Martyrdom | മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് 77 വർഷം; ലോകത്തെ ജ്വലിപ്പിക്കുന്നു മഹാത്മാവിൻ്റെ പ്രകാശം


● മഹാത്മാഗാന്ധി സത്യവും അഹിംസയും ജീവിതവ്രതമാക്കി
● മതസൗഹാർദത്തിന് വേണ്ടി നിലകൊണ്ടു
● ലോകമെമ്പാടും ഗാന്ധിയൻ ചിന്തകൾക്ക് പ്രചാരം
(KVARTHA) വീണ്ടും ഒരു ജനുവരി 30 കടന്നു വരുമ്പോൾ ഇന്ത്യൻ രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിജിയുടെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുകയാണ്. എന്റെ ജീവിതമാണ് എനിക്ക് ലോകത്തോട് നൽകാനുള്ള സന്ദേശം എന്ന് സധൈര്യം പ്രഖ്യാപിച്ച സത്യവും അഹിംസയും ജീവിതശൈലിയാക്കി മാറ്റി മതസൗഹാർദം കണ്ണിലെ കൃഷ്ണമണിപോലെ എന്നും കാത്തുസൂക്ഷിച്ച പ്രിയങ്കരനായ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി എന്ന മോഹൻദാസ് കരംചന്ദ് ഗാന്ധി രക്തസാക്ഷിയായിട്ട് 77 വർഷം തികയുകയാണ്.
കുഷ്ഠരോഗ നിർമാർജനം ജീവിത ലക്ഷ്യമാക്കി രോഗം ബാധിച്ചവർക്ക് ആവശ്യമായ പരിചരണയും ചികിത്സയും നൽകിയത് വഴി ആയത് ജീവിത സന്ദേശം ആക്കിയതിന്റെ പേരിൽ ജനുവരി 30 രാജ്യത്ത് കുഷ്ഠരോഗ നിർമാർജന ദിനമായും ആചരിക്കുന്നു. ഹിന്ദുമഹാസഭ നേതാവായ നഥൂറാം വിനായക് ഗോഡ്‌സെ എന്ന ഹിന്ദുത്വ ഭീകരവാദിയുടെ കരങ്ങളാൽ 1948 ജനുവരി 30ന് വൈകുന്നേരം 5.17 നാണ് മഹത്മജി രക്തസാക്ഷിയായത്.
ബിർള ഹൗസിൽ അനുയായികളോടൊപ്പം തന്റെ സ്ഥിരം പ്രാർത്ഥനയ്ക്ക് വന്ന മോഹൻദാസ് കരംചന്ദ്ഗാന്ധി കൊല്ലപ്പെട്ടപ്പോൾ അണഞ്ഞത് ഇന്ത്യയുടെ മാത്രം വെളിച്ചം ആയിരുന്നില്ല ലോകമെങ്ങും വെളിച്ചം പകർത്തിയ ചൈതന്യമാണ്. അശരണരായ ജനലക്ഷങ്ങൾക്കുള്ള അത്താണിയാണ് ആ നിറത്തോക്കിനു മുമ്പിൽ ഇല്ലാതായത്. ലോകം ഏറ്റവും വിലപിടിച്ചതായി കണക്കുകൂട്ടിയ ജീവനാണ്
ഒരു മതഭീകരവാദി തന്റെ തോക്കിൻ മുനയാൽ അന്ത്യം കുറിച്ചത്.
ഭാരതത്തിലെ സ്വാതന്ത്ര്യ സമരത്തിന്റെ പോരാട്ടവീഥികളിൽ ഞെട്ടറ്റ് വീണ ധീര യോദ്ധാക്കൾ രക്തസാക്ഷികളായത് ബ്രിട്ടീഷുകാരുടെ കണ്ണിൽ ചോരയില്ലാത്ത ക്രൂരമായ മർദ്ദനത്തെയും വെടിവെപ്പിനെയും തുടർന്ന് ആണെങ്കിൽ നാം രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30ന് നമ്മുടെ രാഷ്ട്രപിതാവ് ജീവൻ വെടിയേണ്ടി വന്നത് സ്വതന്ത്ര ഇന്ത്യയുടെ മണ്ണിലാണെന്നത് എത്രയോ ഖേദകരമാണ്. ആർക്ക് സ്വാതന്ത്ര്യം ലഭിക്കാൻ വേണ്ടിയാണോ തന്റെ സമയം ചെലവഴിച്ചത് അവർ തന്നെ തന്റെ ജീവൻ എടുത്തു എന്നത് രാജ്യത്തെ സ്നേഹിക്കുന്ന നമ്മൾ ഇന്ത്യക്കാർ ഓരോരുത്തരും ലജ്ജിച്ചു തലതാഴ്ത്തേണ്ട സംഭവമാണ്.
