Arjun Tendulkar | 'നെറ്റ്‌സില്‍ പോലും പന്തെറിയാനാവുന്നില്ല'; നായയുടെ കടിയേറ്റെന്ന് വെളിപ്പെടുത്തി അര്‍ജുന്‍ ടെന്‍ഡുല്‍കര്‍

 


മുംബൈ: (www.kvartha.com) ലക്‌നൗവിനെതിരായ പോരാട്ടത്തിന് മുമ്പ് നായയുടെ കടിയേറ്റുവെന്ന് മുംബൈ ഇന്‍ഡ്യന്‍സ് താരം അര്‍ജുന്‍ ടെന്‍ഡുല്‍കര്‍. വലങ്കയ്യിനാണ് കടിയേറ്റത്. ലക്നൗ സൂപര്‍ ജയന്റ്സ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയിലാണ് അര്‍ജുന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ലക്‌നൗ താരങ്ങളും സുഹൃത്തുക്കളുമായ മുഹ്‌സിന്‍ ഖാനും യുദ്ധവീര്‍ സിംഗ് ചരകും അര്‍ജുന് അടുത്തെത്തി പതിവ് സുഖാന്വേഷണം നടത്തിയപ്പോഴാണ് തന്നെ ഒരു നായ കടിച്ചുവെന്ന് അര്‍ജുന്‍ പറഞ്ഞത്. മെയ് 13നാണ് തന്നെ നായ കടിച്ചതെന്നും അതിനാല്‍ നെറ്റ്‌സില്‍ പോലും പന്തെറിയാനാവുന്നില്ലെന്നും അര്‍ജുന്‍ പറഞ്ഞു.

എന്തൊക്കെയാണ് സ്ഥിതി എന്ന യുധ്വീറിന്റെ ചോദ്യത്തിന്, ഒരു ദിവസംമുന്‍പ് നായയുടെ കടിയേറ്റെന്നായിരുന്നു അര്‍ജുനിന്റെ പ്രതികരണം. പരുക്കേറ്റ കയ്യും താരം കാണിച്ചുകൊടുത്തു. ലക്നൗ പേസര്‍ മുഹ്സിന്‍ ഖാനും വീഡിയോയില്‍ താരത്തെ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് അര്‍ജുന് നേരെ നായയുടെ ആക്രമണമുണ്ടായത്. താരത്തിന് സാരമായ പരുക്കില്ലെന്നാണ് സൂചന. സംഭവത്തെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സീസണില്‍ മുംബൈക്കായി നാലു മത്സരങ്ങളില്‍ മാത്രമാണ് അര്‍ജുന്‍ ഇതുവരെ കളിച്ചത്.

ഇടം കയ്യന്‍ പേസറായ അര്‍ജുന്‍ ഈ സീസണിലാണ് മുംബൈ കുപ്പായത്തില്‍ അരങ്ങേറിയത്. 2021 മുതല്‍ മുംബൈ ടീം അംഗമാണെങ്കിലും അര്‍ജുന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല. ഈ സീസണില്‍ നാലു മത്സരങ്ങളില്‍ നിന്നായി മൂന്ന് വികറ്റുകള്‍ വീഴ്ത്തിയെങ്കിലും 9.35 എന്ന മോശം ഇകോണമി അര്‍ജുന് തിരിച്ചടിയായി. 

പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയതോടെ അര്‍ജുനെതിരെ ട്രോളുകളുമായി ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അടുത്ത മത്സരത്തിലും മുംബൈ അര്‍ജുന് അവസരം നല്‍കിയെങ്കിലും പിന്നീട് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താവുകയായിരുന്നു. ബൗളിംഗ് ആക്ഷനില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ അര്‍ജുന് പന്തുകള്‍ക്ക് വേഗം കൂട്ടാനാവില്ലെന്ന് നിരവധി വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.


Arjun Tendulkar | 'നെറ്റ്‌സില്‍ പോലും പന്തെറിയാനാവുന്നില്ല'; നായയുടെ കടിയേറ്റെന്ന് വെളിപ്പെടുത്തി അര്‍ജുന്‍ ടെന്‍ഡുല്‍കര്‍

 

Keywords:  News, National-News, National, Mumbai, Cricketer, Sports, Player, Sachin Tendulkar, Arjun Tendulkar, Video, Twitter, Social Media, Mumbai-News, Arjun Tendulkar attacked by stray dog.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia