മാവോയിസ്റ്റ് സാന്നിധ്യം; അമിത് ഷായുടെ നേതൃത്വത്തില്‍ കേരളമടക്കം 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം
Sep 26, 2021, 10:50 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.09.2021) രാജ്യത്തെ മാവോയിസ്റ്റ് ബാധിത മേഖലകളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റ് സാന്നിധ്യം നിലനില്‍ക്കുന്ന കേരളമടക്കം പത്ത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് കൂടിക്കാഴ്ച. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായിരിക്കും യോഗത്തില്‍ പങ്കെടുക്കുക.
കേരളത്തിന് പുറമെ ഛത്തീസ്ഘട്ട്, മഹാരാഷ്ട്ര, ഒഡീഷ, പശ്ചിമബംഗാള്‍, ബിഹാര്‍, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെയും സാഹചര്യം വിലയിരുത്തും.
മാവോയിസ്റ്റുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ വെല്ലുവിളി വിലയിരുത്തുന്നതിനൊപ്പം സായുധ സേനയുടെ പ്രവൃത്തിയും അവലോകനം ചെയ്യും. നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനവും യോഗത്തിന്റെ അജണ്ടയിലുണ്ട്. ഈ സംസ്ഥാനങ്ങളിലെ സുരക്ഷയും യോഗം വിലയിരുത്തും.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗ്‌മോഹന്‍ റെഡ്ഡി യോഗത്തില്‍ പങ്കെടുക്കില്ല. പകരം ആന്ധ്ര ആഭ്യന്തര മന്ത്രിയാകും യോഗത്തിനെത്തുക. സുരക്ഷ വിലയിരുത്തുന്നതിനൊപ്പം മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളും ആഭ്യന്തര മന്ത്രി വിലയലിരുത്തുമെന്നാണ് സൂചന. നിലവില്‍ 45 ജില്ലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം വ്യാപകമാണെന്നാണ് കേന്ദ്രസര്‍കാരിന്റെ കണ്ടെത്തല്‍.
കോഴിക്കോട് ചക്കിട്ടപാറ പഞ്ചായത്തില്‍ ഒരു മാസത്തിനിടെ രണ്ട് തവണ സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയതായി വിവരമുണ്ട്. എസ്റ്റേറ്റ് മതിലിലും ബസ് സ്‌റ്റോപിലും പോസ്റ്റെറൊട്ടിച്ച സംഘം ലഘുലേഖകള്‍ വിതരണം ചെയ്‌തെന്നും നാട്ടുകാര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.