മിസൈൽ മാനിൽ നിന്ന് ജനങ്ങളുടെ രാഷ്ട്രപതിയിലേക്ക്: എപിജെ അബ്ദുൾ കലാം ഓർമ്മദിനം

 
Dr. APJ Abdul Kalam, former President of India.
Dr. APJ Abdul Kalam, former President of India.

Photo Credit: Facebook/ Dr. APJ Kalam

● 'ജനങ്ങളുടെ രാഷ്ട്രപതി' എന്ന പേരിൽ പ്രശസ്തനായി.
● 'ഇന്ത്യ 2020' എന്ന പുസ്തകത്തിൽ വികസിത രാഷ്ട്ര സ്വപ്നം.
● വിദ്യാർത്ഥികളുമായി സംവദിക്കാൻ ഏറെ ഇഷ്ടപ്പെട്ടു.
● അഴിമതി രഹിത ഇന്ത്യക്കായി യുവജനങ്ങളെ ബോധവൽക്കരിച്ചു.

ഭാമനാവത്ത്

(KVARTHA) രാജ്യത്തെ പ്രചോദിപ്പിക്കുകയും ശാസ്ത്രരംഗത്തെ കുതിപ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്ത അസാമാന്യനായ ശാസ്ത്രജ്ഞനായിരുന്നു ഡോക്ടർ എ.പി.ജെ. അബ്ദുൾ കലാം. സാധാരണക്കാർക്കിടയിൽ ഇത്രയധികം ജനപ്രിയനായ ഒരു ശാസ്ത്രജ്ഞനെ കലാമിന് മുൻപും പിൻപും രാജ്യം കണ്ടിട്ടില്ല.

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു (2002-2007) അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൾ കലാം (1931 ഒക്ടോബർ 15 – 2015 ജൂലൈ 27). പ്രശസ്തനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ദ്ധനും എഞ്ചിനീയറുമായിരുന്നു ഇദ്ദേഹം. 

തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ജനിച്ച ഇദ്ദേഹം ബഹിരാകാശ എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശ ഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെയും ബാലിസ്റ്റിക് മിസൈലിന്റെയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾ കലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. 

മിസൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിന് പിന്നിൽ സാങ്കേതികമായും ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

2002-ൽ അന്നത്തെ ഭരണകക്ഷിയായിരുന്ന ഭാരതീയ ജനതാപാർട്ടിയുടെയും പ്രധാന പ്രതിപക്ഷകക്ഷിയായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും പിന്തുണയോടെ ഇദ്ദേഹം രാഷ്ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ജനകീയ നയങ്ങളാൽ, ‘ജനങ്ങളുടെ രാഷ്ട്രപതി’ എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-ന് സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുടെ വൈസ് ചാൻസലറുമായിരുന്നു.

2020-ൽ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും 'ഇന്ത്യ 2020' എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അദ്ദേഹം ഒരു സാങ്കേതികവിദ്യാ വിദഗ്ദ്ധൻ മാത്രമായിരുന്നില്ല, രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു. 

വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്നവയാണ്. apj@abdulkalam(dot)com എന്ന തന്റെ ഇ-മെയിലിൽ എല്ലായ്പ്പോഴും സജീവമായിരുന്നുകൊണ്ട് അദ്ദേഹം ആളുകളുമായി, വിശേഷിച്ച് വിദ്യാർത്ഥികളുമായി, നിരന്തരം സംവദിച്ചുകൊണ്ടിരുന്നു. 

അഴിമതി രഹിത ഇന്ത്യ സൃഷ്ടിക്കുവാനായി യുവജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള ഒരു ദൗത്യവും അദ്ദേഹം ഏറ്റെടുത്ത് നടത്തുന്നുണ്ടായിരുന്നു. 2015 ജൂലൈ 27-ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. 

ഉടൻ അടുത്തുള്ള ബെഥാനി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോകം കണ്ട ധിഷണാശാലികളായ ശാസ്ത്രജ്ഞന്റെയും ഭരണാധികാരിയുടെയും വിയോഗം ഇന്ത്യ രാജ്യത്തിന് കനത്ത നഷ്ടമാണെങ്കിലും, ഭാവിയിലുള്ള കുതിപ്പിന് വഴിവിളക്കായി അബ്ദുൾ കലാം പ്രകാശിക്കുന്നുണ്ട്.

 

ഇന്ത്യയുടെ മിസൈൽ മാൻ, ജനങ്ങളുടെ രാഷ്ട്രപതി - അബ്ദുൾ കലാമിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 


Article Summary: APJ Abdul Kalam's remembrance day, recalling his journey as scientist and President.


#APJAbdulKalam #MissileMan #PeoplesPresident #India #RemembranceDay #IndianScientist

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia