Controversy | കര്‍ണാടകയില്‍ ക്ഷേത്രങ്ങളിലെ വഴിപാടുകള്‍ക്ക് നന്ദിനി ബ്രാന്‍ഡ് നെയ്യ് നിര്‍ബന്ധമാക്കി
● പ്രതിസന്ധിയിലായിരിക്കുന്നത് പ്രതിപക്ഷ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി
● ദൈവത്തിന്റെ പേരില്‍ ചന്ദ്രബാബു നായിഡു വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് മുന്‍ മുഖ്യന്‍
ബംഗളൂരു: (KVARTHA) ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ നെയ്യില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുവെന്ന ആരോപണം വിവാദമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ക്ഷേത്രഭരണ സമിതിയുടെ കീഴിലുള്ള 34,000 ക്ഷേത്രങ്ങളിലും വഴിപാടുകള്‍ക്ക് നന്ദിനി ബ്രാന്‍ഡ് നെയ്യ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിറക്കി. വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഉത്തവിറക്കിയത്.
കര്‍ണാടക സര്‍ക്കാരിന്റെ പുതിയ നിര്‍ദേശപ്രകാരം എല്ലാ ക്ഷേത്രങ്ങളിലും വിളക്ക് തെളിയിക്കല്‍, പ്രസാദം തയ്യാറാക്കല്‍, ദാസോഹ ഭവനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ക്ഷേത്രാചാരങ്ങള്‍ക്ക് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (KMF) നിര്‍മ്മിക്കുന്ന നന്ദിനി നെയ്യ് മാത്രമേ ഉപയോഗിക്കാവൂ. ഭക്തര്‍ക്ക് ഭക്ഷണം വിളമ്പുമ്പോള്‍ പ്രസാദത്തിന്റെ ഗുണമേന്മയില്‍ ഒരിക്കലും വിട്ടുവീഴ്ചയില്ലെന്ന് ക്ഷേത്ര ജീവനക്കാര്‍ ഉറപ്പാക്കണമെന്നും സര്‍ക്കാരിന്റെ ഔദ്യോഗിക സര്‍ക്കുലര്‍ ഊന്നിപ്പറയുന്നു.
'ക്ഷേത്രങ്ങളില്‍ പ്രസാദമൊരുക്കുമ്പോള്‍ കര്‍ണ്ണാടക സംസ്ഥാനത്തെ മതകാര്യ എന്‍ഡോവ് മെന്റ് വകുപ്പിന് കീഴിലുള്ള വിജ്ഞാപനം ചെയ്യപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും, സേവനങ്ങള്‍ക്കും വിളക്കുകള്‍ക്കും എല്ലാത്തരം പ്രസാദങ്ങള്‍ തയ്യാറാക്കുന്നതിനും ദാസോഹ ഭവനിലും നന്ദിനി നെയ്യ് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുണനിലവാരം നിലനിര്‍ത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്'- എന്നും സര്‍ക്കുലറില്‍ പറയുന്നു.
തിരുമല തിരുപ്പതി ദേവസ്ഥാനം (TTD) നിയന്ത്രിക്കുന്ന തിരുപ്പതിയിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ലഡ്ഡു തയ്യാറാക്കുന്നതില്‍ നെയ്യില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണം സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്ക ഉന്നയിച്ചതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പരിശോധനയ്ക്ക് അയച്ച ഇതിന്റെ സാമ്പിളുകളില്‍ പന്നിക്കൊഴുപ്പും മറ്റ് മൃഗങ്ങളുടെ കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ദിവസേന മൂന്നു ലക്ഷം ലഡ്ഡുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന തിരുപ്പതി ക്ഷേത്ര അടുക്കളയ്ക്ക് 15,000 കിലോഗ്രാം നെയ്യ്, കശുവണ്ടി, ഉണക്കമുന്തിരി, ഏലയ്ക്ക, ചെറുപയര്‍, പഞ്ചസാര എന്നിവയുള്‍പ്പെടെ വലിയ അളവിലുള്ള ചേരുവകള്‍ ആവശ്യമാണ്. ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്ന നെയ്യിന്റെ ഭൂരിഭാഗവും തമിഴ് നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയില്‍ നിന്നാണ് എത്തിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
പ്രതിപക്ഷ നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. കാരണം അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുപ്പതി ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്ന നെയ്യ് ഗുണനിലവാരമില്ലാത്തതായിരുന്നുവെന്നും പരമ്പരാഗത നെയ്ക്ക് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചതെന്നുമായിരുന്നു ചന്ദ്ര ബാബു നായിഡുവിന്റെ ആരോപണം.
അതേസമയം തന്റെ സര്‍ക്കാരിന്റെ കാലത്താണ് തിരുപ്പതി ലഡ്ഡുവിന്റെ നിലവാരം കുറഞ്ഞതെന്ന ആരോപണങ്ങളെ മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി തള്ളി. യാതൊരു നിയമലംഘനങ്ങളും തന്റെ കാലത്ത് നടന്നിട്ടില്ല. ഈ വിവാദം അനാവശ്യമാണെന്നും ജഗന്‍ പറഞ്ഞു.
ദൈവത്തിന്റെ പേരില്‍ ചന്ദ്രബാബു നായിഡു വൃത്തിക്കെട്ട രാഷ്ട്രീയം കളിക്കുകയാണ്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള കമ്പനികളുടെ നെയ്യാണ് ലഡ്ഡു ഉണ്ടാക്കാനായി വാങ്ങുന്നത്. നെയ്യ് വാങ്ങുന്നത് തീര്‍ത്തും സുതാര്യമായ നടപടിയാണ്. ലാബ് ടെസ്റ്റുകള്‍ക്ക് പുറമേ തിരുമല തിരുപ്പതി ദേവസ്ഥാനവും നെയ്യിന്റെ നിലവാരം മൂന്ന് തവണ പരിശോധിക്കാറുണ്ട്.
ഇതേ നടപടികള്‍ വര്‍ഷങ്ങളായി പിന്തുടരുന്നതാണെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും ഈ വിഷയത്തില്‍ കത്തെഴുതുമെന്നും ജഗന്‍ വ്യക്തമാക്കി. ചന്ദ്രബാബു നായിഡു വിഷയത്തെ വളച്ചൊടിക്കുകയാണ് ചെയ്തത്. അക്കാര്യം കത്തില്‍ വിശദമാക്കുമെന്നും ജഗന്‍ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനായി നായിഡു ദൈവത്തെ ഉപയോഗിക്കുകയാണ്. വെങ്കടേശ്വര സ്വാമിയെ അദ്ദേഹം അപമാനിക്കുകയാണ്. ആന്ധ്രപ്രദേശിലെ 100 ദിവസത്തെ ഭരണത്തില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള വിഷയമാണ് ചന്ദ്രബാബു നായിഡുവിന് ഈ വിവാദം. നൂറ് ദിവസത്തെ നായിഡുവിന്റെ ഭരണത്തില്‍ ജനങ്ങള്‍ രോഷാകുലരാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എവിടെ പോയെന്നാണ് അവര്‍ ചോദിക്കുന്നതെന്നും ജഗന്‍ പറഞ്ഞു.
അതിനിടെ ക്ഷേത്രഭക്ഷണത്തില്‍ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നത് മതസ്വാതന്ത്ര്യത്തിനും ആചാരാനുഷ്ഠാനത്തിനും ഉള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 25-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും 'കുറ്റവാളിയെ ശിക്ഷിക്കണം' എന്ന് കര്‍ശനമായി നിര്‍ദേശിക്കുകയും ചെയ്തു.
വിവാദം രൂക്ഷമായതോടെ ക്ഷേത്രത്തിലെ നെയ് വിതരണക്കാരന്‍ ഭക്ഷ്യപരിശോധനാ സൗകര്യങ്ങളുടെ അഭാവം ചൂഷണം ചെയ്തതായി ക്ഷേത്ര അധികാരികള്‍ ആരോപിച്ചു. കൃത്യമായ ഗുണനിലവാര നിയന്ത്രണത്തിന്റെ അഭാവമാണ് ക്ഷേത്രത്തിനെതിരെ ഇത്തരം അഴിമതികള്‍ ഉയരാന്‍ ഇടയാക്കിയതെന്നും അവര്‍ ആരോപിച്ചു. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ക്ഷേത്രത്തിലേക്ക് നെയ് വിതരണം ചെയ്ത തമിഴ് നാട് ആസ്ഥാനമായുള്ള എആര്‍ ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്, തങ്ങളുടെ ഉല്‍പ്പന്നം ഒന്നിലധികം ലാബ് പരിശോധനകള്‍ നടത്തി ഗുണനിലവാരം ഉറപ്പിച്ചതാണെന്നും അധികൃതര്‍ അറിയിച്ചു.
തിരുപ്പതി ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന നെയ്യിന്റെ സാമ്പിളുകളില്‍ മത്സ്യ എണ്ണ, ബീഫ് ടാലോ, പന്നിക്കൊഴുപ്പ് എന്നിവ പോസിറ്റീവ് ആണെന്ന് കാണിക്കുന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ലാബ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വിവാദം കൂടുതല്‍ ചൂടുപിടിച്ചത്.
'തിരുപ്പതി ലഡ്ഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടാണ് ഉണ്ടാക്കിയത്. അവര്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്,' എന്നായിരുന്നു മുന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആരോപണം.
ക്ഷേത്രത്തിലെ എല്ലാ ചേരുവകളുടെയും ഗുണനിലവാരം തന്റെ ഭരണകൂടം ഉയര്‍ത്തിയിട്ടുണ്ടെന്നും ക്ഷേത്രം സമഗ്രമായ ശുചീകരണ പ്രക്രിയയ്ക്ക് വിധേയമാകുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രഭക്ഷണത്തിന് ഉപയോഗിക്കുന്ന നെയ്യും പച്ചക്കറികളും സംഭരിച്ചതുമായി ബന്ധപ്പെട്ട അഴിമതി വിരുദ്ധ അന്വേഷണമാണ് വിവാദത്തിന് കാരണമായതെന്ന് മുഖ്യമന്ത്രിയുടെ മകന്‍ ആന്ധ്രാ ഐടി മന്ത്രി നാരാ ലോകേഷും പറഞ്ഞു.
ടിഡിപി രാഷ്ട്രീയ പകപോക്കലാണ് നടത്തുന്നതെന്ന് ആരോപിച്ച് ഇതിനെതിരെ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ എസ് ആര്‍ സി പി പ്രത്യാക്രമണം ആരംഭിച്ചു. മുന്‍ ടിടിഡി ചെയര്‍പേഴ് സണ്‍ വൈവി സുബ്ബ റെഡ്ഡി ആരോപണങ്ങളെ സങ്കല്‍പ്പിക്കാനാവാത്തതാണെന്ന് വിശേഷിപ്പിച്ചു. അഴിമതി പ്രചാരണത്തിന്റെ ഭാഗമാണ് ഇത്തരമൊരു ആരോപണമെന്ന് മുന്‍ ചെയര്‍പേഴ്സണ്‍ കരുണാകര്‍ റെഡ്ഡിയും ആരോപിച്ചു.
#TirupatiControversy, #TempleGhee, #KarnatakaGovt, #NandiniGhee, #TTDTemple, #ReligiousControversy