Resident Electors | വോട്ടർ പട്ടികയിൽ ആർക്കൊക്കെ പേര് ചേർക്കാം, തെറ്റുണ്ടെങ്കിൽ എങ്ങനെ തിരുത്താം? അറിയേണ്ടതെല്ലാം

 


ന്യൂഡെൽഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് രാജ്യം. ഏഴ് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ട് ചെയ്യുന്നതിന് വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കേണ്ടത് പ്രധാനമാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് പലർക്കും പലവിധ സംശയങ്ങൾ ഉണ്ടാകും. തിരഞ്ഞെടുപ്പ് കമ്മീഷൻ പങ്കുവെച്ച ചില വിവരങ്ങൾ ഇതാ.

വോട്ടർ പട്ടികയിൽ ആർക്കൊക്കെ പേര് ചേർക്കാം?

ഇന്ത്യയിൽ മൂന്ന് വിഭാഗത്തിലുള്ള വോട്ടർമാരുണ്ട്.
(i) ജനറൽ
(ii) ഓവർസീസ് (എൻആർഐ)
(iii) സർവീസ്

വോട്ടർപട്ടിക പുതുക്കിയ വർഷത്തിൻ്റെ ജനുവരി ആദ്യദിവസം 18 വയസ് തികയുന്ന ഓരോ ഇന്ത്യൻ പൗരനും വോട്ടർ പട്ടികയിൽ പേർ ചേർക്കാൻ അപേക്ഷ നൽകാം. ജനപ്രാതിനിധ്യ നിയമം, 1950-ലെ സെക്ഷൻ 14 (ബി) പ്രകാരം, ഒരു അപേക്ഷകൻ്റെ പ്രായം നിർണയിക്കുന്നതിനുള്ള തീയതി റിവിഷനു ശേഷമുള്ള വോട്ടർ പട്ടിക അവസാനിക്കുന്ന വർഷത്തിലെ ജനുവരി ആദ്യ ദിവസമാണ്. 2013 ജനുവരി രണ്ടിന്റെയും  2014 ജനുവരി ഒന്നിന്റെയും ഇടയിൽ ഏതെങ്കിലും തീയതിയിൽ നിങ്ങൾ 18 വയസ് പൂർത്തിയായിട്ടുണ്ടെങ്കിൽ, ജനുവരിയിൽ അവസാനം പ്രസിദ്ധീകരിക്കാൻ പോകുന്ന വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷ നൽകാം.

Resident Electors | വോട്ടർ പട്ടികയിൽ ആർക്കൊക്കെ പേര് ചേർക്കാം, തെറ്റുണ്ടെങ്കിൽ എങ്ങനെ തിരുത്താം? അറിയേണ്ടതെല്ലാം


ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ഇന്ത്യയിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനാവില്ല. മറ്റൊരു രാജ്യത്തിൻ്റെ പൗരത്വം നേടുകയും ഇന്ത്യൻ പൗരത്വം ഒഴിവാക്കുകയും ചെയ്തവർക്ക് പോലും ഇന്ത്യയിൽ വോട്ടറാവാൻ അർഹതയില്ല. അതേസമയം വിദേശത്ത് സ്ഥിരതാമസമാക്കിയ പ്രവാസി ഇന്ത്യക്കാരന് (NRI) നിയമപ്രകാരം വോട്ടറായി രജിസ്റ്റർ ചെയ്യാൻ യോഗ്യനാണ്.

എങ്ങനെ വോട്ടർപട്ടികയിൽ രജിസ്‌റ്റർ ചെയ്യാം?

അപേക്ഷകൻ്റെ സാധാരണ താമസസ്ഥലം ഉൾപ്പെടുന്ന നിയോജക മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ അല്ലെങ്കിൽ അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ, നിർദിഷ്ട ഫോറം 6-ൽ അപേക്ഷ സമർപ്പിക്കണം. ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ ഒപ്പമുണ്ടായിക്കണം. ഒന്നുകിൽ ഇവർക്ക് നേരിട്ട് സമർപ്പിക്കാം അല്ലെങ്കിൽ തപാൽ മുഖേന അയയ്‌ക്കുകയോ നിങ്ങളുടെ ബൂത്ത് ലെവൽ ഓഫീസർക്ക് കൈമാറുകയോ ചെയ്യാം. സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസറുടെ വെബ്‌സൈറ്റിലോ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്‌സൈറ്റിലോ ഓൺലൈനായി അപേക്ഷ നൽകാനും സംവിധാനമുണ്ട്. ആവശ്യമായ രേഖകളുടെ പകർപ്പുകളും അപ്‌ലോഡ് ചെയ്യണം.

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ നിന്ന് ഫോറം 6 ഡൗൺലോഡ് ചെയ്യാം. ബന്ധപ്പെട്ട പോളിങ് ബൂത്ത് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ അല്ലെങ്കിൽ അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവരുടെ ഓഫീസുകളിലും ഫോറം 6 സൗജന്യമായി ലഭ്യമാണ്. ഫോം ആറിന്റെ കൂടെ സമീപകാല പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ, പ്രായം, താമസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും നൽകേണ്ടതുണ്ട്. ഒരു അപേക്ഷകന് റേഷൻ കാർഡ് ഇല്ലെങ്കിൽ പോലും അംഗീകൃത മറ്റേതെങ്കിലും താമസരേഖ സമർപ്പിക്കാം.

അപേക്ഷകൻ്റെ പ്രായം 18 നും 21 നും ഇടയിൽ ഉള്ള സന്ദർഭങ്ങളിൽ മാത്രമേ പ്രായം തെളിയിക്കുന്ന രേഖ ആവശ്യമുള്ളൂ. മറ്റെല്ലാ സാഹചര്യങ്ങളിലും, അപേക്ഷകൻ വ്യക്തമാക്കുന്ന വയസ് പ്രായത്തിൻ്റെ തെളിവായി എടുക്കും. അതേസമയം കമ്മീഷൻ വ്യക്തമാക്കിയിട്ടുള്ള രേഖകളൊന്നും 18-21 വയസ് പ്രായമുള്ള ഒരു അപേക്ഷകൻ്റെ പക്കൽ ലഭ്യമല്ലെങ്കിൽ, അനുബന്ധം - I-ൽ നൽകിയിരിക്കുന്ന നിർദിഷ്ട ഫോർമാറ്റിലുള്ള സത്യവാങ്മൂലം നൽകണം. തിരഞ്ഞെടുപ്പ് കമ്മീഷൻ സാധാരണയായി എല്ലാ വർഷവും സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ നിലവിലുള്ള വോട്ടർപട്ടിക പുനഃപരിശോധിക്കാൻ ഉത്തരവിടാറുണ്ട്.

ദൂരെ സ്ഥലങ്ങളിൽ പഠിക്കുന്നവർ ആണെങ്കിൽ 

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ഹോസ്റ്റലിലോ മെസ്സിലോ പഠിക്കുന്ന സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ താമസിക്കുന്ന ഒരു വിദ്യാർത്ഥിയുടെ കാര്യത്തിൽ, സ്വന്തം സ്ഥലത്തോ ഹോസ്റ്റൽ / മെസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തോ വോട്ടറായി രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ഇത്തരം സാഹചര്യത്തിൽ കോഴ്‌സ് കേന്ദ്ര / സംസ്ഥാന സർക്കാരുകൾ / ബോർഡുകൾ / സർവകലാശാലകൾ / ഡീംഡ് സർവ്വകലാശാലകൾ അംഗീകരിച്ചതായിരിക്കണം. കൂടാതെ അത്തരം കോഴ്സുകൾ ഒരു വർഷത്തിൽ കുറയാത്ത ദൈർഘ്യമുള്ളതായിരിക്കണം. ഹെഡ്മാസ്റ്റർ / പ്രിൻസിപ്പൽ / ഡയറക്ടർ എന്നിവരിൽ നിന്നുള്ള ബോണഫൈഡ് സർട്ടിഫിക്കറ്റ് ഒപ്പം ചേർക്കണം.

താമസത്തിൻ്റെ രേഖ കൈവശമില്ലെങ്കിൽ 

ഭവനരഹിതരായ വ്യക്തികളുടെ കാര്യത്തിൽ, ബൂത്ത് ലെവൽ ഓഫീസർ ഫോറം 6 ൽ നൽകിയിരിക്കുന്ന വിലാസം രാത്രി സന്ദർശിക്കും, വീടില്ലാത്തയാൾ യഥാർത്ഥത്തിൽ ഉറങ്ങുന്നത് ഫോറം 6 ൽ തൻ്റെ വിലാസമായി നൽകിയിരിക്കുന്ന സ്ഥലത്താണ് എന്ന് ഉറപ്പാക്കും. ഭവനരഹിതനായ വ്യക്തി യഥാർത്ഥത്തിൽ ആ സ്ഥലത്താണ് ഉറങ്ങുന്നത് എങ്കിൽ താമസിക്കുന്ന സ്ഥലത്തിൻ്റെ തെളിവ് ആവശ്യമില്ല. ഇത്തരം പരിശോധനയ്ക്കായി ബൂത്ത് ലെവൽ ഓഫീസർ ഒന്നിലധികം രാത്രികൾ സന്ദർശിക്കണമെന്നാണ് നിയമം.

വാടകയ്ക്ക് താമസിക്കുകയും കെട്ടിട ഉടമ അനുവദിക്കുകയും ചെയ്യുന്നില്ലെങ്കിൽ  

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് നിങ്ങളുടെ നിയമപരമായ അവകാശമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ / സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ / ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ / അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവയുടെ വെബ്‌സൈറ്റിൽ ലഭ്യമായ നിങ്ങളുടെ പ്രദേശത്തെ വോട്ടർ പട്ടിക പരിശോധിക്കുക. നിങ്ങളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ, ഫോറം 6 പൂരിപ്പിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ / അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ / ബൂത്ത് ലെവൽ ഓഫീസർക്ക് കൈമാറുക.

അപേക്ഷകളും എതിർപ്പുകളും പരിശോധിക്കാൻ ആർക്കാണ് യോഗ്യത?

വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട  അപേക്ഷകളും എതിർപ്പുകളും പരിശോധിക്കാൻ ബന്ധപ്പെട്ട മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ/അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവർക്കാണ് യോഗ്യത. എല്ലാ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെയും തപാൽ വിലാസങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ / അതത് സംസ്ഥാനങ്ങളിലെ / കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാരുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

ഓൺലൈനായി അപേക്ഷിച്ചാൽ, ഒപ്പിട്ട പകർപ്പ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ വിലാസത്തിലേക്ക് അയയ്ക്കേണ്ടതുണ്ടോ?

വേണ്ട. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ / അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് ഓൺലൈനിൽ അപേക്ഷിച്ച ഫോറം 6 ലഭിച്ചയുടൻ നിങ്ങളുടെ യഥാർത്ഥ ഒപ്പ് പരിശോധിക്കാനും നിങ്ങളുടെ താമസസ്ഥലം സന്ദർശിക്കാനും  ബൂത്ത് ലെവൽ ഓഫീസറെ നിയോഗിക്കുന്നു.

വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അപേക്ഷകൻ എങ്ങനെ അറിയും?

ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനം അപേക്ഷകനെ ഫോറം 6-ൽ നൽകിയ വിലാസത്തിൽ തപാൽ മുഖേനയും ഫോം 6-ൽ നൽകിയ മൊബൈൽ നമ്പറിൽ എസ്എംഎസ് മുഖേനയും അറിയിക്കുന്നതാണ്. വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും ലഭ്യമാണ്. 

തെറ്റുകൾ ഉണ്ടെങ്കിൽ എങ്ങനെ തിരുത്താം?

