കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ മുട്ടുമടക്കി അമിത് ഷാ; കര്‍ഷകരുമായി ഫോണില്‍ സംസാരിച്ചുവെന്ന് റിപോര്‍ട്; കൂടിക്കാഴ്ച ഉടന്‍

 



ന്യൂഡെല്‍ഹി: (www.kvartha.com 30.11.2020) കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം അഞ്ചാം ദിവസവും തുടരുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പക്കല്‍നിന്നും അനുനയനീക്കം. കര്‍ഷകരുമായി ഫോണില്‍ സംസാരിച്ചുവെന്നാണ് പുറത്തു വരുന്ന റിപോര്‍ട്. ഡിസംബര്‍ മൂന്നിന് മുന്‍പ് ചര്‍ച്ച നടന്നേക്കുമെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്.

കര്‍ഷകരോട് സിംഗുവില്‍ നിന്നും സമരം ബുറാഡിയിലേക്ക് മാറ്റിയാല്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. എന്നാല്‍ സമരം നടക്കുന്ന സ്ഥലം മാറ്റില്ലെന്നും ഇനി ഉപാധികളോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നുമായിരുന്നു കര്‍ഷകര്‍ നിലപാടെടുത്തത്. ഇതിന് പിന്നാലെയാണ് അമിത് ഷാ കര്‍ഷകരുമായി ഫോണില്‍ സംസാരിച്ചുവെന്ന റിപോര്‍ട് പുറത്തുവരുന്നത്.

കര്‍ഷകരുടെ സമരം അഞ്ച് ദിവസം പിന്നിടുമ്പോള്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരും പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നിട്ടുണ്ട്. ദിനംപ്രതി സമരവേദിയിലെ ആളുകളുടെ എണ്ണം കൂടിവരികയാണ്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന സമരത്തില്‍ മുട്ടുമടക്കി അമിത് ഷാ; കര്‍ഷകരുമായി ഫോണില്‍ സംസാരിച്ചുവെന്ന് റിപോര്‍ട്; കൂടിക്കാഴ്ച ഉടന്‍


രാജ്യ വ്യാപകമായി കര്‍ഷക പ്രതിഷേധം തുടരവെ ആദ്യ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ കാര്‍ഷിക ബില്ല് കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങളുടെ വാതില്‍ തുറന്നു നല്‍കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കീ ബാത്തിലൂടെ പറഞ്ഞത്. എന്നാല്‍ മോദിയുടെ പ്രതികരണത്തിന് പിന്നാലെ കര്‍ഷകര്‍ കൂടുതല്‍ ആവേശത്തോടെ കാര്‍ഷിക നിയമത്തിനെതിരായ മുദ്രാവാക്യം വിളിച്ച് സമരപരിപാടികള്‍ ശക്തമാക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ വംശജരായ പ്രതിനിധികളാണ് സമരത്തെ പിന്തുണച്ചും കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ചും രംഗത്തെത്തിയിരിക്കുന്നത്. പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന ആക്രമണത്തെയും പ്രതിനിധികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ സമാധാനപരമായി പ്രതിഷേധം നടത്താനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും ഭരണഘടന നല്‍കിയിരിക്കുന്ന അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന രാജ്യത്തെ കര്‍ഷകര്‍ക്കെതിരെ പോലീസ് അനാവശ്യമായി അഴിച്ചുവിടുന്ന ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നുമായിരുന്നു ബ്രാംപ്ടണ്‍ വെസ്റ്റ് എം പി കമാല്‍ ഖേര പറഞ്ഞത്. നിരായുധരായ കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പൊലീസ് നടത്തുന്ന അക്രമണം ഭയജനകമാണെന്നും ഖേര പറഞ്ഞു.

Keywords:  News, National, India, New Delhi, Farmers, Protesters, Protest, Minister, Amit Shah Meets Agriculture Minister As Farmers Threaten To Block Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia