Revelation | 'ഒന്നല്ല, 5 തവണ ശരദ് പവാര്‍ ബിജെപിയുമായി സഖ്യചര്‍ച്ച നടത്തിയിരുന്നു'; വെളിപ്പെടുത്തലുമായി അജിത് പവാര്‍


● ചര്‍ച്ചകള്‍ നടന്നത് വ്യവസായി ഗൗതം അദാനിയുടെ മധ്യസ്ഥതയില്‍
● പുതിയ വെളിപ്പെടുത്തല്‍ നവംബര്‍ 20ന് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ
● കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി, ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പങ്കെടുത്തു
● അമിത് ഷായും ശരദ് പവാറും തമ്മില്‍ രഹസ്യ കൂടിക്കാഴ്ചയും നടത്തി
● എല്ലാം തീരുമാനിച്ചിട്ടും എന്തുകൊണ്ടാണ് ശരദ് പവാര്‍ ബിജെപിക്കൊപ്പം പോകാത്തത് എന്നറിയില്ല
മുംബൈ: (KVARTHA) എന്‍സിപി എസ്പി നേതാവ് ശരദ് പവാര്‍ ബിജെപിയുമായി സഖ്യചര്‍ച്ച നടത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍. 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വ്യവസായി ഗൗതം അദാനിയുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടന്നിരുന്നതെന്നും അജിത് പവാര്‍ വെളിപ്പെടുത്തുന്നു. ഒരു ദേശീയ വാര്‍ത്താ വെബ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അജിത് പവാറിന്റെ ഈ വെളിപ്പെടുത്തല്‍.
നവംബര്‍ 20ന് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. അഞ്ച് തവണയാണ് ചര്‍ച്ച നടന്നത്. സഖ്യചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗൗതം അദാനി, ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങി ബിജെപിയിലെയും എന്‍സിപിയിലെയും മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തിരുന്നു. കൂടാതെ അമിത് ഷായും ശരദ് പവാറും തമ്മില്‍ രഹസ്യ കൂടിക്കാഴ്ചയും നടത്തിയിരുന്നുവെന്നും അജിത് പവാര്‍ പറയുന്നു.
2019 നവംബറില്‍ ഡെല്‍ഹിയിലെ ഒരു വ്യവസായിയുടെ വീട്ടില്‍വച്ചായിരുന്നു ചര്‍ച്ചകള്‍. ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. എല്ലാം തീരുമാനിക്കപ്പെട്ടിരുന്നു. എന്നാല്‍ അവസാനം പഴിയെല്ലാം ഞാന്‍ കേട്ടു. മറ്റുള്ളവര്‍ എല്ലാം സുരക്ഷിതരായി ഇരിക്കുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ശരദ് പവാര്‍ ബിജെപിക്കൊപ്പം പോകാത്തത് എന്നറിയില്ല. അദ്ദേഹത്തിന്റെ മനസിലെന്താണെന്ന് അദ്ദേഹത്തിന്റെ ഭാര്യയ്‌ക്കോ സുപ്രിയ സുലെയ്‌ക്കോ പോലും അറിയില്ലെന്നും അജിത് പവാര്‍ ചൂണ്ടിക്കാട്ടുന്നു.
മഹാരാഷ്ട്രയില്‍ ബിജെപിയുമായുള്ള സഖ്യത്തില്‍നിന്നു ശിവസേന പിന്മാറിയതിനു പിന്നാലെയാണ് എന്‍സിപി പിളര്‍ത്തി ബിജെപിക്കൊപ്പം ചേരാന്‍ അജിത് പവാര്‍ ശ്രമം തുടങ്ങിയത്. 2023 ജൂലൈയില്‍ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി ബിജെപിക്കും ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്കും ഒപ്പം മഹായുതി സഖ്യത്തില്‍ ചേര്‍ന്നു. അജിത് പവാറിന് ഉപമുഖ്യമന്ത്രി പദം വാഗ് ദാനം ചെയ്തിരുന്നു. അത് പാലിക്കുകയും ചെയ്തു.
#AjitPawar #SharadPawar #BJP #MaharashtraPolitics #GautamAdani #PoliticalRevelation