വോട്ടർപട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിന്, ഫോറം 8-ൽ അപേക്ഷ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
 
താമസ സ്ഥലം മാറിയാൽ 

പുതിയ വസതി അതേ നിയോജക മണ്ഡലത്തിലാണെങ്കിൽ ഫോം 8 എ പൂരിപ്പിക്കുക, അല്ലാത്തപക്ഷം ഫോം 6 പൂരിപ്പിച്ച് നിങ്ങളുടെ പുതിയ താമസ സ്ഥലത്തെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ / അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കുക.

താമസ സ്ഥലം മാറിയാൽ  പുതിയ വോട്ടർ ഐഡി കിട്ടുമോ? 

ഒന്നാമതായി, നിങ്ങളുടെ പുതിയ വിലാസം സ്ഥിതിചെയ്യുന്ന ബന്ധപ്പെട്ട നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ നിങ്ങൾ പേര് ചേർത്തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഐഡി കാർഡിൽ നിങ്ങളുടെ പുതിയ വിലാസം മാറ്റേണ്ട ആവശ്യമില്ല, എന്നിരുന്നാലും,വിലാസം മാറ്റണമെങ്കിൽ, 100 രൂപ നിരക്കിൽ അപേക്ഷ നൽകി അത് ചെയ്യാം. 

വോട്ടർ ഐഡി നഷ്ടപ്പെട്ടാൽ 

നിശ്ചിത ഫീസ് അടച്ചാൽ പകരം വോട്ടർ ഐഡി നൽകാം. എന്നിരുന്നാലും, വെള്ളപ്പൊക്കം, തീപിടിത്തം, മറ്റ് പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ ഇലക്ടറുടെ നിയന്ത്രണത്തിനപ്പുറമുള്ള കാരണത്താൽ നഷ്‌ടപ്പെട്ടാൽ ഫീസ് ഈടാക്കില്ല.
 
വോട്ടർപട്ടികയിൽ പേരുകൾ ഉൾപ്പെടുത്തുന്നതിനെതിരെ ആർക്ക് എതിർപ്പ് ഉന്നയിക്കാൻ കഴിയും?

ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വോട്ടറായ ഏതൊരു വ്യക്തിക്കും വോട്ടർപട്ടികയിൽ മറ്റുള്ളവരുടെ പേരുകൾ ഉൾപ്പെടുത്തുന്നതിനോട് എതിർപ്പ് അറിയിക്കാം. ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് തെളിവുകൾ സഹിതം ഫോറം 7-ൽ ആക്ഷേപം അറിയിക്കാം. അയൽക്കാരൻ / ബന്ധു താമസസ്ഥലം പുതിയ സ്ഥലത്തേക്ക് മാറ്റിയെങ്കിലും അവരുടെ പേര് ഇപ്പോഴും വോട്ടർ പട്ടികയിൽ തുടരുന്നുവെങ്കിൽ വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിന്  ഫോറം 7-ൽ അപേക്ഷിക്കാം. 

ഒരാൾക്ക് ഒന്നിലധികം സ്ഥലങ്ങളിൽ പേര് രജിസ്റ്റർ ചെയ്യാമോ?

1950-ലെ ജനപ്രാതിനിധ്യ നിയമത്തിൻ്റെ 17, 18 വകുപ്പുകളിൽ അടങ്ങിയിരിക്കുന്ന വ്യവസ്ഥകൾ പ്രകാരം ഒരു വ്യക്തിയെ ഒന്നിലധികം സ്ഥലങ്ങളിൽ വോട്ടറായി ചേർക്കാൻ പാടില്ല. അങ്ങനെ കണ്ടെത്തിയാൽ  നിയമത്തിൻ്റെ 31-ാം വകുപ്പ് പ്രകാരം ശിക്ഷിക്കപ്പെടും. 

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവിനെതിരെ പരാതിയുണ്ടെങ്കിൽ റിവിഷൻ കാലയളവിൽ നിങ്ങൾക്ക് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്ക് അപ്പീൽ നൽകാം.

Keywords: News, Politics, Election, Lok Sabha Election 2024, India, Voters, Resident Electors, Citizen, All about Resident Electors.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia