Ayushman | ആയുഷ്മാൻ ഭാരത്: 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ ഇതുവരെ വിതരണം ചെയ്തത് 30 കോടിയിലധികം കാർഡുകൾ; എളുപ്പത്തിൽ അപേക്ഷിക്കുന്നതിന് മൊബൈൽ ആപ്പും; 52 ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തു

 


ന്യൂഡെൽഹി: (KVARTHA) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ ചികിത്സ നൽകുക എന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ് ആയുഷ്മാൻ ഭാരത് യോജന. ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക് ആയുഷ്മാൻ കാർഡ് ലഭിക്കും. ആയുഷ്മാൻ കാർഡ് കൈവശമുള്ള അർഹരായ ഓരോ കുടുംബത്തിനും പ്രതിവർഷം അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സയുടെ ആനുകൂല്യം ലഭിക്കും. രജിസ്റ്റർ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ആയുഷ്മാൻ കാർഡ് വഴി സൗജന്യ ചികിത്സ നേടാം.
  
Ayushman | ആയുഷ്മാൻ ഭാരത്: 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയിൽ ഇതുവരെ വിതരണം ചെയ്തത് 30 കോടിയിലധികം കാർഡുകൾ; എളുപ്പത്തിൽ അപേക്ഷിക്കുന്നതിന് മൊബൈൽ ആപ്പും; 52 ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തു


മുപ്പത് കോടിയിലധികം ഗുണഭോക്താക്കൾ

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പ്രകാരം മുപ്പത് കോടിയിലധികം ആയുഷ്മാൻ കാർഡുകൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തതായി വെളിപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ. രാജ്യത്തെ 10 കോടിയിലധികം ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ സൗകര്യങ്ങൾ നൽകുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. 2018 സെപ്റ്റംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ആരംഭിച്ചത്.

പ്രധാനമന്ത്രി മോദിയുടെ ഉറപ്പ് പ്രകാരം 30 കോടിയിലധികം ആളുകൾക്ക് സൗജന്യ ചികിത്സ നൽകിയെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സോഷ്യൽ മീഡിയയിലെ കുറിപ്പിൽ പറഞ്ഞു. ആയുഷ്മാൻ ഭാരത് യോജനയുടെ കീഴിലുള്ള ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ് ആയുഷ്മാൻ കാർഡ് നിർമാണം. പദ്ധതിക്ക് കീഴിലുള്ള എല്ലാ ഗുണഭോക്താക്കൾക്കും ആയുഷ്മാൻ കാർഡ് ഉണ്ടെന്ന് ഉറപ്പാക്കാൻ നിരന്തരമായ ശ്രമങ്ങൾ സർക്കാർ നടത്തി വരുന്നുണ്ട്.

നിരന്തര പരിശ്രമത്തിന്റെ ഫലമായി 30 കോടി ആയുഷ്മാൻ കാർഡുകൾ എന്ന നേട്ടത്തിൽ ഈ പദ്ധതി എത്തി. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിൽ മാത്രം 16.7 കോടിയിലധികം ആയുഷ്മാൻ കാർഡുകൾ ലഭ്യമാക്കി. 2023-24 കാലയളവിൽ ഇതുവരെയായി 7.5 കോടിയിലധികം ആയുഷ്മാൻ കാർഡുകൾ നൽകിയിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഓരോ മിനിറ്റിലും ഏകദേശം 181 ആയുഷ്മാൻ കാർഡുകൾ സൃഷ്ടിക്കപ്പെടുന്നു എന്നാണ്. കൂടാതെ ഇതുവരെ പദ്ധതിക്ക് കീഴിൽ 6.2 കോടി ആശുപത്രി പ്രവേശങ്ങളുണ്ടായിട്ടുണ്ട്. 79,157 കോടി രൂപയുടെ ആനുകൂല്യമാണ് ഇതുവഴി നൽകിയത്.


