MLAs Disqualified | ഹിമാചലില്‍ കൂറുമാറിയ 6 കോണ്‍ഗ്രസ് എം എല്‍ എമാരെ അയോഗ്യരാക്കി സ്പീകര്‍

 


ന്യൂഡെല്‍ഹി: (KVARTHA) ഹിമാചല്‍ പ്രദേശില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ പൊട്ടിത്തെറിക്കൊടുവില്‍ കൂറുമാറി ബിജെപി സ്ഥാനാര്‍ഥിക്ക് വോടു ചെയ്ത ആറു കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കി സ്പീകര്‍. ബജറ്റ് സമ്മേളനത്തില്‍ വിപ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെയുള്ള നടപടി. രജിന്ദര്‍ റാണ, സുധീര്‍ ശര്‍മ, ഇന്ദര്‍ ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, ചേതന്യ ശര്‍മ, രവി ഠാക്കൂര്‍ എന്നിവര്‍ക്കെതിരെയാണു നടപടി.

'കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച ആറു എംഎല്‍എമാര്‍ കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതിന്റെ അടിസ്ഥാനത്തില്‍ അവരുടെ നിയമസഭാ അംഗത്വം റദ്ദാക്കുന്നു' എന്നാണ് സ്പീകര്‍ കുല്‍ദീപ് സിങ് പതാനിയ പറഞ്ഞത്. മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയെ പിന്തുണയ്ക്കുന്നവരും പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങിനെ പിന്തുണയ്ക്കുന്നവരുമാണു ഹിമാചലിലെ വിമത നീക്കത്തിനു പിന്നില്‍. കോണ്‍ഗ്രസിനു ഉറച്ചപിന്തുണയുള്ള സംസ്ഥാനത്ത് പാര്‍ടിയുടെ ആറ് എംഎല്‍എമാരും മൂന്നു സ്വതന്ത്രന്മാരും കൂറുമാറിയതിനെ തുടര്‍ന്ന് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ടി സ്ഥാനാര്‍ഥിയായ മനു അഭിഷേക് സിങ്‌വി പരാജയപ്പെട്ടിരുന്നു.

MLAs Disqualified | ഹിമാചലില്‍ കൂറുമാറിയ 6 കോണ്‍ഗ്രസ് എം എല്‍ എമാരെ അയോഗ്യരാക്കി സ്പീകര്‍

ഇതിന് പിന്നാലെ ഹിമാചല്‍ സര്‍കാര്‍ ന്യൂനപക്ഷമായെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പ്രതിസന്ധിക്കിടയിലും സംസ്ഥാന ബജറ്റ് പാസാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. രാജി പ്രഖ്യാപിച്ച മന്ത്രി വിക്രമാദിത്യ സിങ് തല്‍കാലത്തേക്ക് രാജി തീരുമാനത്തില്‍ നിന്നും പിന്മാറിയതും കോണ്‍ഗ്രസിന് ആശ്വാസമായി.

നിയമസഭയില്‍ 40 എം എല്‍ എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസിനുള്ളത്. 25 എം എല്‍ എമാര്‍ ബി ജെ പിക്കുമുണ്ട്. മൂന്ന് സ്വതന്ത്ര എം എല്‍ എമാരും കോണ്‍ഗ്രസ് സര്‍കാറിനെ പിന്തുണച്ചിരുന്നു. ഇതില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഉള്‍പെടെ ഒമ്പത് പേരാണ് രാജ്യസഭ തിരഞ്ഞെടുപ്പില്‍ കൂറുമാറിയത്.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ ഷിംലയിലേക്ക് അയച്ചാണ് പാര്‍ടിക്കുള്ളിലെ പൊട്ടിത്തെറി ശമിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സമവായശ്രമങ്ങള്‍ നടക്കുമ്പോഴും പാര്‍ടിക്കെതിരെ നിലപാടു സ്വീകരിച്ച വിമതര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടുപോകാനാണു തീരുമാനം. അതിന്റെ ഭാഗമായാണ് ആറ് എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി പുറത്തുവന്നിരിക്കുന്നത്.

Keywords: 6 Congress MLAs Disqualified, Himachal's Ruling Party Back From The Brink, New Delhi, News, Congress MLAs Disqualified, BJP, Politics, Rajya Sabha Election, Minister, Resignation, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia