Supreme Court | 'ജഡ്ജ് നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്ര സര്‍കാര്‍ നല്‍കുന്നു'; കൊളീജിയത്തില്‍ കടുപ്പിച്ച് സുപ്രീംകോടതി; അറ്റോര്‍ണി ജെനറലിന്റെ മറുപടി ഇങ്ങനെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ജഡ്ജ്  നിയമനത്തിനു പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്ര സര്‍കാര്‍ നല്‍കുന്നുവെന്നും കൊളീജിയം ശുപാര്‍ശ ചെയ്യാത്ത പേരുകളാണ് പട്ടികയിലുള്ളതെന്നുമുള്ള വിമര്‍ശനവുമായി സുപ്രീം കോടതി ജസ്റ്റിസ് എസ് കെ കൗള്‍. 

Supreme Court | 'ജഡ്ജ് നിയമനത്തിന് പരിഗണിക്കേണ്ട പേരുകള്‍ കേന്ദ്ര സര്‍കാര്‍ നല്‍കുന്നു'; കൊളീജിയത്തില്‍ കടുപ്പിച്ച് സുപ്രീംകോടതി; അറ്റോര്‍ണി ജെനറലിന്റെ മറുപടി ഇങ്ങനെ

ഹൈകോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ വിഷയത്തില്‍ കൊളീജിയം ശുപാര്‍ശകളില്‍ കേന്ദ്ര സര്‍കാരിന്റെ തീരുമാനം വൈകുന്നത് ബാഹ്യ ഇടപെടലാണെന്ന പ്രതീതി സൃഷ്ടിക്കുന്നുവെന്നും ജസ്റ്റിസുമാരായ എസ് കെ കൗളും എ എസ് ഒകയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കാലതാമസം വരുമ്പോള്‍ ജഡ്ജ് നിയമനത്തിനായി അവര്‍ നല്‍കിയ സമ്മതം പിന്‍വലിക്കുകയും ചെയ്യുമെന്നും ബെഞ്ച് നിരീക്ഷിച്ചു. ജഡ്ജ്  നിയമനവുമായി ബന്ധപ്പെട്ട് കൊളീജിയം നല്‍കിയ 22 ശുപാര്‍ശകള്‍ കേന്ദ്ര നിയമ മന്ത്രാലയം നവംബറില്‍ മടക്കിയിരുന്നു. ഇതില്‍ ഒമ്പതെണ്ണം കൊളീജിയം രണ്ടാമതും നല്‍കിയ ശുപാര്‍ശകളാണ്.

സര്‍കാര്‍ തുടര്‍ചയായി ശുപാര്‍ശകള്‍ മടക്കുന്നത് ഗൗരവമുള്ള പ്രശ്‌നമാണെന്നും എസ് കെ കൗള്‍ ചൂണ്ടിക്കാട്ടി. മറിച്ച് കേന്ദ്രം നല്‍കിയ പട്ടികയില്‍ ചില പേരുകള്‍ കൊളീജിയം പരിഗണിക്കാത്തവയാണ്. ഈ പേരുകള്‍ കൊളീജിയം പരിഗണിക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ശുപാര്‍ശ മടക്കിയതെന്നും ജസ്റ്റിസ് കൗള്‍ ചൂണ്ടിക്കാട്ടി. ഇങ്ങനെ മടക്കിയ ശുപാര്‍ശകളില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്ന് കൊളീജിയം യോഗം ചേര്‍ന്ന് ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരള ഹൈകോടതി ജഡ്ജ് മാരായി അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ എ സഞ്ജീത എന്നിവരെ നിയമിക്കുന്നതിനുള്ള കൊളീജിയം രണ്ടാമത് നല്‍കിയ ശുപാര്‍ശയും കേന്ദ്ര സര്‍കാര്‍ മടക്കിയിരുന്നു. ജഡ്ജിമാരുടെ സ്ഥലമാറ്റം സംബന്ധിച്ച ശുപാര്‍ശകള്‍ കൊളീജിയം തയാറാക്കുന്നത് വിവിധ ഭരണപരമായ ഘട്ടങ്ങള്‍ ഉള്‍പ്പെടെ കണക്കിലെടുത്താണ്.

സ്ഥലംമാറ്റം സംബന്ധിച്ച കൊളീജിയത്തിന്റെ പത്തോളം ശുപാര്‍ശകള്‍ കേന്ദ്ര സര്‍കാരിന്റെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ സര്‍കാരിന് കാര്യമായ പങ്കില്ല. എന്നാല്‍, തീരുമാനം വൈകുകയാണ്. ഇത് അസ്വീകാര്യമാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

കേരള ഹൈകോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ ഗുവാഹാതി ഹൈകോടതി ചീഫ് ജസ്റ്റിസായി സ്ഥലംമാറ്റുന്നതിനുള്ള കൊളീജിയം ശുപാര്‍ശകളില്‍ ഉള്‍പ്പെടെ തീരുമാനം വൈകുന്ന കാര്യവും ബെഞ്ച് ചൂണ്ടിക്കാട്ടി. ഗുവാഹാതിക്ക് പുറമെ, ഝാര്‍ഖണ്ഡ്, ജമ്മുകശ്മീര്‍, ലഡാക് ഹൈകോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിനുള്ള ശുപാര്‍ശയാണ് കേന്ദ്ര സര്‍കാരിന്റെ പരിഗണനയില്‍ ഉള്ളത്.

എന്നാല്‍ വിവിധ ഹൈകോടതികളില്‍ ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശയിലും കൊളീജിയം തീരുമാനം വൈകുകയാണ്. അതിനാലാണ് ഹൈകോടതി ചീഫ് ജസ്റ്റിസ് നിയമനം സംബന്ധിച്ച തീരുമാനവും വൈകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സുപ്രീംകോടതി ജഡ്ജി നിയമനം സംബന്ധിച്ച ശുപാര്‍ശകളില്‍ തീരുമാനം ഉണ്ടാക്കുന്ന കാര്യം ഉറപ്പുവരുത്താന്‍ കോടതി അറ്റോര്‍ണി ജെനറലിനോട് നിര്‍ദേശിച്ചു.

സുപ്രീംകോടതി നിര്‍ദേശിച്ച സമയപരിധിക്കുള്ളില്‍ തന്നെ കൊളീജിയം ശുപാര്‍ശകളില്‍ തീരുമാനം എടുക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രസര്‍കാരിന് വേണ്ടി അറ്റോര്‍ണി ജെനറല്‍ ആര്‍ വെങ്കിട്ട രമണി വ്യക്തമാക്കി. ഹൈകോടതികളിലെ ഉള്‍പ്പെടെ ജഡ്ജി നിയമനത്തിനായുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ 44 ശുപാര്‍ശകളില്‍ ശനിയാഴ്ച തീരുമാനം എടുക്കുമെന്നും കേന്ദ്രസര്‍കാര്‍ അറിയിച്ചു.

കൊളിജീയം നല്‍കിയ 104 ശുപാര്‍ശകളാണ് കേന്ദ്രസര്‍കാരിന്റെ പരിഗണനയിലുള്ളത്. മറ്റ് ശുപാര്‍ശകളും പരിശോധിച്ച് വൈകാതെ തീരുമാനം ഉണ്ടാകുമെന്നും അറ്റോര്‍ണി ജെനറല്‍ കോടതിയെ അറിയിച്ചു.

Keywords: Amid Collegium row, Centre tells Supreme Court names of 44 judges to be cleared by tomorrow, New Delhi, News, Politics, Supreme Court of India, Controversy, Meeting, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia