ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ് മി സംസ്ഥാന അധ്യക്ഷന്‍ അനൂപ് കേസരി അടക്കം 3 നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു; സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നേതാവിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കാനിരുന്നതാണെന്ന് കേജ് രിവാളും സിസോദിയയും

 


ഷിംല: (www.kvartha.com 09.04.2022) തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ ആം ആദ്മി പാര്‍ടിക്ക് തിരിച്ചടി. പാര്‍ടിയുടെ സംസ്ഥാന ഘടകം മേധാവി അനൂപ് കേസരി മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം ബിജെപിയിലേക്ക് ചേക്കേറി.

ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ് മി സംസ്ഥാന അധ്യക്ഷന്‍ അനൂപ് കേസരി അടക്കം 3 നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു; സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നേതാവിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കാനിരുന്നതാണെന്ന്  കേജ് രിവാളും സിസോദിയയും

അതേസമയം അനൂപ് കേസരിയുടെ പാര്‍ടി മാറ്റത്തെ കുറിച്ച് എ എ പി കണ്‍വീനറും ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ് രിവാളിന്റെ പ്രതികരണം ഇങ്ങനെ:

ബി ജെ പി ഭയക്കുന്നത് തന്നെയല്ല ജനങ്ങളെയാണ്. ബിജെപിയിലുള്ളവര്‍ സത്യസന്ധതയോടെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചാല്‍, നിങ്ങളുടെ മുഖ്യമന്ത്രിയെ മാറ്റുകയോ മറ്റ് പാര്‍ടികളില്‍ നിന്ന് കളങ്കിതരാക്കപ്പെട്ട ആളുകളെ ഉള്‍പെടുത്തുകയോ ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കില്ല. ആളുകള്‍ എഎപിയെ വിശ്വസിക്കുന്നു,' എന്നും കേജ് രിവാള്‍ ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

അനൂപ് കേസരി സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതായി പാര്‍ടിക്ക് പരാതി ലഭിച്ചിരുന്നു. എന്തായാലും അദ്ദേഹത്തെ പുറത്താക്കും, അതുകൊണ്ടായിരിക്കാം അതിനു മുമ്പുതന്നെ പാര്‍ടി വിട്ട് ബി ജെ പിയിലേക്ക് പോയതെന്നാണ് സംഭവത്തെ കുറിച്ച് എഎപി നേതാവും ഡെല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ പ്രതികരണം.

'ലോകത്തിലെ ഏറ്റവും വലിയ പാര്‍ടിയാണ് തങ്ങളെന്ന് ബിജെപി അവകാശപ്പെടുന്നു, എന്നാല്‍ അര്‍ധരാത്രിയില്‍, സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ നടത്തിയതിന് എ എ പിയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ച ആളിനെ ഉള്‍പെടുത്തുന്ന പാര്‍ടിയാണ് ബി ജെ പി എന്ന് സിസോദിയ ആരോപിച്ചു.

'ബിജെപി ജനങ്ങളുടെ ശബ്ദം മനസ്സിലാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്. അവരുടെ നിരാശയില്‍, ഹിമാചലിലെ ബിജെപിയുടെ മുഖങ്ങള്‍ സ്വഭാവമില്ലാത്ത ഒരു മനുഷ്യനെ ആലിംഗനം ചെയ്യുന്നു. അവര്‍ ഉള്‍പെടുത്തിയ ആള്‍ ബിജെപിയില്‍ പെട്ടയാളാണെന്നും' സിസോദിയ പറഞ്ഞു.

കേസരിക്കെതിരെ വനിതാ വിഭാഗം മേധാവിയില്‍ നിന്ന് പരാതി ലഭിച്ചതായും എഎപി വൃത്തങ്ങള്‍ അറിയിച്ചു.
പരാതിയെ തുടര്‍ന്ന് അദ്ദേഹത്തെ ചോദ്യം ചെയ്തു, ചോദ്യങ്ങളോട് പ്രതികരിക്കാന്‍ അദ്ദേഹം പാടുപെടുകയായിരുന്നു. അദ്ദേഹത്തെ പുറത്താക്കാന്‍ അന്വേഷണ സമിതി ശുപാര്‍ശ ചെയ്തിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹത്തെ പുറത്താക്കുമായിരുന്നു എന്നും പാര്‍ടി വൃത്തങ്ങള്‍ പറഞ്ഞു.

