Supreme Court | ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ടിനെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ സമിതി വേണമെന്ന ഹര്‍ജിക്ക് തിരിച്ചടി; സെബിക്ക് 3 മാസം കൂടി സമയം നീട്ടി നല്‍കി സുപ്രീം കോടതി, അദാനിക്ക് ആശ്വാസം
Jan 3, 2024, 11:29 IST
ന്യൂഡെല്‍ഹി: (KVARTHA) ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ടിനെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ സമിതി വേണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. അദാനി ഗ്രൂപുമായി ബന്ധപ്പെട്ട 12 സംശയകരമായ ഇടപാടുകള്‍ ഉണ്ടെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ടിനെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ സമിതി വേണമെന്ന് ആവശ്യപ്പെട്ട് അനാമിക ജയ്‌സ്വാള്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് വാദം കേട്ടത്.
സെബിയുടെ അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ സെബിയുടെ അധികാരത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് വ്യക്തമാക്കിയ കോടതി, 22 വിഷയങ്ങളില്‍ 20 എണ്ണത്തിലും സെബി അന്വേഷണം പൂര്‍ത്തിയാക്കിയെന്നും സോളിസിറ്റര്‍ ജെനറലിന്റെ ഉറപ്പ് കണക്കിലെടുത്ത്, മറ്റു രണ്ട് കേസുകളുടെ അന്വേഷണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സെബിയോട് നിര്‍ദേശിക്കുന്നുവെന്നും അറിയിച്ചു. അന്വേഷണം സെബിയില്‍ നിന്ന് പ്രത്യേക അന്വേഷണ സമിതിയിലേക്ക് മാറ്റുന്നതില്‍ അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി.
വിഷയം പരിശോധിക്കുന്ന വിദഗ്ധ സമിതിയിലും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേന്‍ജ് ബോര്‍ഡ് ഓഫ് ഇന്‍ഡ്യ (SEBI) അന്വേഷണത്തിലും അവിശ്വാസം അറിയിച്ചാണ് അനാമിക ജയ്‌സ്വാള്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ നവംബര്‍ 24നു വിധി പറയാന്‍ കേസ് മാറ്റിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അദാനി ഗ്രൂപിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട് പുറത്തുവന്നത്.
അദാനി കംപനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരിവ്യാപാരമെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രധാന ആരോപണം. 12,000 കോടി ഡോളര്‍ വിപണിമൂല്യമുള്ള ഗ്രൂപ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപോര്‍ടില്‍ പറയുന്നത്. രണ്ടു വര്‍ഷത്തെ അന്വേഷണത്തിലൂടെ തയാറാക്കിയതാണ് ഇവയെന്നായിരുന്നു അവകാശവാദം. അദാനി ഗ്രൂപിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു റിപോര്‍ടില്‍ പറയുന്നത്.
അദാനി ഗ്രൂപ് കംപനികളില്‍ അകൗണ്ടിങ്ങുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വ്യാപകം, ഗ്രൂപില്‍പ്പെട്ട കംപനികളുടെ ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടുന്നത് തന്ത്രങ്ങളിലൂടെ, കോര്‍പറേറ്റ് രംഗത്തു ദുര്‍ഭരണം, ഗ്രൂപിന്റെ അതിഭീമമായ കടബാധ്യത ഇന്‍ഡ്യയിലെ ബാങ്കിങ് വ്യവസായത്തിനു ഭീഷണി തുടങ്ങിയവയായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ പ്രധാന ആരോപണങ്ങള്‍.
Keywords: Adani-Hindenburg row: Supreme Court refuses SIT probe, says no ground to transfer case from SEBI, New Delhi, News, Adani-Hindenburg Row, Supreme Court, SIT Probe, SEBI, Business Man, Allegation, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.