BJP | ബിജെപി ഒരിക്കലും വിജയം രുചിച്ചിട്ടില്ലാത്ത ഛത്തീസ്ഗഡിലെ ആ 9 സീറ്റുകള്‍; ഇത്തവണ ചരിത്രം സൃഷ്ടിക്കുമോ?

 


റായ്പൂര്‍: (KVARTHA) മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ജനപ്രീതിയുടെയും സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുടെയും അടിസ്ഥാനത്തില്‍ ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ്. അതേസമയം, ആരോപണവിധേയമായ കുംഭകോണങ്ങളും പ്രീണന രാഷ്ട്രീയവും ചൂണ്ടിക്കാട്ടി ബിജെപി അധികാരം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നു. ഛത്തീസ്ഗഡിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളായി പൊതുവെ കണക്കാക്കപ്പെടുന്നത് ബിജെപിയും കോണ്‍ഗ്രസുമാണ്. സംസ്ഥാനത്ത് വേറെയും ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും അവരുടെ സ്വാധീനം ചില മേഖലകളില്‍ ഒതുങ്ങുന്നു.
       
BJP | ബിജെപി ഒരിക്കലും വിജയം രുചിച്ചിട്ടില്ലാത്ത ഛത്തീസ്ഗഡിലെ ആ 9 സീറ്റുകള്‍; ഇത്തവണ ചരിത്രം സൃഷ്ടിക്കുമോ?

9 സീറ്റുകള്‍ ബിജെപി നോട്ടമിടുന്നു

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ഒമ്പത് സീറ്റുകളുണ്ട്. സംസ്ഥാന രൂപീകരണത്തിന് ശേഷം പാര്‍ട്ടിക്ക ഒരിക്കലും ജയിക്കാന്‍ കഴിയാത്ത സീറ്റുകളാണിത്. സിതാപൂര്‍, പാലി-തനഖര്‍, മര്‍വാഹി, മൊഹ്ല-മാന്‍പൂര്‍, കോണ്ട, ഖര്‍സിയ, കോര്‍ബ, കോട്ട, ജയ്ജാപൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളാണ് 15 വര്‍ഷം ഭരിച്ചിട്ടും ബിജെപിക്ക് വിജയം നേടാനാകാത്തത്. ഇതില്‍ സീതാപൂര്‍, പാലി-തനാഖര്‍, മര്‍വാഹി, മൊഹ്ല-മാന്‍പൂര്‍, കോണ്ട എന്നിവ പട്ടികവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളും മറ്റ് നാലെണ്ണം ജനറല്‍ സീറ്റുകളുമാണ്.

മധ്യപ്രദേശില്‍ നിന്ന് വേര്‍പെടുത്തി ഛത്തീസ്ഗഢ് രൂപീകൃതമായതിന് ശേഷം 2003ലാണ് സംസ്ഥാനത്ത് ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അജിത് ജോഗിയുടെ സര്‍ക്കാരിനെ പരാജയപ്പെടുത്തി ബിജെപി അധികാരത്തില്‍ വന്നു. പിന്നീട് 2008ലും 2013ലും പാര്‍ട്ടി വിജയിച്ചു. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയരഥത്തെ തടഞ്ഞുനിര്‍ത്തി കോണ്‍ഗ്രസ് രമണ്‍സിങ്ങിന്റെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചു. ഈ തിരഞ്ഞെടുപ്പില്‍ 90 അംഗ നിയമസഭയില്‍ 68 സീറ്റും കോണ്‍ഗ്രസ് നേടി.

നവംബര്‍ ഏഴ്, 17 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. ഈ ഒമ്പത് സീറ്റുകളിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതില്‍ ആറ് സീറ്റുകളില്‍ പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. 'ഒരിക്കലും വിജയിക്കാത്ത സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതില്‍ ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. എല്ലാ സ്ഥാനാര്‍ത്ഥികളും അവരവരുടെ മണ്ഡലങ്ങളില്‍ പൂര്‍ണ ആവേശത്തോടെയാണ് പ്രചാരണം നടത്തുന്നത്, ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്', ബിജെപി എംപിയും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി കണ്‍വീനറുമായ സന്തോഷ് പാണ്ഡെ പറയുന്നു.

കവാസി ലഖ്മയുടെ കോണ്ട

ഭൂപേഷ് ബാഗേല്‍ സര്‍ക്കാരിലെ വ്യവസായ മന്ത്രിയും അഞ്ച് തവണ എംഎല്‍എയുമായ കവാസി ലഖ്മ നക്‌സല്‍ ബാധിത കോണ്ട സീറ്റിനെ പ്രതിനിധീകരിക്കുന്നു, 1998 മുതല്‍ അജയ്യനാണ്. പുതുമുഖമായ സോയം മുക്കയെയാണ് ബിജെപി മത്സരിപ്പിക്കുന്നത്.

സീതാപൂര്‍

പ്രമുഖ ആദിവാസി നേതാവും ഭൂപേഷ് സര്‍ക്കാരിലെ മന്ത്രിയുമായ അമര്‍ജീത് ഭഗത് സീതാപൂരില്‍ നിന്ന് അജയ്യനാണ്. ഛത്തീസ്ഗഢ് രൂപീകൃതമായതിന് ശേഷം സീതാപൂര്‍ സീറ്റില്‍ അദ്ദേഹം ഒരു തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിട്ടില്ല. അടുത്തിടെ സിആര്‍പിഎഫില്‍ നിന്ന് രാജിവച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന രാം കുമാര്‍ ടോപ്പോയെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.

ഖര്‍സിയ

ഭൂപേഷ് സര്‍ക്കാരിലെ മന്ത്രി ഉമേഷ് പട്ടേല്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഖര്‍സിയ സീറ്റില്‍ മത്സരിക്കുന്നു. ഈ സീറ്റ് കോണ്‍ഗ്രസിന്റെ കോട്ട പോലെയാണ്. ഛത്തീസ്ഗഢ് രൂപീകരിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസിന്റെ കയ്യിലാണ്. 2013ല്‍ ബസ്തറിലെ ജീറാം വാലി നക്സലൈറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട, ഉമേഷ് പട്ടേലിന്റെ പിതാവ് നന്ദകുമാര്‍ പട്ടേല്‍ അഞ്ച് തവണ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതുമുഖം മഹേഷ് സാഹുവിനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്.

മാര്‍വാഹി, കോണ്ട

മാര്‍വാഹി, കോണ്ട സീറ്റുകളും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ്. എന്നിരുന്നാലും, 2018 ല്‍ ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഢ് (ജെ) രണ്ട് സീറ്റുകളും പിടിച്ചെടുത്തു. 2000-ല്‍ ഛത്തീസ്ഗഢ് രൂപീകരിച്ചതിന് ശേഷം അജിത് ജോഗിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചു. അജിന്‍ ജോഗി 2001-ല്‍ മാര്‍വാഹി മണ്ഡലത്തില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുകയും പിന്നീട് 2003, 2008 തെരഞ്ഞെടുപ്പുകളിലും വിജയിക്കുകയും ചെയ്തു.

2013ല്‍ അജിത് ജോഗിയുടെ മകന്‍ അമിത് ജോഗി മാര്‍വാഹിയില്‍ നിന്ന് വിജയം നേടി. ഇതിനുശേഷം, 2018 ല്‍, അജിത് ജോഗി തന്റെ പുതുതായി രൂപീകരിച്ച ജെസിസിജെയില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. എന്നിരുന്നാലും, 2020 ല്‍ അജിത് ജോഗിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിടിച്ചെത്തു.

അതേ സമയം, കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര പ്രസാദ് ശുക്ലയുടെ മരണത്തെത്തുടര്‍ന്ന് ഒഴിവുവന്ന കോട്ട സീറ്റില്‍ 2006-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അജിത് ജോഗിയുടെ ഭാര്യ രേണു ജോഗി വിജയിച്ചിരുന്നു. ഇതിന് ശേഷം 2008, 2013, 2018 വര്‍ഷങ്ങളിലും അവര്‍ വിജയിച്ചു. ബി.ജെ.പി പുതുമുഖങ്ങളായ പ്രണബ് കുമാര്‍ മാര്‍പാച്ചി, പ്രബല്‍ പ്രതാപ് സിംഗ് ജൂദേവ് എന്നിവരെ യഥാക്രമം മാര്‍വാഹിയില്‍ നിന്നും കോണ്ടയില്‍ നിന്നും മത്സരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് യഥാക്രമം കെകെ ധ്രുവിനും അടല്‍ ശ്രീവാസ്തവയ്ക്കും സീറ്റ് നല്‍കി.

പാലി-തനഖര്‍

രാം ദയാല്‍ ഉകെയെയാണ് പാലി-തനാഖര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി മത്സരിപ്പിക്കുന്നത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന നേതാവാണ് ഇദ്ദേഹം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍, രാം ദയാല്‍ ഉയികെ 2003-ല്‍ താനഖറില്‍ നിന്നും (ഡിലിമിറ്റേഷനുശേഷം ഇത് പാലി-തനാകര്‍ ആയി മാറി) വീണ്ടും 2008-ലും 2013-ലും പാലി-തനഖറില്‍ നിന്നും വിജയിച്ചു. എന്നാല്‍, 2018ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അദ്ദേഹത്തെ പരാജയപ്പെടുത്തി. ഇത്തവണ പാലി-തനാഖര്‍ സീറ്റില്‍ സിറ്റിംഗ് എംഎല്‍എ മോഹിത് റാമിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടില്ല. പകരം വനിതാ സ്ഥാനാര്‍ഥി ദുലേശ്വരി സിദാറിനെ മത്സരിപ്പിക്കുകയാണ്.

കോര്‍ബ

ഭൂപേഷ് സര്‍ക്കാരില്‍ മറ്റൊരു മന്ത്രിയായ ജയ് സിംഗ് അഗര്‍വാള്‍ 2008 മുതല്‍ ഈ സീറ്റില്‍ ജയിക്കുന്നു. മുന്‍ എംഎല്‍എ ലഖന്‍ലാല്‍ ദേവാങ്കനെയാണ് ബിജെപി രംഗത്തിറക്കിയിരിക്കുന്നത്.

ജയ്ജയ്പൂര്‍

ജയ്ജയ്പൂര്‍ സീറ്റ് നിലവില്‍ ബിഎസ്പിയുടെ കൈവശമാണ്. ഇവിടെ നിന്ന് കോണ്‍ഗ്രസ് യുവ നേതാവ് ബാലേശ്വര്‍ സാഹുവിനെയും ബിജെപി പാര്‍ട്ടി ജില്ലാ ഘടകം അധ്യക്ഷന്‍ കൃഷ്ണകാന്ത് ചന്ദ്രയെയും മത്സരിപ്പിക്കുന്നു.

മൊഹ്ല-മാന്‍പൂര്‍

മൊഹ്ല-മാന്‍പൂര്‍ സീറ്റില്‍ സിറ്റിംഗ് എംഎല്‍എ ഇന്ദ്രഷാ മാണ്ഡവിയെ വീണ്ടും കോണ്‍ഗ്രസ് രംഗത്തിറക്കിയപ്പോള്‍ മുന്‍ എംഎല്‍എ സഞ്ജീവ് ഷായാണ് ബിജെപി സ്ഥാനാര്‍ഥി.

Keywords: Chhattisgarh, Election, Election Result, BJP, Politics, Political News, Malayalam News, 9 Assembly seats where BJP yet to taste victory since formation of Chhattisgarh.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia