Y Category Security | കേരളത്തിലെ 5 ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പെടുത്തി കേന്ദ്രസര്‍കാര്‍
Oct 1, 2022, 15:16 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കേരളത്തിലെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍കാര്‍ ഉത്തരവിറക്കി. ഇവര്‍ക്ക് സുരക്ഷാഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. പിഎഫ്‌ഐ നിരോധനത്തിന്റെ പശ്ചാലത്തലത്തില്‍ കൂടിയാണ് അടിയന്തര സുരക്ഷ ഏര്‍പെടുത്തിയതെങ്കിലും അതിലേറെ ഈ അഞ്ച് ആര്‍എസ്എസ് നേതാക്കളും പിഎഫ്‌ഐയുടെ ഹിറ്റ് ലിസ്റ്റില്‍ കൂടി ഉള്‍പെട്ടവരാണ് എന്നാണ് വിവരം.

കേരളത്തിലെ ഒരു പിഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിഎഫ്‌ഐ നോട്ടമിട്ട നേതാക്കളുടെ പേരടങ്ങിയ ഒരു ഹിറ്റ്‌ലിസ്റ്റ് പൊലീസിന് ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് എന്‍ഐഎയ്ക്ക് കൈമാറിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ അഞ്ച് നേതാക്കള്‍ക്ക് സുരക്ഷ നല്‍കുന്നത്.
11 അര്‍ധ സൈനിക അംഗങ്ങളുടെ സുരക്ഷയാണ് നേതാക്കള്‍ക്ക് വൈ കാറ്റഗറിയില്‍ ലഭിക്കുക. ഇതില്‍ ആറു പേര്‍ വ്യക്തിഗത സുരക്ഷയ്ക്കാണ്. കൊച്ചിയിലെ ആര്‍എസ്എസ് ആസ്ഥാനത്തിനും അവിടെയുള്ള നേതാക്കള്‍ക്കും നിലവില്‍ കേന്ദ്രസേനയുടെ സുരക്ഷയുണ്ട്.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യയെയും (പിഎഫ്‌ഐ) 8 അനുബന്ധ സംഘടനകളെയും നിയമവിരുദ്ധമായി പ്രഖ്യാപിച്ചാണ് കേന്ദ്ര സര്‍കാര്‍ 5 വര്‍ഷത്തേക്ക് നിരോധിച്ചത്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) മൂന്നാം വകുപ്പ് പ്രകാരമാണ് നടപടി. ഇതിന് പിന്നാലെ കേരളത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിക്കാനും സംസ്ഥാന സര്‍കാര്‍ തീരുമാനിച്ചിരുന്നു.
അതിനിടെ കേന്ദ്രസര്‍കാര്‍ നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യയുടെ ഓഫീസുകള്‍ പൂട്ടി മുദ്ര വയ്ക്കുന്ന നടപടി തമിഴ്‌നാട്ടിലും തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഓഫീസുകള്‍ പൂട്ടി സീല്‍ ചെയ്തു.
ചെന്നൈ പുരസൈവാക്കത്തെ സംസ്ഥാന കമിറ്റി ഓഫീസ് രാവിലെ പൊലീസും എന്‍ഐഎയും റവന്യു ഉദ്യോഗസ്ഥരുമെത്തി പൂട്ടി മുദ്ര വച്ചു. പിഎഫ്‌ഐയ്ക്ക് സ്വാധീനമുള്ള കോയമ്പതൂര്‍ മേഖലയിലെ നിരവധി ഓഫിസുകളും സീല്‍ ചെയ്തു. സംഘര്‍ഷസാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്താകെ അരലക്ഷത്തോളം പൊലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.