സേവനം മൊബൈൽ ആപ്പിലൂടെയും

ആയുഷ്മാൻ കാർഡ് സൃഷ്ടിക്കുന്നതിനായി കേന്ദ്ര സർക്കാർ 'ആയുഷ്മാൻ ആപ്പ്' പുറത്തിറക്കിയിട്ടുണ്ട്. ലളിതമായ നാല് ഘട്ടങ്ങളിലൂടെ, ആൻഡ്രോയിഡ് മൊബൈൽ ഫോൺ ഉപയോഗിച്ച് ആയുഷ്മാൻ കാർഡ് സൃഷ്‌ടിക്കാൻ ഉപയോക്താക്കൾക്കാവും. 2023 സെപ്‌റ്റംബർ 13-ന് ലോഞ്ച് ചെയ്‌തതിനുശേഷം ആപ്പ് 52 ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്‌തു എന്നതിൽ നിന്ന് ഈ ആപ്ലിക്കേഷന്റെ വിജയം അളക്കാൻ കഴിയുമെന്ന് സർക്കാർ വ്യക്തമാക്കി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ പങ്കിട്ട വിവരങ്ങൾ പ്രകാരം മൊബൈൽ ആപ്പിലൂടെ ഇങ്ങനെ അപേക്ഷിക്കാം.

* ആയുഷ്മാൻ കാർഡ് നിർമ്മിക്കാൻ, പ്ലേ സ്റ്റോറിൽ നിന്ന് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന ആപ്പ് (PM-JAY) ഡൗൺലോഡ് ചെയ്യുക, തുടർന്ന് ആപ്പ് തുറന്ന് ലോഗിൻ ചെയ്യേണ്ടതുണ്ട്, ബെനിഫിഷ്യറി ഓപ്ഷൻ തിരഞ്ഞെടുക്കുക, നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക, ഒ ടി പി നൽകി ലോഗിൻ ചെയ്യുക.
* അതിനുശേഷം, ആപ്പിൽ ചോദിക്കുന്ന വിവരങ്ങൾ നൽകേണ്ടിവരും, അതിൽ നിങ്ങളുടെ സംസ്ഥാനം, ജില്ല എന്നിവ രേഖപ്പെടുത്തുകയും റേഷൻ കാർഡ് നമ്പർ നൽകുകയും വേണം.
* ഇതുവരെ ആയുഷ്മാൻ കാർഡ് ഉണ്ടാക്കിയവരുടെ പേര് പേര് നിറത്തിലായിരിക്കും. ഓറഞ്ച് നിറത്തിലാണ് പേരെങ്കിൽ കാർഡുകൾ ഉണ്ടാക്കിയിട്ടില്ല. അവരുടെ പേരിന് മുന്നിൽ 'Do e-KYC' ഓപ്ഷൻ പ്രദർശിപ്പിക്കും. ഇത് തിരഞ്ഞെടുക്കണം.
* ഇതിനുശേഷം, പ്രാമാണീകരണത്തിനായി നാല് മാർഗങ്ങളുണ്ട്. ഇതിൽ ആധാർ ഒടിപി, ഫിംഗർ പ്രിന്റ്, ഐറിസ് സ്കാൻ, ഫേസ് ഓതന്റിക്കേഷൻ എന്നിവ സമർപ്പിക്കാം.
* മൊബൈൽ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ, ആധാർ ഒടിപി തിരഞ്ഞെടുക്കുക. ലിങ്ക് ഇല്ലെങ്കിൽ മുഖ പ്രാമാണീകരണം ഓപ്ഷൻ തിരഞ്ഞെടുക്കുക. ആധാർ അന്തർലീനത്തിനു ശേഷം, നിങ്ങൾ ഫോട്ടോ ക്യാപ്‌ചറിൽ ക്ലിക്ക് ചെയ്യണം. ഇതിൽ കാർഡ് ഉണ്ടാക്കേണ്ട ആളുടെ ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യണം. ഇതിനുശേഷം, നിങ്ങളുടെ വിലാസവും മൊബൈൽ നമ്പറും നൽകി സമർപ്പിക്കണം.
* ഇപ്പോൾ ആയുഷ്മാൻ നിർമ്മിക്കുന്നതിനുള്ള നിങ്ങളുടെ ഇ-കെവൈസി പൂർത്തിയായി. അതിനുശേഷം നിങ്ങൾക്ക് ആയുഷ്മാൻ കാർഡ് ഡൗൺലോഡ് ചെയ്യാം.

അതേസമയം കേരളം അടക്കം പല സംസ്ഥാനങ്ങളിലും ആയുഷ്മാൻ കാർഡിന് അപേക്ഷിക്കുന്ന ലിങ്കുകൾ നിലവിൽ പ്രവർത്തിക്കുന്നില്ലെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും അഭിപ്രായപ്പെട്ടു. എന്നിരുന്നാലും ചികിത്സയുടെ ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, 30 crore Ayushman Cards created under Ayushman Bharat Pradhan Mantri Jan Arogya Yojana

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia