ലോക് ഡൗണ്‍ ഇനിയും തുടരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി; നിലപാട് വ്യക്തമാക്കിയത് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 27.04.2020) കൊവിഡ് 19 പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ഇനിയും തുടരുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദി നിലപാട് വ്യക്തമാക്കിയത്. വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത നിലപാട് എടുക്കും. കൊവിഡ് തീവ്രബാധിത മേഖലകളില്‍ കര്‍ശനമായ നിയന്ത്രണം തുടരും. തീവ്രബാധിതമല്ലാത്ത മേഖലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മാര്‍ച്ച് 25ന് തുടങ്ങിയ ലോക്ഡൗണ്‍ മെയ് മൂന്നിനാണ് അവസാനിക്കുന്നത്. ഇതിന് ഒരാഴ്ച ബാക്കി നില്‍ക്കേയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നാലാം വട്ട ചര്‍ച്ച നടത്തുന്നത്. മാര്‍ച്ച് 23ന് രാജ്യമെമ്പാടും ഒരു ദിവസത്തെ അടച്ചിടല്‍ നടത്തിയ ശേഷമാണ് 24 മുതല്‍ ഏപ്രില്‍ 14 വരെയും തുടര്‍ന്ന് മേയ് മൂന്നുവരെയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

 ലോക് ഡൗണ്‍ ഇനിയും തുടരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി; നിലപാട് വ്യക്തമാക്കിയത് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും അതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന അടച്ചിടല്‍ ആയിരക്കണക്കിന് ആളുകളുടെ ജീവനാണ് രക്ഷിച്ചത്. കൊവിഡ് 19 വൈറസ് ബാധയുടെ തീവ്രത കണ്ടെത്തുന്നതിനായി ജില്ലകളെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളായി തിരിക്കണമെന്നും മോദി നിര്‍ദേശിച്ചു.

സമ്പദ് വ്യവസ്ഥയ്ക്ക് പ്രാമുഖ്യം നല്‍കുന്നതിനൊപ്പം കൊവിഡിനെതിരായ പോരാട്ടം തുടരേണ്ടതുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. മാക്സ് ഉപയോഗം ഏറെക്കാലത്തേക്ക് ജീവിതത്തിന്റെ ഭാഗമാക്കണമെന്നും 'ആറടി അകലം' എന്ന മന്ത്രം പാലിക്കണമെന്നും മോദി പറഞ്ഞു.

യോഗത്തില്‍ പങ്കെടുത്ത ഒമ്പത് മുഖ്യമന്ത്രിമാരില്‍ അഞ്ചു പേര്‍ ലോക് ഡൗണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കര്‍ശന നിയന്ത്രണം തുടരണമെന്ന ആവശ്യമാണ് ഒഡീഷ, മേഘാലയ അടക്കം നാല് സംസ്ഥാനങ്ങള്‍ മുന്നോട്ടുവച്ചത്.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുത്തില്ല. പകരം ചീഫ് സെക്രട്ടറിയെ നിയോഗിക്കുകയായിരുന്നു. വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സംസാരിക്കാനാവില്ല. കഴിഞ്ഞതവണ പിണറായി വിജയന് സംസാരിക്കാന്‍ അവസരം ഉണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് തിങ്കളാഴ്ചത്തെ കോണ്‍ഫറന്‍സില്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചത്.

Keywords:  4 CMs seek lockdown extension; global cases cross 3 mn, New Delhi, News, Politics, Lockdown, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia