Underwater Metro | രാജ്യത്തെ ആദ്യ അണ്ടര്‍ വാടര്‍ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരു യാത്രയും നടത്തി

 


കൊല്‍കത: (KVARTHA) രാജ്യത്തെ ആദ്യ അണ്ടര്‍ വാടര്‍ മെട്രോ പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച രാവിലെയാണ് മെട്രോ പാത രാജ്യത്തിന് സമര്‍പ്പിച്ചത്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് കൊല്‍കത മെട്രോ റെയില്‍ സര്‍വീസുകള്‍ അവലോകനം ചെയ്തിരുന്നു.

പശ്ചിമ ബംഗാളിലെ കൊല്‍കത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിന്റെ ഭാഗമായ ഹൗറ മൈദാന്‍- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടര്‍ വാടര്‍ സര്‍വീസ് ഉള്ളത്. ഹൂഗ്ലി നദിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്. രാജ്യത്തിന്റെ വികസനക്കുതിപ്പില്‍ പുതിയ നാഴികക്കല്ലാണ് കൊല്‍കത മെട്രോയുടെ ഭാഗമായി നിര്‍മിച്ച അണ്ടര്‍ വാടര്‍ മെട്രോ ടണല്‍. ഈ പാതയിലൂടെ ദിവസേന ഏഴു ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്.

Underwater Metro | രാജ്യത്തെ ആദ്യ അണ്ടര്‍ വാടര്‍ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒരു യാത്രയും നടത്തി

പുതുതായി നിര്‍മിച്ചിരിക്കുന്ന തുരങ്കത്തിന്റെ അടിഭാഗം നദിയുടെ ഉപരിതലത്തില്‍നിന്ന് 26 മീറ്റര്‍ താഴെയാണ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ കൊല്ലം ആറ് കോചുകളുള്ള രണ്ട് മെട്രോ ട്രെയിനുകള്‍ ഈ പാതയിലൂടെ ഓടിച്ച് വിജയകരമായി ടെസ്റ്റ് റണ്‍ നടത്തിയിരുന്നു.

പശ്ചിമബംഗാള്‍ തലസ്ഥാനത്തിന്റെ ഇരട്ടനഗരങ്ങളായ ഹൗറയെയും സാള്‍ട് ലേക്കിനെയുമാണ് ഈ മെട്രോ പാത ബന്ധിപ്പിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപോര്‍ട് പ്രകാരം, ഹൗറയേയും സാള്‍ട് ലേക്കിനെയും ബന്ധിപ്പിക്കുന്ന അണ്ടര്‍ വാടര്‍ മെട്രോയ്ക്ക് ആറു സ്റ്റേഷനുകളാണ് ഉണ്ടാവുക. ഇതില്‍ മൂന്നെണ്ണം ഭൂമിക്ക് അടിയിലായിരിക്കും. നഗരത്തിലെ ട്രാഫിക് കുറയ്ക്കാനും അന്തരീക്ഷ മലിനീകരണം ഉള്‍പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും പുതിയ പദ്ധതി വഴിവയ്ക്കുമെന്നാണ് പ്രതീക്ഷ.

ഹൂഗ്ലി നദിക്കടിയിലൂടെയുള്ള 520 മീറ്റര്‍ ദൂരം 45 സെകന്‍ഡില്‍ കടക്കാനാവും. 16.6 കിലോമീറ്ററാണ് ഇസ്റ്റ്-വെസ്റ്റ് മെട്രോയുടെ ദൈര്‍ഘ്യം. ഇതിന്റെ രണ്ടാമത്തെ സെക്ഷനാണ് ഹൗറ മൈദാന്‍-എസ്പ്ലനേഡ്.

ഉദ്ഘാടനത്തിന് പിന്നാലെ പതിവുപോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അണ്ടര്‍ വാടര്‍ മെട്രോയിലൂടെ സഞ്ചരിക്കുകയും ചെയ്തു. വിദ്യാര്‍ഥികളുമായി സംവദിച്ച പ്രധാനമന്ത്രി, മെട്രോ യാത്രയ്ക്കിടെ തൊട്ടടുത്ത ട്രാകിലൂടെ എത്തിയ മെട്രോ ട്രെയിനിലെ യാത്രക്കാരെ അഭിവാദ്യം ചെയ്തു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംദാറും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. യാത്രയ്ക്കിടെ മെട്രോ ജീവനക്കാരുമായും മോദി സംവദിച്ചു.

കൊല്‍കതയിലെ കവി സുഭാഷ്-ഹേമന്ത് മുഖോപാധ്യായ്, താരതല-മജേര്‍ഹട് മെട്രോ സെക്ഷനുകളും ബുധനാഴ്ച മോദി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നോര്‍ത് 24 പര്‍ഗാന ജില്ലയിലെ പൊതുസമ്മേളനത്തെയും അദ്ദേഹം അഭിസംബോധന ചെയ്യും.

ഈസ്റ്റ്  വെസ്റ്റ് മെട്രോ കോറിഡോറിന്റെ നിര്‍മാണം 2009ലാണ് ആരംഭിച്ചത്. ഇതില്‍പ്പെടുന്ന ഹൂഗ്ലി നദിയിലെ അണ്ടര്‍ വാടര്‍ ടണലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 2017ലും. ഈ പാതയില്‍ 16 മീറ്റര്‍ ദൂരം നദീജല നിരപ്പിനും അടിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കൊല്‍കത മെട്രോ റെയില്‍വേ ജെനറല്‍ മാനേജര്‍ ഉദയ് കുമാര്‍ റെഡ്ഡിയെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു.


Keywords: '520 meters in 45 seconds': PM opens India's first underwater metro in Kolkata, Kolkata, News, Underwater Metro, Inauguration, Prime Minister, Narendra Modi, School Children, Conference, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia