Bail | ഗുജറാത് കലാപ ഗൂഢാലോചന കേസ്; സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് ഉപാധികളോടെ ഇടക്കാല ജാമ്യം
Sep 2, 2022, 16:50 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഗുജറാത് കലാപ ഗൂഢാലോചന കേസില്‍ സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് സൂപ്രീം കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചു. ഗുജറാത് കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന് സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളക്കെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന കേസിലാണ് ജൂണ്‍ 25ന് ടീസ്റ്റയെ ഗുജറാത് പൊലീസ് അറസ്റ്റ് ചെയ്തത്.
കേസ് ഹൈകോടതി പരിശോധിക്കുന്നതുവരെ ടീസ്റ്റയുടെ പാസ്‌പോര്‍ട് ഹാജരാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശമുണ്ട്. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ടീസ്റ്റ സെതല്‍വാദിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ ഗുരുതരമല്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ടീസ്റ്റയുടെ ജാമ്യാപേക്ഷയിലെ തീരുമാനം അനാവശ്യമായി വലിച്ചു നീട്ടുന്ന ഗുജറാത് സര്‍കാര്‍ നടപടിയെയും കോടതി ചോദ്യം ചെയ്തു. കേസില്‍ രണ്ടുമാസമായി കുറ്റപത്രം സമര്‍പിക്കാത്തത് എന്തുകൊണ്ടെന്നാണ് കോടതി ചോദിച്ചത്.
ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ കൊലപാതകം പോലെ ഗുരുതരമല്ല. ജാമ്യം നല്‍കുന്നതിന് തടസമാകുന്ന കുറ്റങ്ങളൊന്നും എഫ് ഐ ആറില്‍ ഇല്ല. ജാമ്യഹര്‍ജിയില്‍ നല്‍കിയ നോടീസിന് മറുപടി നല്‍കാന്‍ ഗുജറാത് സര്‍കാറിന് ഹൈകോടതി ആറ് ആഴ്ച സമയം അനുവദിച്ചത് എന്തുകൊണ്ടെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കേസിന്റെ പ്രത്യേകതകള്‍ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
ഗുജറാത് സര്‍കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ടീസ്റ്റയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമാണ് ഹാജരായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.