പഞ്ചാബിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ വരാനിരിക്കുന്ന ഹിമാചല്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമാണ് എഎപി ഉറ്റുനോക്കുന്നത്.

പാര്‍ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെയും കേന്ദ്രമന്ത്രി അനുരാഗ് ഠാകൂറിന്റെയും സാന്നിധ്യത്തിലാണ് കേസരി ബിജെപിയില്‍ ചേര്‍ന്നത്. ബുധനാഴ്ച മാണ്ഡിയില്‍ നടന്ന റോഡ് ഷോയ്ക്കിടെ ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ടി കണ്‍വീനറുമായ അരവിന്ദ് കേജ് രിവാള്‍ പാര്‍ടി പ്രവര്‍ത്തകരെ അപമാനിച്ചെന്ന് പിന്നീട് നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹം ആരോപിച്ചു.

'കഴിഞ്ഞ എട്ട് വര്‍ഷമായി ഹിമാചല്‍ പ്രദേശില്‍ ആം ആദ്മി പാര്‍ടിക്ക് വേണ്ടി ഏറ്റവും സത്യസന്ധതയോടും അര്‍പണബോധത്തോടും കൂടി ഞങ്ങള്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും, മാണ്ഡിയില്‍ ഒരു റാലിക്കും റോഡ് ഷോയ്ക്കും വന്നപ്പോള്‍ അരവിന്ദ് കേജ് രിവാള്‍ സംസ്ഥാന പാര്‍ടി പ്രവര്‍ത്തകരെ അവഗണിച്ചു' എന്ന് കേസരി ആരോപിച്ചു.

'ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ നിരാശയുണ്ട്. പാര്‍ടിക്ക് വേണ്ടി രാപ്പകല്‍ അധ്വാനിക്കുന്ന ഞങ്ങളെ അദ്ദേഹം നോക്കുക പോലും ചെയ്തില്ല. അരവിന്ദ് കേജ് രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും മാത്രമാണ് മാണ്ഡിയിലെ റോഡ്ഷോയുടെ ഹൈലൈറ്റ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഎപിയുടെ ജെനറല്‍ സെക്രടറി സതീഷ് ഠാകൂറും ഉന ജില്ലാ യൂനിറ്റ് മേധാവി ഇഖ്ബാല്‍ സിംഗും കേസരിക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു.

'ഏപ്രില്‍ ആറിന് റോഡ് ഷോയ്ക്കിടെ ഞങ്ങള്‍ക്ക് അപമാനവും അവഗണനയും അനുഭവപ്പെട്ടു. അതിനാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാനും ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ സേവിക്കാനും ഞങ്ങള്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചു,' എന്ന് ഠാകൂര്‍ പറഞ്ഞു. 'അവര്‍ ഞങ്ങളെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തു. അതിനാല്‍ ഞങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു' എന്ന് സിംഗും പറഞ്ഞു.

മൂന്ന് എഎപി നേതാക്കളെയും സ്വാഗതം ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് ഠാകൂര്‍, നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരം നിലനിര്‍ത്താന്‍ അവരുടെ പിന്തുണ പാര്‍ടിയെ ശക്തിപ്പെടുത്തുമെന്ന് അഭിപ്രായപ്പെട്ടു. റോഡ് ഷോയ്ക്കിടെ പാര്‍ടി പ്രവര്‍ത്തകരെ അപമാനിച്ചതിന് കേജ് രിവാളിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.

'ഒരു വശത്ത്, കേജ് രിവാള്‍ തന്റെ പാര്‍ടിയെക്കുറിച്ച് എല്ലായ്പ്പോഴും സംസാരിക്കുന്നു, മറുവശത്ത്, അദ്ദേഹം അര്‍പണബോധമുള്ള സ്വന്തം പ്രവര്‍ത്തകരെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തു. മാണ്ഡിയില്‍ നടന്ന റോഡ് ഷോയില്‍, മുഖ്യമന്ത്രി കേജ് രിവാളും സിഎം മാനും ഒഴികെ മറ്റാരെയും വാഹനത്തില്‍ കയറ്റിയില്ല. ഒരു നേതാവിനും രഥത്തില്‍ ഇടം നല്‍കിയിട്ടില്ലെന്നും' മന്ത്രി പറഞ്ഞു.

Keywords: AAP's Himachal Chief Joins BJP In Poll Year, Party Says He Belongs There, News, Politics, Assembly Election, BJP, AAP, Criticism, Arvind Kejriwal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia