Accident, Injured, Passengers, Kolkata, Tragic, Road Accident, Medinipur District, Accident-News, Balasore train accident: Injured passengers travelling to Kolkata meet with tragic road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.