തന്റെ ജീവിതം മുഴുവൻ താൻ എന്തിനുവേണ്ടിയാണോ സമർപ്പിച്ചത്, വിഭജനം എന്ന വളരെ വേദനാകരമായ സത്യം ഉൾക്കൊണ്ട് ആയതിനെ പോലും അംഗീകരിക്കേണ്ടി വന്നും ഇന്ത്യ എന്ന മഹാരാജ്യത്തെ സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് നയിച്ച ആ മനുഷ്യനു സ്വതന്ത്ര ഭാരതം അനുവദിച്ചത് കേവലം 169 ദിവസത്തെ ജീവിതം മാത്രം എന്നത് എത്ര ക്രൂരമാണ്. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ ഒരു ഈച്ചയെ പോലും നോവിക്കരുത് എന്ന സിദ്ധാന്തം മുറുകെപ്പിടിച്ച് അഹിംസയും സത്യാഗ്രഹവും തന്റെ പടവാളാക്കി ഒരു ജനതയുടെ സ്വാതന്ത്ര്യസമര പോരാട്ടത്തെ മുന്നോട്ടു നയിച്ച ലോകത്തിന് തന്നെ അത്ഭുതമായി മാറിയ കൃശഗാത്രനായ ആ മനുഷ്യന്റെ നെഞ്ചിൻ കൂട് തകർത്ത വെടിയുണ്ടകൾ ഉണ്ടാക്കിയ വിടവ് നഷ്ടപ്പെടുത്തിയ ജീവൻ കേവലം ഒരു വ്യക്തിയുടേതായിരുന്നില്ല.
ഒരു രാജ്യത്തെയല്ല ലോകത്തെ മുഴുവൻ തന്നെ മുന്നോട്ടു നയിച്ച ഊർജ്ജപ്രവാഹത്തിന്റേതായിരുന്നു. അടിമകളുടെയും നിരാലംബരുടെയും അതി ജീവനത്തിനുള്ള കരുത്ത് പകർന്ന അസാധ്യമായ ശക്തിയുടെ വെളിച്ചമാണ് സൂര്യൻ നട്ടുച്ചക്ക് അസ്തമിച്ചതുപോലെ തികച്ചും അപ്രതീക്ഷിതമായി ഇല്ലാതായത്. ഡൽഹിയിലെ ബിർളാ ഹൗസിൽ പ്രാർത്ഥനക്കെത്തിയവർക്കും അനുയായികൾക്കുമിടയിൽ വെച്ച് കയ്യെത്തുംദൂരത്ത് വെച്ചാണ് നാഥുറാം വിനായക് ഗോഡ്‌സേ കൊലപാതകം എന്ന ഹീന കൃത്യം ചെയ്തത്.
സാധാരണയായി വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന പ്രാർത്ഥനായോഗം വല്ലഭായി പട്ടേലുമായുള്ള അഭിമുഖസംഭാഷണത്താൽ അന്ന് വൈകി. അഞ്ച് മണി കഴിഞ്ഞ് 10 മിനിറ്റ് ആയപ്പോളാണ് അദ്ദേഹത്തിന്റെ ഊന്നുവടികളെന്ന് അറിയപ്പെട്ടിരുന്ന മനുവും ആഭയും സമയത്തെക്കുറിച്ച് ഓർമ്മിപ്പിച്ചത്. ഉടൻതന്നെ സംഭാഷണം നിർത്തി ഗാന്ധിജി പ്രാർത്ഥനയ്ക്കായി പുറപ്പെട്ടു. പ്രാർത്ഥനയ്ക്കായി അനുയായികൾ കാത്തിരിക്കുന്ന പ്രാർത്ഥന മൈതാനത്തിന് നടുവിലൂടെ നടന്ന്,വേദിയിലേയ്ക്ക് പോകുവാൻ ഗാന്ധിജി തീരുമാനിച്ചു.
ഈ സമയം ജനങ്ങൾക്കിടയിൽ നിന്നിരുന്ന ഗോഡ്‌സേ പോക്കറ്റിൽ കരുതിയിരുന്ന ബെറെറ്റ പിസ്റ്റൾ ഇരുകൈയ്യുകൾക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: 'നമസ്തേ ഗാന്ധിജി'. ഗാന്ധിജിയുടെ പാദം ചുംബിക്കുവാൻ അയാൾ തുടങ്ങുകയാണെന്ന് വിചാരിച്ച് മനു ഗോഡ്‌സേയെ വിലക്കി. എന്നാൽ ഇടത് കൈകൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റി വലതുകൈയ്യിലിരുന്ന പിസ്റ്റൾ കൊണ്ട് ഗോഡ്സേ മൂന്ന് തവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽ തന്നെ മൂന്ന് വെടികളും തുളച്ചുകയറി.
ആരുടെ പാപമോചനത്തിനുവേണ്ടി ഗാന്ധിജി ജീവിച്ചുവോ, അവർ തന്നെ അദ്ദേഹത്തെ വധിച്ചു. ലോകചരിത്രത്തിലെ ഈ രണ്ടാം ക്രൂശിക്കൽ നടന്നത് ഒരു വെള്ളിയാഴ്ചയാണ്. സത്യം മുറുകെ പിടിച്ചതിന് ആയിരത്തിത്തൊള്ളായിരത്തി പതിനഞ്ച് കൊല്ലം മുമ്പ് 30 വെള്ളി കാശിന് ശിഷ്യന്മാർ ഒറ്റുകൊടുത്ത യേശുവിനെ കുരിശിലേറ്റിയ അതേ വെള്ളിയാഴ്ച.
ഗാന്ധിജി കൊല്ലപ്പെട്ട വാർത്തയറിഞ്ഞ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആകാശവാണിയിലൂടെ ചെയ്ത പ്രക്ഷേപണത്തിൽ പറഞ്ഞത് നമ്മുടെ ജീവിതങ്ങളിൽ നിന്നും പ്രകാശം നിഷ്ക്രമിച്ചിരിക്കുന്നു എന്നാണ്. സർവ്വവും അന്ധകാരം നിറഞ്ഞിരിക്കുന്നു. നാം ബാപ്പു എന്ന് വിളിക്കുന്ന നമ്മുടെ പ്രിയനേതാവ്, രാഷ്ട്രത്തിന്റെ പിതാവ് ഇല്ലാതായിരിക്കുന്നു എന്ന് വിലപിച്ചപ്പോൾ ലോകം മുഴുവൻ അപ്രതീക്ഷിതമായ എന്തോ അത്യപത്ത് സംഭവിച്ചു കഴിഞ്ഞു എന്ന് ഉറപ്പിച്ചിരുന്നു. ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു വാർത്ത. എന്നും ചിരഞ്ജീവിയായി നമ്മോടൊപ്പം ഉണ്ടായിരിക്കണം എന്ന് ഏതൊരു ഇന്ത്യക്കാരനും ആഗ്രഹിച്ച വ്യക്തിയുടെ തികച്ചും ക്രൂരമായ കൊലപാതകം.
ഭഗവത്ഗീത കൈയിലേന്തി നടക്കുന്ന ഒരു സനാതന ഹിന്ദുവിനെ ഹേ രാം രാം എന്നും മന്ത്രിച്ചു കൊണ്ടിരിക്കുന്ന 100% ദൈവവിശ്വാസിയായ ആ മനുഷ്യനെ വീഴ്ത്തിയത് സ്വന്തം മതവിശ്വാസത്തിൽ തന്നെ പെട്ട ആൾ അതേ മതവിശ്വാസത്തിന്റെ പേരിൽ തന്നെ എന്നതാണ് മനുഷ്യമനത്തിൽ മതഭീകരത കയറി കഴിഞ്ഞാൽ പരമമായ സത്യത്തെ അവർക്ക് ഉൾക്കൊള്ളാൻ പറ്റില്ല എന്ന സത്യം നമ്മളെ പഠിപ്പിക്കുന്നത്. ഗാന്ധിജിയുടെ മൃതദേഹം ബിർളാഹൗസിൽ നിന്നും വിലാപയാത്രയായി യമുനാ നദിയുടെ തീരത്തെ ശ്മശാനമായ രാജ്‌ഘട്ടിലേയ്ക്ക് കൊണ്ടുപോയി. പത്ത് ലക്ഷത്തോളം പേർ പങ്കെടുത്തതായി വിശ്വസിക്കുന്നു.
ഗാന്ധിജിയുടെ പ്രിയപ്പെട്ട പുത്രൻ, അച്ഛന്റെ ജീവിത വഴി തിരഞ്ഞെടുത്തിരുന്ന പുത്രൻ രാംദാസ് ആണ് ചിതക്ക് അഗ്നി പകർന്നത്. കേവലമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാൾ ദാർശനികനായും ഗാന്ധി ലോകമെമ്പാടും അറിയപ്പെടുന്നു. ഗാന്ധിജിയുടെ ദർശനങ്ങൾ ആഗോള തലത്തിൽ ഒട്ടേറെ പൗരാവകാശ പ്രവർത്തകരെ സ്വാധീനിച്ചു. മാർട്ടിൻ ലൂഥർ കിംഗ്, സ്റ്റീവ് ബികോ, നെൽസൺ മണ്ടേല തുടങ്ങിയവർ ഗാന്ധിയൻ ആശയങ്ങൾ സ്വാംശീകരിച്ചവരിൽപെടുന്നു. കാലമെത്ര കഴിഞ്ഞാലും നൂറ്റാണ്ടുകൾ എത്ര പിന്നിട്ടാലും സൂര്യ ചന്ദ്രന്മാർ ഉദിക്കുന്നിടത്തോളം കാലം ഭൂമിയിൽ മനുഷ്യജീവികൾ അവശേഷിക്കുന്നിടത്തോളം കാലം മഹാത്മാവിൻ്റെ ഓർമ്മകൾ നിലനിൽക്കും.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Mahatma Gandhi, the father of the Indian nation, was assassinated 77 years ago on January 30th. His life and teachings of non-violence and truth continue to inspire people around the world.
#MahatmaGandhi #GandhiJayanti #India #NonViolence #Peace #Martyrdom