Police Custody | പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ 4 പ്രതികളെയും കോടതി 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

 


ന്യൂഡെല്‍ഹി: (KVARTHA) പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ നാലു പ്രതികളെയും കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സാഗര്‍ ശര്‍മ, മൈസൂരു സ്വദേശി മനോരഞ്ജന്‍ ഗൗഡ, മഹാരാഷ്ട്രയില്‍ നിന്നുള്ള അമോള്‍ ഷിന്‍ഡെ, ഹരിയാനക്കാരി നീലം എന്നിവരെയാണ് പാട്യാല ഹൗസ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പാര്‍ലമെന്റില്‍ എത്തുന്നതിന് മുമ്പ് ഇവര്‍ താമസിച്ചിരുന്നത് ഗുരുഗ്രാമിലെ വിശാല്‍ ശര്‍മയുടെ വീട്ടിലായിരുന്നു. വിശാല്‍ ശര്‍മയെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിലെ മുഖ്യ സൂത്രധാരന്‍ ലളിത് ഝാ ഒളിവിലാണ്.

Police Custody | പാര്‍ലമെന്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ 4 പ്രതികളെയും കോടതി 7 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

വ്യാഴാഴ്ച വൈകിട്ടാണ് നാലുപേരെയും പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. വിശദമായി ചോദ്യം ചെയ്യുന്നതിന് പ്രതികളുടെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഏതെങ്കിലും തീവ്രവാദ സംഘടനയ്ക്ക് സംഭവത്തില്‍ ബന്ധമുണ്ടോ എന്നും അന്വേഷിക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

പ്രത്യേക ജഡ്ജ് ഹര്‍ദീപ് കൗറിന് മുന്നില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മുംബൈയിലേക്കും ലക്നൗവിലേക്കും കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി 15 ദിവസത്തെ കസ്റ്റഡി പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജഡ്ജ് ഒരാഴ്ചത്തെ സമയം അനുവദിക്കുകയായിരുന്നു.

പ്രതികള്‍ക്കെതിരെ യു എ പി എ ചുമത്തിയിട്ടുണ്ട്. കൂടാതെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ, സുരക്ഷാ വീഴ്ചയില്‍ ഏഴ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ലോക് സഭ സെക്രടേറിയറ്റാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പാര്‍ലമെന്റിനകത്തും പരിസരത്തും ഒരുക്കിയിരിക്കുന്നത്.

മകര്‍ ദ്വാര്‍ കവാടത്തിലൂടെ പാര്‍ലമെന്റിലേക്ക് എംപിമാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ. സുരക്ഷാ ജീവനക്കാരുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും എംപിമാരും രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു പുകത്തോക്ക് പൊട്ടിച്ച് സന്ദര്‍ശക ഗാലറിയുണ്ടായിരുന്ന പ്രതികള്‍ താഴേക്ക് ചാടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.

മൈസുരുവില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പാസില്‍ സന്ദര്‍ശക ഗാലറിയിലെത്തി ലോക്‌സഭയിലേക്ക് ചാടിയിറങ്ങിയ സാഗര്‍ ശര്‍മയെയും മനോരഞ്ജന്‍ ഗൗഡയെയും എംപിമാര്‍ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി. പാര്‍ലമെന്റ് വളപ്പിനു പുറത്ത് ഇതേ സംഘത്തില്‍പെട്ട നീലവും അമോള്‍ ഷിന്‍ഡെയും പുകത്തോക്ക് പൊട്ടിച്ച് പ്രതിഷേധ മുദ്രാവാക്യങ്ങളുയര്‍ത്തി ഡെല്‍ഹി പൊലീസിന്റെ പിടിയിലായിരുന്നു. ഇതിന് അരമണിക്കൂര്‍ കഴിഞ്ഞായിരുന്നു ലോക്‌സഭക്ക് അകത്ത് കയറിയുള്ള അതിക്രമം.

Keywords:  4 Accused In Parliament Security Breach Sent To Police Custody For 7 Days, New Delhi, News, Politics, Police Custody, Parliament Security Breach, Court, Judge, Probe, UAPA, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia