ഝാര്‍ഖണ്ഡില്‍ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ യുപിയിലും സമാനസംഭവം; വധിച്ചിട്ട് അതൊരു റോഡപകടമാക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് ജഡ്ജ്, അപകടത്തില്‍ ഗണ്‍മാന് പരിക്ക്

 



ലക്‌നൗ: (www.kvartha.com 30.07.2021) ഝാര്‍ഖണ്ഡില്‍ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ യുപിയിലും സമാനസംഭവം. ഫത്തേപൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി മൊഹദ് അഹമ്മദ് ഖാനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. യുപിയിലെ ചാക്‌വാന്‍ ഗ്രാമത്തില്‍വെച്ച് ജഡ്ജിയുടെ കാറില്‍ മറ്റൊരു കാറിടിക്കുകയായിരുന്നു. 

അപകടത്തില്‍ ജഡ്ജിയുടെ ഗണ്‍മാന് പരിക്കേറ്റു. വാഹനവും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് സമീപത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ ജഡ്ജി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കി. തന്നെ വധിച്ച് അതൊരു റോഡപകടമാക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് അഹമ്മദ് ഖാന്‍ പറഞ്ഞു. തന്റെ കാറില്‍ നിരവധി തവണ മറ്റൊരു കാര്‍ വന്നിടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഝാര്‍ഖണ്ഡില്‍ ജഡ്ജിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ യുപിയിലും സമാനസംഭവം; വധിച്ചിട്ട് അതൊരു റോഡപകടമാക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് ജഡ്ജ്, അപകടത്തില്‍ ഗണ്‍മാന് പരിക്ക്


ബറേലി കോടതിയില്‍ ഒരു യുവാവിന്റെ ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ വധഭീഷണിയുണ്ടായിരുന്നു. 2020 ഡിസംബറിലായിരുന്നു സംഭവം. ജഡ്ജിയുടെ കാറില്‍ വന്നിടിച്ച ഇന്നോവയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപോര്‍ട്.

കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിനിടെ ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ജില്ലാ ജഡ്ജി ഉത്തം ആനന്ദ് ഓടോ റിക്ഷ ഇടിച്ച് മരിച്ചിരുന്നു. നിയമ ലോകത്തെ ഞെട്ടിച്ച ജഡ്ജിയുടെ ദുരൂഹ മരണത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. അപകടത്തെ കുറിച്ചുള്ള അന്വേഷണ പുരോഗതിയെ കുറിച്ച് ഒരാഴ്ചക്കുള്ളില്‍ റിപോര്‍ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് ജഡ്ജിമാര്‍ക്കെതിരെ പലപ്പോഴും ആക്രമണങ്ങള്‍ നടക്കുന്നുവെന്നും എല്ലാ ആക്രമണങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.

ജഡ്ജി ഉത്തം ആനന്ദിന്റെ ദുരൂഹ മരണത്തില്‍ ഒരാഴ്ചക്കകം റിപോര്‍ട് നല്‍കാന്‍ ജാര്‍ഖണ്ഡ് ചീഫ് സെക്രടറിയോടും ഡിജിപിയോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ ഹൈകോടതിയുടെ നടപടികളില്‍ ഇടപെടുകയല്ല സുപ്രീംകോടതിയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സംഭവം നടന്ന സാഹചര്യത്തെ കുറിച്ചും ജഡ്ജിമാര്‍ക്കുള്ള സുരക്ഷക്കായി സംസ്ഥാനമെടുത്ത നടപടികളിലും ആശങ്കയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.

Keywords:  News, National, India, Uttar Pradesh, Lucknow, Killed, Accidental Death, Accident, Judge, Judiciary, Supreme Court of India, After Jharkhand, UP Judge's Car Hit 'Multiple Times by Innova'; Gunner Injured, Vehicle Badly Damaged
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia