Criticized | വയനാട്ടില്‍ ഇനിയെന്ത് എന്ന് കോണ്‍ഗ്രസ് പറയണം; രാഹുല്‍ ഗാന്ധി മണ്ഡലം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് ജനങ്ങളോടുള്ള അനീതിയെന്നും ആനി രാജ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വയനാട് മണ്ഡലത്തില്‍ ആനിയെ 3,64,422 വോടുകള്‍ക്കാണ് രാഹുല്‍ പരാജയപ്പെടുത്തിയത്
രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുവെന്ന കാര്യം തുടക്കത്തില്‍ തന്നെ പറയണമായിരുന്നുവെന്നും ആവശ്യം
കോഴിക്കോട്: (KVARTHA) റായ് ബറേലി മണ്ഡലത്തെ നിലനിര്‍ത്തി വയനാടിനെ ഉപേക്ഷിക്കാനുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി ഐ നേതാവും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന ആനി രാജ. വയനാട് മണ്ഡലത്തില്‍ ആനിയെ 3,64,422 വോടുകള്‍ക്കാണ് രാഹുല്‍ പരാജയപ്പെടുത്തിയത്.

വയനാട്ടില്‍ ഇനിയെന്ത് എന്ന് കോണ്‍ഗ്രസ് പറയണമെന്നും ആനി രാജ ആവശ്യപ്പെട്ടു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുവെന്ന കാര്യം തുടക്കത്തില്‍ തന്നെ മണ്ഡലത്തിലുള്ളവരോട് പറയണമായിരുന്നു. മണ്ഡലത്തിലെ ജനങ്ങളോടുള്ള അനീതി ആണിതെന്നും ആനിരാജ ആരോപിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അവര്‍.
രാഷ്ട്രീയ ധാര്‍മികതയ്ക്ക് ചേരാത്ത പ്രവൃത്തിയാണിതെന്നും ആനി രാജ വിമര്‍ശിച്ചു. ഇന്ന് നിലവിലുള്ള ജനാധിപത്യ വ്യവസ്ഥയില്‍, രണ്ട് മണ്ഡലത്തില്‍ മത്സരിക്കാം എന്നുണ്ട്. ഇത് വേണോ വേണ്ടയോ എന്നതൊക്കെ ചര്‍ച ചെയ്യേണ്ട കാര്യമാണെന്നും അവര്‍ പറഞ്ഞു. വയനാട്ടില്‍ തിരഞ്ഞെടുപ്പ് അവലോകനം നടക്കുന്നതേ ഉള്ളൂ. ഉപതിരഞ്ഞെടുപ്പ് ചര്‍ചയായില്ല. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പാര്‍ടിയും മുന്നണിയും ചേര്‍ന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും ആനി രാജ അറിയിച്ചു.
ലോക് സഭ തിരഞ്ഞെടുപ്പില്‍ വയനാട്, റായ് ബറേലി ലോക് സഭാ മണ്ഡലങ്ങളില്‍നിന്ന് വിജയിച്ച രാഹുല്‍ ഗാന്ധി ഒടുവില്‍ റായ്ബറേലി മണ്ഡലം നിലനിര്‍ത്താന്‍ തീരുമാനമെടുത്തതായുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. അതിനോട് പ്രതികരിക്കുകയായിരുന്നു ആനിരാജ.
വയനാട് മൂന്ന് ലക്ഷത്തിലധികം വോടും റായ് ബറേലിയില്‍ നാല് ലക്ഷത്തില്‍ അധികം വോടുകളും നേടിയാണ് രാഹുലിന്റെ മുന്നേറ്റം. ഒടുവില്‍ റായ് ബറേലി തിരഞ്ഞെടുക്കാന്‍ രാഹുല്‍ തീരുമാനിക്കുകയായിരുന്നു. തീരുമാനം വൈകാതെ കേരള നേതൃത്വത്തെ അദ്ദേഹം അറിയിക്കും.
വിഷയത്തില്‍ ഔദ്യോഗികമായി തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇത്തരത്തില്‍ ഒരു തീരുമാനവും വന്നിട്ടില്ല. എന്നാല്‍ റായ്ബറേലി നിലനിര്‍ത്താനും വയനാട് വിടാനുമുള്ള തീരുമാനം രാഹുല്‍ ഗാന്ധി തന്നെ കൈക്കൊണ്ടിരുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം രാഹുല്‍, ഇക്കാര്യം കെപിസിസി നേതൃത്വത്തെ അറിയിക്കും. അതിനുശേഷം രാഹുല്‍ വയനാട്ടിലെത്തി ജനങ്ങളെ നന്ദി അറിയിക്കും. ഈ സമയത്തായിരിക്കും വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് റായ്ബറേലി. ഗാന്ധി കുടുംബത്തിലെ പ്രധാന നേതാക്കള്‍ ഇവിടെ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഉത്തര്‍പ്രദേശ് ഇക്കുറി വലിയ വിജയമാണ് ഇന്‍ഡ്യ സഖ്യത്തിന് സമ്മാനിച്ചത്. അതുകൊണ്ടു തന്നെ റായ് ബറേലി സീറ്റ് വിടുന്നത് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കാനും ഇടയുണ്ട്.
അതിനാല്‍ റായ് ബറേലി മണ്ഡലം നിലനിര്‍ത്തുക, യുപിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, വയനാട്ടില്‍ കേരളത്തില്‍നിന്ന് തന്നെയുള്ള ഒരാളെ മത്സരിപ്പിക്കുക എന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസ് ആവിഷ്‌കരിച്ചിട്ടുള്ളത് എന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. പ്രിയങ്കയെ മത്സരിപ്പിക്കാന്‍ നേതാക്കള്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും അവര്‍ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. അങ്ങനെയെങ്കില്‍ കെ മുരളീധരന്‍ ആയിരിക്കും വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്നാണ് ലഭ്യമായ വിവരം.
തൃശൂരില്‍ നിന്നും മത്സരിച്ച കെ മുരളീധരന്‍ അവിടെ മൂന്നാമതായിരുന്നു. ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയാണ് അവിടെ വിജയിച്ചത്. ഇതോടെ താന്‍ പൊതുരംഗത്തുനിന്നും വിട്ടുനില്‍ക്കുമെന്ന പ്രഖ്യാപനം മുരളീധരന്‍ നടത്തിയിരുന്നു. പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു.