High Court | ഗര്‍ഭാവസ്ഥയില്‍ കുട്ടികളെ ദത്തെടുക്കാന്‍ ഇന്ത്യയില്‍ നിയമമില്ലെന്ന് ഹൈക്കോടതി; വളര്‍ത്തുമകളെ യഥാര്‍ഥ മാതാപിതാക്കള്‍ക്ക് തിരികെ ഏല്‍പിക്കാന്‍ ദമ്പതികള്‍ക്ക് നിര്‍ദേശം

 


ബെംഗ്‌ളുറു: (www.kvartha.com) ജനിക്കുന്നതിന് മുമ്പ് ഗര്‍ഭസ്ഥ ശിശുവിനെ ദത്തെടുക്കാന്‍ ഇന്ത്യയില്‍ നിയമമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. രണ്ട് വയസ് പ്രായമുള്ള പെണ്‍കുട്ടിയുടെ മാതാപിതാക്കളും ദത്തെടുത്ത ദമ്പതികളും നല്‍കിയ സംയുക്ത ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ബി വീരപ്പ, ജസ്റ്റിസ് കെ എസ് ഹേമലേഖ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹിന്ദുക്കളും ദത്തെടുത്തവര്‍ മുസ്ലിംകളുമാണ്.
            
High Court | ഗര്‍ഭാവസ്ഥയില്‍ കുട്ടികളെ ദത്തെടുക്കാന്‍ ഇന്ത്യയില്‍ നിയമമില്ലെന്ന് ഹൈക്കോടതി; വളര്‍ത്തുമകളെ യഥാര്‍ഥ മാതാപിതാക്കള്‍ക്ക് തിരികെ ഏല്‍പിക്കാന്‍ ദമ്പതികള്‍ക്ക് നിര്‍ദേശം

ദത്തെടുത്ത ദമ്പതികളെ രക്ഷിതാക്കളുമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കളും ദത്തെടുത്ത ദമ്പതികളും ഉഡുപ്പി ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളി. ഇതിന് പിന്നാലെയാണ് ഇവര്‍ ഹൈക്കോടതിയിലെത്തിയത്. ദാരിദ്ര്യം കാരണം പെണ്‍കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയുന്നില്ലെന്ന് യഥാര്‍ഥ മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു. മുസ്ലീം ദമ്പതികള്‍ക്ക് കുട്ടികളില്ലാത്തതിനാല്‍ ദത്തെടുക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചു. അങ്ങനെ ഗര്‍ഭിണിയായിരിക്കെ തന്നെ കുട്ടിയെ ദത്തെടുക്കാന്‍ കരാറില്‍ ഏര്‍പ്പെട്ടുവെന്നും ഹര്‍ജിയില്‍ പറയുന്നു.

എന്നാല്‍ വാദങ്ങള്‍ കോടതി തള്ളി. 'കുട്ടിയെ ദത്തെടുക്കാന്‍ കരാര്‍ ഒപ്പിട്ട ദിവസം, കുട്ടി ജനിച്ചിട്ടില്ല. കരാര്‍ കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം 2020 മാര്‍ച്ച് 26 നാണ് കുഞ്ഞ് ജനിച്ചത്. തല്‍ഫലമായി, ഗര്‍ഭസ്ഥ ശിശുവിനെ ദത്തെടുക്കാന്‍ ധാരണയായി. ഇന്ത്യയില്‍ അങ്ങനെയൊരു നിയമമില്ല', ബെഞ്ച് നിരീക്ഷിച്ചു. ദാരിദ്ര്യം മൂലം പെണ്‍കുഞ്ഞിനെ ദത്തെടുത്തുവെന്ന വാദവും കോടതി അംഗീകരിച്ചില്ല. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹായത്തോടെ കുഞ്ഞിനെ വളര്‍ത്തുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് കോടതി പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ട്. അതുകൊണ്ട് ദത്തെടുക്കല്‍ എന്ന വാദം സ്വീകാര്യമല്ലെന്ന് കോടതി വ്യക്തമാക്കി.

കരാറിന് ശേഷം പെണ്‍കുഞ്ഞ് മുസ്ലീം ദമ്പതികള്‍ക്കൊപ്പമായിരുന്നു താമസം. കുട്ടിയെ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കാനും കോടതി ഉത്തരവിട്ടു. വളര്‍ത്തു മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനുള്ള ഉഡുപ്പി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ നീക്കം കോടതി ശരിവെച്ചു.

Keywords:  Latest-News, National, Top-Headlines, Karnataka, Mangalore, High-Court, Court, Court Order, Verdict, Adoption Of Unborn Child Unknown To Law: Karnataka High Court.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia