2ജി: കോടതിവിധിക്കെതിരെ സ്വാമി

 



2ജി: കോടതിവിധിക്കെതിരെ സ്വാമി
ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ പി. ചിദംബരത്തെ അനുകൂലിച്ചുളള സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ അല്ല വിധി വന്നത്. ഈ വിധി മോശമായിപ്പോയെന്നും സ്വാമി പറഞ്ഞു. ചിദംബരം രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നല്ല താന്‍ വാദിച്ചത്. രാജ്യത്തിനു നഷ്ടപ്പെട്ട പണത്തെ കുറിച്ചാണെന്നും സ്വാമി പറഞ്ഞു.

ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യസ്വാമിയും അണ്ണാ ഹസാരെ സംഘാംഗം പ്രശാന്ത് ഭൂഷനുമാണ് 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിനെതിരെ അന്വേഷണം വേണമെന്നു ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. ജസ്റ്റിസുമാരായ ജി.എസ്. സിങ്‌വി, കെ എസ് രാധാകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചാണു കേസ് പരിഗണിച്ചത്. ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ക്കു വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്കു കഴിയാത്തതിനാലാണ് ഹരജി തള്ളിയതെന്നും കോടതി വ്യക്തമാക്കി.

ചിദംബരത്തിന്റെ അറിവോടുകൂടിയാണ് എ. രാജ ലേലം കൂടാതെ 2ജി സ്‌പെക്ട്രം അനുവദിച്ചതെന്നു ഇരുവരും ഹര്‍ജികളില്‍ ആരോപിച്ചിരുന്നു. രാജയ്‌ക്കെതിരെയുളള അതേ ആരോപണങ്ങള്‍ പി ചിദംബരത്തിനെതിരെയും ഇവര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അതു ശരിയല്ലെന്ന് സുപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി. ചിദംബരം സാമ്പത്തിക ലാഭമുണ്ടാക്കിയെന്നതിനോ ഔദ്യോഗിക പദവി ദുര്‍വിനിയോഗം ചെയ്തതിനോ തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

നേരത്തേ ഇതേ ആവശ്യമുന്നയിച്ച് 2ജി പ്രത്യേക കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ചിദംബരം നിരപരാധി ആണെന്നും 2ജി പ്രത്യേക കോടതി പറഞ്ഞിരുന്നു. 2ജി അഴിമതിക്കേസില്‍ രാഷ്ട്രീയ പ്രേരിതമായാണ് പി ചിതംബരത്തെ ഉള്‍പ്പെടുത്താന്‍ ചില രാഷ്ട്രീയ നേതാക്കള്‍ ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

2ജി അഴിമതി നേരത്തെ തന്നെ തെളിഞ്ഞതാണ്. കുറ്റക്കാര്‍­കെ­തിരെ തിരെ നടപടി വേണമെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ചിദംബരത്തിനെതിരെ തെളിവില്ലെന്നു പറയുന്നത് എന്തടിസ്ഥാനത്തില്‍ ആണെന്നു മനസിലാകുന്നില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

Keywords: Subramanian swamy, 2G spectrum, Case, P.Chidambaram, New Delhi, Supreme court, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia