Ambani wedding | അംബാനീ, പണം ഇങ്ങിനെ ചിലവാക്കികളയല്ലേ! ആഡംബര വിവാഹത്തിൽ നഷ്ടമാർക്ക്?
കെട്ടിപൂട്ടി വെച്ചാൽ പണം മലിനജലം പോലെയാകും. അദ്ദേഹം അത് സമൂഹത്തിലേക്കു ഒഴുക്കുന്നത് നല്ല കാര്യം
സോണി കല്ലറയ്ക്കൽ
(KVARTHA) ചിലർ അങ്ങനെയാണ്, മറ്റുള്ളവരുടെ പുറകെ നടന്ന് വിലപ്പെട്ട സമയം കളയും. അംബാനി (Ambani) ജീവിച്ച് പൊക്കോട്ടെ. അദ്ദേഹത്തിൻ്റെ മകന്റെ കല്യാണത്തിന് (Wedding) കോടികൾ ചിലവാക്കിയതിനു മറ്റുള്ളവർ എന്തിനാണ് കിടന്ന് ഇങ്ങനെ വിഷമിക്കുന്നത്. ഈ പറയുന്ന ആരെങ്കിലും ഉച്ചക്ക് ഭക്ഷണം (Food) കഴിക്കുമ്പോൾ ഒരു ഓഹരി വിശക്കുന്ന ആർക്കെങ്കിലും കൊടുക്കുന്നുണ്ടോ? നമ്മൾ മറ്റുള്ളവരെ നോക്കാതെ നമ്മളെക്കൊണ്ട് കഴിയുന്ന പോലെ നമ്മൾ ചെയ്യുക, അതല്ലേ വേണ്ടത്.
മുകേഷ് അംബാനിയെ (Mukesh Ambani) പോലുള്ളവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് കരുക്കൾ നീക്കുന്ന ഭരണാധികാരികൾ ഇന്ത്യയിൽ ഉള്ളിടത്തോളം കാലം ഇവരൊന്നും ഇത്ര ചെലവഴിച്ചാലും അത് വരുമാനം കൂടുകയേ ഉള്ളൂവെന്ന സത്യം ഇനിയെങ്കിലും മനസിലാക്കുക. കുശുമ്പിനും അസൂയക്കും മരുന്നുണ്ടായിരുന്നെങ്കിൽ ഇമ്മാതിരി പോസ്റ്റുകൾ കാണേണ്ടി വരില്ലായിരുന്നു. അംബാനിയുടെ എല്ലാ ഉത്പന്നങ്ങളും ബഹിഷ്കരിക്കുക, ദുഷ്ടൻ പട്ടിണി കിടന്ന് ചാകട്ടെ, എന്നു പറയുന്നവരും ഈ വിവാഹത്തിന് ശേഷം ഏറെയുണ്ടെന്നത് ആണ് സത്യം.
ഇപ്പോൾ പുറത്തുവരുന്ന ധാരാളം പോസ്റ്റുകളും വാർത്തകളും ഇന്ത്യയിലെ വ്യവസായ ഭീമൻ മുകേഷ് അംബാനി തൻ്റെ മകൻ്റെ വിവാഹത്തിന് കോടികൾ പൊടിച്ചതാണ്. അത് ചിലർക്ക് പിടിച്ചിട്ടില്ലെന്ന് പുറത്തുവരുന്ന പലരുടെയും പ്രതികരണങ്ങൾ കണ്ടാൽ പെട്ടെന്ന് പിടികിട്ടും. അത് അംബാനി കോടികൾ പൊടിച്ചിട്ട് ഒന്നും അല്ല. ഉള്ളിലുള്ള കുശുമ്പും അസൂയയും മാത്രമാണെന്ന് വ്യക്തമാകും. മുകേഷ് അംബാനിയുടെ മകൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഇക്കണോമിക്സ് ടൈംസിലെ ഒരു വാർത്ത ഇങ്ങനെയായിരുന്നു.
'ദിവസവും മൂന്ന് കോടി ചെലവാക്കിയാൽ സമ്പത്ത് എന്ന് അവസാനിക്കും? വിവാഹത്തിന് പൊടിക്കുന്നത് കോടികൾ. ആഗോള കോടീശ്വര പട്ടികയിൽ 11-ാം സ്ഥാനത്താണ് മുകേഷ് അംബാനി എന്ന് ഏവർക്കും അറിയാമല്ലോ? ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ആണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ. ബിസിനസ് ലോകത്ത് അനുദിനം വളർന്നു കൊണ്ടിരിക്കുന്ന സാമ്രാജ്യമാണ് റിലയൻസ്. മികച്ച പോർട്ട്‌ഫോളിയോ പടുത്തുയർത്താൻ അദ്ദേഹത്തിനും മക്കൾക്കും സാധിച്ചിട്ടുണ്ട്. വരുമാനം അറിയാതെയുള്ള ചെലവാക്കൽ ഏതൊരു സാമ്രാജ്യത്തെയും തർക്കും എന്നു നിങ്ങൾ കേട്ടിരിക്കുമല്ലോ?
അംബാനി കുടുംബം ഇപ്പോൾ വിവാഹ ലഹരിയിലാണ്. ലോകത്തിന്റെ മൊത്തം കണ്ണ് മണിക്കൂറുകൾ അകലെയുള്ള ആനന്ദ് അംബാനി- രാധിക മർച്ചന്റ് വിവാഹത്തിലാണ്. രണ്ടു പ്രീ- വെഡ്ഡിംഗ് ഇവന്റുകൾക്കും, വിവാഹത്തിനുമായി കോടികളാണ് കുടുംബം ചെലവഴിക്കുന്നത്. ഇതിനോടകം വിവാഹച്ചെലവ് ധൂർത്താണെന്ന് പലരും വിമർശിച്ചു കഴിഞ്ഞു. കാര്യം എന്തുതന്നെയായലും ഇത് അവരുടെ കുടുംബ കാര്യമാണ്. പക്ഷെ റിലയൻസ് എന്ന മഹാസ്ഥാപനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടാണ്. രാജ്യത്തിന്റെ വളർച്ചയ്ക്ക് ഈ സ്ഥാപനം നൽകുന്ന സംഭാവന ചെറുതല്ല. മികച്ച ഒരു തൊഴിൽദാതാവ് കൂടിയാണ് റിലയൻസ്.
പല മേഖലകളിലും മുൻനിരക്കാർ. അതിനാൽ തന്നെ അംബാനി കുടുംബത്തിനു സംഭവിക്കുന്ന ഏതൊരു കോട്ടവും ഇന്ത്യൻ ഓഹരി വിപണികളെ പോലും ബാധിക്കാം. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ നിലവിയെ ആസ്തി 10.21 ലക്ഷം കോടി രൂപയാണ്. ഇതിൽ നിന്ന് മുകേഷ് അംബാനി പ്രതിദിനം 3 കോടി രൂപ ചെലവഴിക്കുകയോ, സംഭാവന ചെയ്യുകയോ ചെയ്താൽ എന്തു സംഭവിക്കുമെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ ചെയ്താൽ അദ്ദേഹത്തിന്റെ സമ്പത്ത് എത്ര വർഷത്തിനുള്ളിൽ അവസാനിക്കുമെന്ന് നിങ്ങൾക്കു അറിയാമോ? ഇല്ലെങ്കിൽ ഈ കണക്കുകൾ നിങ്ങൾ അറിയേണ്ടതുണ്ട്.
അംബാനിയോ, അംബാനി കുടുംബമോ അവരുടെ ആസ്തിയിൽ നിന്ന് പ്രതിദിനം 3 കോടി രൂപ ചെലവഴിക്കുകയോ, സംഭാവന ചെയ്യുകയോ ചെയ്താൽ, അവരുടെ എല്ലാ സമ്പത്തും 3,40,379 ദിവസത്തിനുള്ളിൽ അവസാനിക്കും. ഒരു വർഷം എന്നത് 365 ദിവസം ആണല്ലോ? അങ്ങനെ നോക്കുമ്പോൾ 3,40,379 ദിവസങ്ങൾ എന്നാൽ 932 വർഷവും 6 മാസവും ആണ്. അതേ, ഈ കണക്കുകൾ നിങ്ങളുടെ കണ്ണുകൾക്ക് ദഹിക്കാൻ അൽപം സമയമെടുത്തേക്കാം. പ്രതിദിനം 3 കോടി രൂപ ചെലവഴിച്ചാൽ പോലും അംബാനിയുടെ ആസ്തി അവസാനിക്കാൻ നിരവധി നൂറ്റാണ്ടുകൾ എടുക്കും. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം, 2024 -ൽ ഇതുവരെ അംബാനിയുടെ ആസ്തി ഏകദേശം 1.98 ലക്ഷം കോടി രൂപ വർദ്ധിച്ചിട്ടുണ്ട്. രാജ്യത്തും, ആഗോളതലത്തിലും മികച്ച രീതിയിൽ മുന്നേറുന്ന സ്ഥാപനമാണ് റിലയൻസ്'.
നഷ്ടമാർക്ക്?
ചിലർ അംബാനി കുടുംബത്തിൻ്റെ കണക്കുകളും ലാഭ നഷ്ടങ്ങളും കൃത്യമായി പ്രവചിക്കുന്നു. എല്ലാ കണ്ണുകളും ഇപ്പോൾ അംബാനി കുടുംബത്തിലേയ്ക്കാണെന്നും റിപ്പോർട്ടുകൾ പറയുന്നു. കൂലിയും വേലയും അദ്ധ്വാനിച്ച് കുടുംബത്തെ പോറ്റേണ്ടവനും ഒന്നും അംബാനി കുടുംബത്തിലേയ്ക്ക് ഇങ്ങനെ കണ്ണൂം നട്ട് ഇരിക്കാൻ തന്നെ എവിടെ സമയം. അല്ലാത്തവർക്ക് പറ്റും ഇതൊക്കെ. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ നടത്താൻ കുത്തക അധികാരം കിട്ടിയാൽ പിന്നെ ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ ആകാം.
അതിനിടയ്ക്ക് ഇങ്ങനെയൊക്കെ ഒന്ന് ചെലവാക്കിയാൽ എന്ത് കുറ്റം. അത് വർഷങ്ങളായി തെളിയിച്ചുകൊണ്ടും ഇരിക്കുന്നു അംബാനി കുടുംബം. മാത്രമല്ല, കല്യാണത്തിന് ചെലവാക്കിയത് ഒരു മാസത്തിനുള്ളിൽ അയാളുടെ കയ്യിൽ തിരിച്ചെത്തും എന്ന് അദ്ദേഹത്തിന് തന്നെ അറിയാം. ആ ബുദ്ധി ആരും അദേഹത്തിന് പറഞ്ഞുകൊടുക്കേണ്ട കാര്യവുമില്ല. റീച്ചാർജ് ഒക്കെ അതിനുമാത്രം ഉയർത്തിയിട്ടുണ്ട്. പോയ പണം തിരികെ പിടിക്കാൻ അറിയാവുന്നവർ തന്നെ അംബാനി ഫാമിലി. ഇപ്പോൾ ഇവിടെ സാധാരണക്കാർ ചെയ്യേണ്ടത് അസൂയയും കുശുമ്പും നിർത്തി അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുക എന്നതാണ്. ഒരുപാട് പേര് മറ്റുള്ളവരെ പിരിച്ച് ജീവിക്കുന്നതിനിടയിൽ ഒരാൾ പണിയെടുത്ത് ജീവിക്കുന്നതിൽ സന്തോഷിക്കുക. അയാൾ എന്ത് ചെയ്യുന്നു എന്ന് നോക്കിയിരുന്ന് സമയം പാഴാക്കാതെ സ്വന്തം കാര്യം നോക്കിയാൽ ഏതൊരാൾക്കും രക്ഷപെടാം.
