Delhi High Court | മദ്യനയക്കേസില്‍ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന് കനത്ത തിരിച്ചടി; ജാമ്യം നല്‍കിയ റൗസ് അവന്യൂ കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഹൈകോടതി


ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലാണ് നടപടി
വിചാരണ കോടതി ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി
ന്യൂഡെല്‍ഹി: (KVARTHA) മദ്യനയക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന് കനത്ത തിരിച്ചടി നല്‍കി ജാമ്യം നല്‍കിയ റൗസ് അവന്യൂ കോടതി ഉത്തരവ് സ്റ്റേ ചെയ്ത് ഡെല്‍ഹി ഹൈകോടതി. ജസ്റ്റിസ് സുധീര്‍ കുമാര്‍ ജെയിന്‍ അധ്യക്ഷനായ ഡെല്‍ഹി ഹൈകോടതിയുടെ അവധിക്കാല ബെഞ്ചാണ് വിധി പറഞ്ഞത്. ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ അപേക്ഷയിലാണ് ഡെല്‍ഹി ഹൈകോടതിയുടെ നടപടി.
ഉത്തരവിലെ ചില നിരീക്ഷണങ്ങള്‍ ശരിയല്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. ജൂണ്‍ 20ന് നല്‍കിയ ഹര്‍ജിയിലാണ് ഹൈകോടതി വിധി പറഞ്ഞത്. ജൂണ്‍ 21ന് ആദ്യം കേസ് പരിഗണിച്ച ഹൈകോടതി, മുഴുവന്‍ രേഖകളും പഠിക്കാനുണ്ടെന്ന് അറിയിച്ച് വിധി പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു.
കേസില്‍ തങ്ങളുടെ പക്ഷം വാദിക്കാന്‍ ആവശ്യമായ സമയം വിചാരണ കോടതി നല്‍കിയില്ലെന്ന ഇഡിയുടെ വാദവും ഹൈകോടതി അംഗീകരിച്ചു. ജൂണ്‍ 20നാണ് റൗസ് അവന്യൂ കോടതി കേജ് രിവാളിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം ഇഡി നല്‍കിയ അപേക്ഷയില്‍ ജാമ്യത്തിന് സ്റ്റേ നല്‍കി കൊണ്ട് ഹൈകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് ഇഡിയുടെയും കേജ് രിവാളിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ് ഹൈകോടതി അന്തിമ വിധി പ്രസ്താവിച്ചിരിക്കുന്നത്.
കേസില്‍ വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈകോടതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തതിനെതിരെ കേജ് രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇപ്പോഴത്തെ ഉത്തരവ് വരുന്നതുവരെ ജയിലില്‍ തുടരാനാണ് കേജ് രിവാളിനോട് തിങ്കളാഴ്ച സുപ്രീംകോടതി ആവശ്യപ്പെട്ടത്. കേജ് രിവാളിന്റെ ഹര്‍ജി ബുധനാഴ്ച വീണ്ടും സുപ്രീംകോടതി പരിഗണിക്കും. അതേസമയം വിചാരണകോടതി അനുവദിച്ച ജാമ്യം ഇടക്കാല ഉത്തരവിലൂടെ ഹൈകോടതി സ്റ്റേ ചെയ്തത് അസാധാരണരീതിയിലാണെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം വാക്കാല്‍ ചൂണ്ടിക്കാട്ടിയിരുന്നു.