Lalithambika | ലളിതാംബിക അന്തർജ്ജനം ഓർമയായിട്ട് 38 വർഷം; മറക്കുട മാറ്റി ജ്വലിച്ച അക്ഷര നാളം

 
38 Years Since Lalithambika Antharjanam’s Demise; A Day Remembering Her Literary Flame
38 Years Since Lalithambika Antharjanam’s Demise; A Day Remembering Her Literary Flame

Photo Credit: Website/ Kerala Women

● 'അഗ്നിസാക്ഷി' മലയാള സാഹിത്യത്തിന്റെ ദിശാസൂചികയെ സ്വാധീനിച്ചു.
● സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്ത വനിതയായിരുന്നു ലളിതാംബിക അന്തർജ്ജനം.
● കവിതകളിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ചു, പിന്നീട് പ്രമുഖ കഥാകൃത്തായി.

(KVARTHA) മുത്തശ്ശിയായിരിക്കേ എഴുതിയ 'അഗ്നിസാക്ഷി' എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ പ്രേമികളുടെ  മനസ്സിൽ ചിര:പ്രതിഷ്ഠ നേടിയ എഴുത്തുകാരിയാണ് ലളിതാംബിക അന്തർജ്ജനം. കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, പ്രഥമ വയലാർ അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ 'അഗ്നിസാക്ഷി' നേടി. മലയാളസാഹിത്യത്തിന്റെ ദിശാസൂചികയെ തന്നെ സ്വാധീനിച്ച നോവലായിരുന്നു അഗ്നിസാക്ഷി.

ഈ നോവൽ ഇതേ പേരിൽ ശ്യാമപ്രസാദ് ചലച്ചിത്രമാക്കുകയും നിരവധി ദേശീയ, അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വനിതയും 
കേരളത്തിലെ പ്രശസ്തയായ കഥാകൃത്തും നോവലിസ്റ്റുമായിരുന്ന അവർ. എഴുപതാം വയസ്സിൽ എഴുതിയ തന്റെ ആത്മകഥയായ 'ആത്മകഥയ്ക്ക് ഒരു ആമുഖം' എന്ന കൃതിയിൽ ലളിതാംബിക അന്തർജ്ജനം അവരെ സ്വയം വിശേഷിപ്പിക്കുന്നത് കറകളഞ്ഞ വിപ്ലവകാരി ആയിട്ടാണ്. 

സ്വാതന്ത്ര്യത്തിന്റെ അലയൊലി ഇരുട്ടു നിറഞ്ഞ അന്തപുരങ്ങളെ പോലും പിടിച്ചു കുലുക്കിയപ്പോൾ മറക്കുട വലിച്ചെറിഞ്ഞ് പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെട്ട വിപ്ലവകാരിയാണ് അന്തർജനം. കൊച്ചു കുഞ്ഞിനെ മാറോടണച്ച് പ്ലാറ്റ് ഫോറത്തിൽ നിന്ന് തീപ്പൊരി പ്രസംഗം നടത്തുന്ന യുവതി. സ്വാഭിപ്രായങ്ങൾ ശരിയാണെന്ന് സ്ഥാപിക്കാൻ ആരെയും എതിർക്കുന്ന ധാർഷ്ട്യക്കാരി, കലയെ ആയുധമാക്കി  സാഹിത്യ കളരിയിലിറങ്ങി തട്ടും വെട്ടും വാങ്ങിക്കുന്ന അജ്ഞയും ദുശ്ശഠ്യക്കാരിയും. കാലത്തിന്റെ ഉൾവിളിക്ക് കാതോർത്തു നിന്നു കൊണ്ട്  സാമൂഹ്യ നവോത്ഥാനത്തിനു വേണ്ടി പോരാടിയ ഒരു വനിതയുടെ ശബ്ദമായി അത് എന്നും നിലനിൽക്കുന്നു. 

1909 മാർച്ച്‌ 30 ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവട്ടം എന്ന സ്ഥലത്താണ് അവർ ജനിച്ചത്. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി ദാമോദരൻ പോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു ലളിതാംബിക. മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളിൽ ഒരാളായിരുന്ന പരേതനായ എൻ മോഹനൻ ഇവരുടെ പുത്രനായിരുന്നു. മലയാളത്തിൽ കവിതാ രംഗത്തും കഥാരംഗത്തും ഒന്നുപോലെ കരവിരുതു തെളിയിച്ചിട്ടുള്ള സാഹിത്യകാരിയായിരുന്നു ലളിതാംബിക അന്തർജനം.  

നാലുകെട്ടുകൾക്കുള്ളിൽ മൂടുപടങ്ങളിലും മറക്കുടകളിലും മൂടി നെടുവീർപ്പിട്ടു കണ്ണുനീർവാർത്തു കഴിഞ്ഞ ആത്തോൽസമൂഹത്തിൻറെ ദുരന്ത കഥകൾക്ക് നാവും നാമവും കൊടുക്കാൻ അവരുടെ ഇടയിൽനിന്നുതന്നെ ഉയർന്നുവന്ന പ്രതിഭാസമാണ്‌ അന്തർജനം. ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചത് ഇവരാണ്. സോഷ്യൽ വെൽഫയർ ബോർഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവർത്തക സഹകരണ സംഘം ഡയറക്ടർ ബോർഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നിട്ടുണ്ട്.

സ്വാതന്ത്ര്യ സമര പോരാട്ട നാളുകളിൽ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന വിപ്ലവ മുദ്രാവാക്യവുമായി യോഗക്ഷേമസഭയുടെ പ്രവർത്തനങ്ങൾ മുന്നേറിയപ്പോൾ അതിന്റെ മുന്നണി പോരാളിയായി. സാമൂഹ്യ വിപ്ലവത്തിന്റെ തീജ്വാല സാഹിത്യ സൃഷ്ടികൾ കൊണ്ടും   പ്രവർത്തികൊണ്ടും എത്തേണ്ട സ്ഥലത്ത് എത്തിച്ച ധീര വിപ്ലവകാരികളായ ലളിതാംബിക അന്തർജ്ജനം തന്റെ എഴുപത്തിയെട്ടാമത്തെ വയസിൽ 1987 ഫെബ്രുവരി അഞ്ചിന് ഈ ലോകത്തോട് വിട പറഞ്ഞു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

38 years since Lalithambika Antharjanam’s death, remembers her legacy through her revolutionary writing and social contributions, including her acclaimed novel 'Agnisakshi'.

#LalithambikaAntharjanam, #Agnisakshi, #Literature, #SocialRevolution, #MalayalamLiterature, #RevolutionaryWriter

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia