Missing | അര്‍ജുൻ ഇപ്പോഴും കാണാമറയത്ത് തന്നെ; മണ്ണിനടിയില്‍ 3 പേരെന്ന് സംശയം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; സൈന്യത്തെ ഇറക്കണമെന്ന് കുടുംബം


നനഞ്ഞ മണ്ണും ഉറവകളും തിരച്ചിലിന് വലിയ വെല്ലുവിളി ഉയർത്തുന്നു. റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്
ഷിരൂർ: (KVARTHA) കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയവരെ തിരഞ്ഞ് രക്ഷാപ്രവർത്തനം തുടരുന്നു. മലയാളി ഡ്രൈവർ അര്‍ജുനടക്കം മൂന്ന് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് കരുതുന്നത്. അതേസമയം രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടണമെന്നും അർജുനെ കണ്ടെത്താൻ സൈന്യത്തെ ഇറക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം പ്രധാനമന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ചു.
രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി ഷിരൂരിലെത്തിയിട്ടുണ്ട്. നിലവിൽ സൈന്യത്തിന്റെ സഹായം ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ സഹായം നൽകുമെന്നും എൻഡിആർഎഫ് അവരുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഉറപ്പുനൽകി.
കാണാതായി അഞ്ചാം ദിവസത്തിലേക്ക് കടന്നിട്ടും അർജുൻ അടക്കമുള്ളവരെ കുറിച്ച് ഇതുവരെ യാതൊരു വിവരവുമില്ല. നനഞ്ഞ മണ്ണും ഉറവകളും തിരച്ചിലിന് വലിയ വെല്ലുവിളി ഉയർത്തുന്നു. റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് മണ്ണ് നീക്കം ചെയ്തുള്ള പരിശോധനയിലാണ്. എഴുപതിലധികം പേര്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.
സിഗ്നൽ ലഭിച്ച മൂന്ന് സ്ഥലങ്ങളിൽ റഡാർ ഉപയോഗിച്ച് എൻ.ഐ.ടി. സംഘം പരിശോധന നടത്തിയിരുന്നു. എന്നാൽ നനഞ്ഞ മണ്ണായതിനാൽ സിഗ്നൽ കൃത്യമല്ല. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നുണ്ട്. ലോറിയെക്കുറിച്ച് ഇതുവരെ കൃത്യമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായ സാഹചര്യത്തിലാണ് നടക്കുന്നത്. കാലാവസ്ഥയും മണ്ണിടിച്ചിലിന്റെ സാധ്യതയും രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളി ഉയർത്തുന്നു. അർജുൻ ഉൾപ്പെടെയുള്ളവരെ സുരക്ഷിതമായി രക്ഷിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കളും മലയാളികളും.