Change | ഒക്ടോബർ 1 മുതൽ ആധാർ രജിസ്ട്രേഷൻ നമ്പർ നിർത്തലാക്കുന്നു; ഇവിടങ്ങളിൽ ഇനി ഉപയോഗിക്കാനാവില്ല
ഒക്ടോബർ 1 മുതൽ ആധാർ നമ്പർ മാത്രമേ സ്വീകരിക്കൂ.
ന്യൂഡൽഹി: (KVARTHA) ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാനും (ITR) പാൻ കാർഡ് അപേക്ഷിക്കാനും ഉപയോഗിച്ചിരുന്ന ആധാർ രജിസ്ട്രേഷൻ നമ്പർ (EID - Enrolment ID) t ഒക്ടോബർ ഒന്ന് മുതൽ നിർത്തലാക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു. 2017 മുതൽ ആധാർ നമ്പറിന് പകരമായി രജിസ്ട്രേഷൻ നമ്പർ ഉപയോഗിക്കാനുള്ള സൗകര്യം നിലവിൽ ഉണ്ടായിരുന്നു. എന്നാൽ ഇനി മുതൽ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയില്ല.
ആധാർ നമ്പർ 12 അക്കങ്ങളുള്ളതാണെങ്കിൽ, രജിസ്ട്രേഷൻ നമ്പർ 14 അക്കങ്ങളുള്ളതാണ്. അപേക്ഷ സമർപ്പിച്ച തീയതിയും സമയവുമാണ് അധികമായി ഉൾപ്പെടുത്തിയിരിക്കുന്നത്. പുതിയ നടപടി പ്രകാരം, ഒക്ടോബർ ഒന്ന് മുതൽ ആധാർ രജിസ്ട്രേഷൻ നമ്പറിന് പകരം ആധാർ നമ്പർ തന്നെ ഉപയോഗിക്കേണ്ടതുണ്ട്. പാൻ കാർഡ് അപേക്ഷയിലും ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കുമ്പോഴും ഇനി ആധാർ രജിസ്ട്രേഷൻ നമ്പർ സ്വീകരിക്കില്ല.
മാറ്റത്തിനുള്ള കാരണം:
ഒരു ആധാർ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഒന്നിലധികം പാൻ കാർഡുകൾ നിർമ്മിക്കാനുള്ള സാധ്യത നിലനിന്നിരുന്നു. ഇത് പാൻ ദുരുപയോഗത്തിന് വഴിവെക്കുമെന്ന ആശങ്കയിലാണ് സർക്കാർ പുതിയ നടപടിയിലേക്ക് നീങ്ങിയത്. ആധാർ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് പാൻ നേടിയവർ സർക്കാർ നിശ്ചയിക്കുന്ന തീയതിക്കകം തങ്ങളുടെ ആധാർ നമ്പർ അധികൃതരെ അറിയിക്കണം.
ആധാർ രജിസ്ട്രേഷൻ നമ്പർ എങ്ങനെ കണ്ടെത്താം?
നിങ്ങളുടെ ആധാർ രജിസ്ട്രേഷൻ നമ്പർ നഷ്ടപ്പെട്ടാൽ യുഐഡിഎഐ വെബ്സൈറ്റ് വഴിയോ ടോൾ ഫ്രീ നമ്പർ വഴിയോ വീണ്ടെടുക്കാം.
വെബ്സൈറ്റ് വഴി
* യുഐഡിഎഐ വെബ്സൈറ്റ് സന്ദർശിക്കുക (https://resident(dot)uidai(dot)go(dot)in/lost-uideid)
* 'My Aadhaar' വിഭാഗത്തിൽ, 'Retrieve Lost or Forgotten EID/UID' തിരഞ്ഞെടുക്കുക
* നിങ്ങളുടെ ആധാർ നമ്പർ (UID) അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ (EID) (ഇവയിൽ ഒന്ന് മാത്രം) നൽകുക.
* അപേക്ഷ സമർപ്പിച്ചപ്പോൾ ഉപയോഗിച്ച നിങ്ങളുടെ പൂർണനാമം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകുക.
* ക്യാപ്ചാ കോഡ് നൽകി 'Send OTP' എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
* ലഭിച്ച ഒ ടി പി നൽകുക. നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയക്കും.
ടോൾ ഫ്രീ നമ്പർ വഴി
യുഐഡിഎഐ ഹെൽപ്പ് ലൈൻ നമ്പർ 1947 ഡയൽ ചെയ്യുക.
കസ്റ്റമർ കെയർ പ്രതിനിധിയോട് നിങ്ങളുടെ ആവശ്യം അറിയിക്കുക.
ആവശ്യമായ വിവരങ്ങൾ നൽകുക (പേര്, വിലാസം തുടങ്ങിയവ).
പ്രതിനിധി നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ നൽകും.