Emergency Landing | എയർഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; സന്ദേശം കണ്ടെത്തിയത് എക്സിൽ
● യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിൽ വിപുലമായ പരിശോധന നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
● എക്സിലെ ഒരു പോസ്റ്റിലൂടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
ന്യൂഡൽഹി: (KVARTHA) മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. ഇതിനെ തുടർന്ന് വിമാനം ഡൽഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു.
യാത്രക്കാർ സുരക്ഷിതരാണെന്നും വിമാനത്തിൽ വിപുലമായ പരിശോധന നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച് പുലർച്ചെ രണ്ട് മണിയോടുകൂടിയാണ് വിമാനം പുറപ്പെട്ടത്. വിമാനം പറന്നുയർന്ന ഉടൻ തന്നെ സമൂഹ മാധ്യമത്തിലെ ഒരു പോസ്റ്റിലൂടെ ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചതായി അധികൃതർ പറയുന്നു. ഇതോടെ വിമാനം ഡൽഹിയിലേക്ക് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിൽ 239 യാത്രക്കാരുണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. എക്സിലെ ഒരു പോസ്റ്റിലൂടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യയുടെ വക്താവ്, യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
ഒക്ടോബർ 9-ന് വിസ്താര വിമാനത്തിലെ സമാന സംഭവം
അതേസമയം, ഒക്ടോബർ ഒൻപതിന് ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനത്തിലും ബോംബ് ഭീഷണിയുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 290 യാത്രക്കാരുമായി ലണ്ടനിൽ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും 'ബോംബ് ദിസ് ഫ്ലൈറ്റ്' എന്നെഴുതിയ ഒരു കുറിപ്പ് കണ്ടെത്തിയിരുന്നു. ഇതോടെ വിമാനം ഡൽഹിയിൽ അടിയന്തര ലാൻഡിംഗ് നടത്തി വിപുലമായ പരിശോധനകൾ നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് വിസ്താര എയർലൈൻസ് അറിയിച്ചു.
#AirIndia #BombThreat #EmergencyLanding #AviationSafety #DelhiAirport #PassengerSafety