Arrested | ഐശ്വര്യ രജനികാന്തിന്റ വീട്ടിലെ മോഷണം; 'അറസ്റ്റിലായ വീട്ടുജോലിക്കാരിയും ഡ്രൈവറും കൂടി കവര്‍ന്നത് 100 സ്വര്‍ണ നാണയങ്ങളും 30 ഗ്രാം വജ്രവും'
Mar 23, 2023, 15:29 IST
ചെന്നൈ: (www.kvartha.com) കഴിഞ്ഞ ദിവസമാണ് തന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന പരാതിയുമായി തമിഴ് ചലച്ചിത്ര സംവിധായികയും രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനികാന്ത് രംഗത്തെത്തിയത്. പരാതിയ്ക്ക് പിന്നാലെ മോഷണത്തിന് കേസെടുത്ത പൊലീസ് കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
ഐശ്വര്യയുടെ വീട്ടില്‍ 18 വര്‍ഷമായി ജോലി ചെയ്യുന്ന വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവര്‍ വെങ്കടേശന്‍ എന്നിവരാണ് പിടിയിലായത്. 100 സ്വര്‍ണനാണയങ്ങളും 30 ഗ്രാമിന്റെ വജ്രാഭരണങ്ങളും 4 കിലോഗ്രാം വെള്ളിയും മോഷ്ടിച്ചതിന് ഈശ്വരിയുടെ പേരിലാണ് കേസ് അന്വേഷിച്ച തേനാംപേട്ട് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
വീടിന്റെ മുക്കും മൂലയും പരിചിതമായിരുന്ന ഈശ്വരിക്ക് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത് എവിടെയെന്നതും കൃത്യമായി അറിയാമായിരുന്നുവെന്നും പല തവണകളായാണ് ഈശ്വരി മോഷണം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.
മോഷ്ടിച്ച ആഭരണങ്ങള്‍ വിറ്റ് ഒരു വീട് വാങ്ങുകയാണ് അവര്‍ ചെയ്തതെന്നും പൊലീസ് അറിയിക്കുന്നു. വീട് വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകളും ഈശ്വരിയുടെ വീട്ടില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഐപിസി 381 പ്രകാരമുള്ള കേസ് ആണ് തേനാംപേട്ട് പൊലീസ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഐശ്വര്യ പൊലീസിന് നല്‍കിയ വിവരമനുസരിച്ച് 2019 ല്‍ നടന്ന അനുജത്തി സൗന്ദര്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് അവസാനമായി ആഭരണങ്ങള്‍ ധരിച്ചത്. പിന്നീട് അവ ലോകറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇക്കാലയളവിനുള്ളില്‍ ഈ ലോകര്‍ മുന്‍ ഭര്‍ത്താവ് ധനുഷിന്റെയും അച്ഛന്‍ രജനികാന്തിന്റെയുമൊക്കെ വീടുകളിലുമായി പലയിടങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്.
അതേസമയം ലോകറിന്റെ താക്കോല്‍ എപ്പോഴും ഐശ്വര്യ തന്റെ ഫ്‌ലാറ്റില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. താന്‍ തന്റെ പുതിയ ചിത്രം 'ലാല്‍ സലാ'മിന്റെ തിരക്കുകളില്‍ ആയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് ഐശ്വര്യയുടെ വിലയിരുത്തല്‍.
Keywords: News, National, India, chennai, Arrested, Accused, theft, Robbery, Top-Headlines, Police, Complaint, Aishwarya Rajinikanth's domestic staff held for stealing gold, silver jewellery from Chennai home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.