കെട്ടിപൂട്ടി വെച്ചാൽ പണം മലിനജലം പോലെയാകും. അദ്ദേഹം അത് സമൂഹത്തിലേക്കു ഒഴുക്കുന്നത് നല്ല കാര്യം. കുറേ പേർക്ക് അത് ഉപകാരപ്പെടും. ഉള്ളവൻ ആർഭാടം കാട്ടണം. പക്ഷേ ഒന്നും വേസ്റ്റ് ആക്കരുതെന്നു പറയുന്നവരും ഇവിടെ ഉണ്ട്. അംബാനി ഒന്നും ചിലവാക്കാതെ ബാങ്കിൽ തന്നെ ഇട്ടാൽ എന്ത് ലാഭം. കുറച്ച് ചിലവാക്കട്ടെ. അപ്പോഴല്ലേ അവിടെ തൊഴിൽ എടുക്കുന്ന പണിക്കാർക്കും ചിലവഴിക്കുന്ന മാർക്കറ്റിലും പണം ഇറങ്ങൂ എന്ന് വാദിക്കുന്നവരും ഉണ്ട്. ഇനി മുകേഷിന് എന്തു നോക്കാൻ. ആഡംബരത്തിന് അതിരില്ല എന്നത് സത്യമാണ്. അങ്ങനെ തന്നെയാണ് അവരുടെ ജീവിതവും. ഇതെല്ലാം ഉണ്ടെങ്കിലും എന്നായാലും മരിക്കണം.
അപ്പോൾ മക്കളുടെ കല്യാണത്തിന്റെ കൂടെ നിർദ്ധനരായ കുട്ടികളുടെ കല്യാണവും നടത്തുന്നവർ ഉണ്ട്, തന്റെ ഭൂമി മറ്റുള്ളവർക്കു ധാനം ചെയുന്നവർ ഉണ്ട്. ഇതിൽ ഏതു ഗ്രൂപ്പിലാണ് നമ്മൾ മനുഷ്യർ പ്രവർത്തിക്കേണ്ടത് എന്ന് ഈ വിവാഹവാർത്ത കണ്ട് ചോദിക്കുന്നവരും അനേകർ വരും എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്. മുകേഷ് അംബാനിയെ സംബന്ധിച്ച് ഈ വിവാഹ ധൂർത്ത് എത്രയൊക്കെ നടത്തിയാലും ഒരു വിഷമവും ഉണ്ടാകാനിടയില്ല. ഒരു ദിവസം മുന്നൂറ് കോടിയിലധികം വരുമാനം ഉണ്ടാകും. കഴിഞ്ഞവർഷത്തേയും ഈ വർഷത്തേയും കണക്ക് നോക്കിയാൽ മനസ്സിലാകും.
പിന്നെ ഒരു കാര്യം തുറന്നു തന്നെ പറയേണ്ടിയിരിക്കുന്നു. കറവുപശുവായ ഭാരതീയർ ഉള്ളടത്തോളം കാലം അംബാനിക്ക് ഒരു കുറവും വരില്ല. ഭാരതീയരെ കറവ പശുവാക്കി അംബാനിയെ തോഴിത്തിൽ കെട്ടിയ സർക്കാരുകളും ഉള്ള കാലം വരെ അവിടെ ഒരു കുറവും വരില്ല. ജനങ്ങൾക്കാണ് കുറവ് വരുക. പെട്രോൾ, ഡീസൽ, പാചകവാതകം ഈ ഉൽപ്പന്നങ്ങളിൽ മാത്രം എത്രയോ തലമുറകൾക്ക് ജീവിക്കാൻ വേണ്ടി ഉള്ളത് ലഭിക്കും. അതുകൊണ്ട് ഇതിൻ്റെ പേരിൽ കിടന്ന് ആരും മോങ്ങാതെ വല്ലവന്റെയും വരവും ചിലവും നോക്കാതെ സ്വന്തം കീശയിലെ കാശ് നോക്ക്. അതാണ് ഉത്തമം. അമ്മാവൻ ആനപ്പുറത്ത് കയറിയാൽ അനന്തരവൻ്റെ ചന്തിക്ക് തഴമ്പ് വരുമോ.