Arvind Kejriwal | വോടെണ്ണല്‍ കഴിയുമ്പോള്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍കാര്‍ ഉണ്ടാകില്ലെന്ന് അരവിന്ദ് കേജ് രിവാള്‍; ജാമ്യ കാലാവധി കഴിഞ്ഞ് തിഹാര്‍ ജയിലില്‍ തിരിച്ചെത്തി
പ്രചാരണം നടത്തിയത് എഎപിക്ക് വേണ്ടിയല്ലെന്നും രാജ്യരക്ഷയ്ക്ക് വേണ്ടിയാണെന്നും കേജ് രിവാള്‍
ആം ആദ് മി പാര്‍ടിക്ക് വേണ്ടി മാത്രമല്ല, മറ്റ് പാര്‍ടികള്‍ക്കുവേണ്ടിയും പ്രചാരണം നടത്തി
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ ജാമ്യം അനുവദിച്ച സുപ്രീംകോടതിക്ക് അദ്ദേഹം നന്ദി പറഞ്ഞു
ന്യൂഡെല്‍ഹി: (KVARTHA) വോടെണ്ണല്‍ കഴിയുമ്പോള്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍കാര്‍ ഉണ്ടാകില്ലെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍. എക്‌സിറ്റ് പോളുകള്‍ കള്ളമാണെന്ന് പറഞ്ഞ കേജ് രിവാള്‍ താന്‍ പ്രചാരണം നടത്തിയത് എഎപിക്ക് വേണ്ടിയല്ലെന്നും രാജ്യരക്ഷയ്ക്ക് വേണ്ടിയാണെന്നും വ്യക്തമാക്കി. തിഹാര്‍ ജയിലിലേക്ക് മടങ്ങുന്നതിന് മുന്‍പായി പാര്‍ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നുമണിയോടെ വീട്ടില്‍നിന്ന് ഇറങ്ങിയ കേജ് രിവാള്‍ രാജ് ഘട്ടിലെ ഗാന്ധി സ്മാരകവും കൊണാട്ട് പ്ലേസിലെ ഹനുമാന്‍ക്ഷേത്രവും സന്ദര്‍ശിച്ച ശേഷമാണ് തിഹാര്‍ ജയിലിലേക്ക് പുറപ്പെട്ടത്. അതിന് മുമ്പ് അദ്ദേഹം പാര്‍ടി ഓഫീസില്‍ എത്തി പ്രവര്‍ത്തകരേയും നേതാക്കളേയും കണ്ടു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 21 ദിവസത്തെ ജാമ്യം അനുവദിച്ച സുപ്രീംകോടതിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഈ 21 ദിവസം ഒരു മിനുറ്റുപോലും ഞാന്‍ പാഴാക്കിയില്ല. ആം ആദ് മി പാര്‍ടിക്ക് വേണ്ടി മാത്രമല്ല, മറ്റു പാര്‍ടികള്‍ക്കുവേണ്ടിയും പ്രചാരണം നടത്തി.
മുംബൈ, ഹരിയാന, യു പി, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലും പ്രചാരണം നടത്തി. പാര്‍ടിയല്ല, രാജ്യമാണ് വലുത്. ഏകാധിപത്യത്തിനെതിരെ ശബ്ദം ഉയര്‍ത്തിയതുകൊണ്ടാണ് തനിക്ക് വീണ്ടും ജയിലിലേക്ക് പോകേണ്ടി വരുന്നത്. തനിക്കെതിരെ ഒരു തെളിവുമില്ലെന്ന് പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നില്‍ അംഗീകരിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളുകള്‍ വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു.
അധികാരം ഏകാധിപത്യത്തിലേക്കെത്തുമ്പോള്‍ ജയില്‍വാസം കടമയാകുമെന്ന് ഭഗത് സിങ് പറഞ്ഞിട്ടുണ്ട്. ഭഗത് സിങ് തൂക്കിലേറിയത് രാജ്യത്തെ സ്വതന്ത്രമാക്കുന്നതിന് വേണ്ടിയാണ്. ഇത്തവണ ജയിലിലേക്ക് പോകുമ്പോള്‍ എന്ന് തിരിച്ചുവരുമെന്ന് എനിക്കറിയില്ല. ഭഗത് സിങ്ങിനെ തൂക്കിലേറ്റി, ഞാനും അതിന് തയാറാണ് എന്നും കേജ് രിവാള്‍ പറഞ്ഞു.
21 ദിവസത്തെ ഇടക്കാല ജാമ്യം അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കേജ് രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങിയത്. വാഹന റാലി നയിച്ചാണ് അദ്ദേഹം ജയിലിലേക്ക് പോയത്. നേരത്തെ രാജ് ഘട്ടില്‍ സന്ദര്‍ശനം നടത്തിയ കേജ് രിവാള്‍ അവിടെ പുഷ്പാര്‍ചന നടത്തിയിരുന്നു. കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രവും സന്ദര്‍ശിച്ചു.
ഭാര്യ സുനിതാ കേജ് രിവാള്‍, ഡെല്‍ഹി മന്ത്രിമാരായ അതിഷി, കൈലാഷ് ഗെഹ് ലോത്ത്, സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപിമാരായ സഞ്ജയ് സിങ്, സന്ദീപ് പഥക്, നേതാക്കളായ ദുര്‍ഗേഷ് പഥക്, രാഖി ബിര്‍ല, റീന ഗുപ്ത എന്നിവരും കേജ് രിവാളിനൊപ്പം ഉണ്ടായിരുന്നു. രാജ് ഘട്ടിന് പുറത്ത് കേജ് രിവാളിനെതിരെ പ്രതിഷേധിച്ച ബിജെപി നേതാക്കളേയും പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റുചെയ്തു നീക്കി.
കരിങ്കൊടിയുമായി വനിതാ പ്രവര്‍ത്തകരടക്കം കേജ് രിവാളിനെതിരെ പ്രതിഷേധിച്ചു. കുടിവെള്ള ക്ഷാമത്താല്‍ ഡെല്‍ഹിയിലെ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ കേജ് രിവാള്‍ നാടകം കളിക്കുകയാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഡെല്‍ഹി ബിജെപി പ്രസിഡന്റ് വിരേന്ദ്ര സച് ദേവ പറഞ്ഞു.
മദ്യനയക്കേസില്‍ മാര്‍ച് 21 ന് ഇഡി അറസ്റ്റുചെയ്ത കേജ് രിവാളിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മേയ് പത്തിന് അനുവദിച്ച ജാമ്യകാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഞായറാഴ്ച തിഹാറിലേക്ക് മടങ്ങാനായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ജാമ്യം നീട്ടി നല്‍കണമെന്ന് കേജ് രിവാള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചിരുന്നില്ല.
ഡെല്‍ഹി മദ്യനയക്കേസില്‍ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കേജ് രിവാള്‍ തിഹാര്‍ ജയിലില്‍ തിരിച്ചെത്തി. വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരാക്കിയ കേജ് രിവാളിനെ, ഡെല്‍ഹി റോസ് അവന്യു കോടതി ജൂണ്‍ അഞ്ചുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.