Legacy | മലയാറ്റൂർ വിടവാങ്ങിയിട്ട് 27 വർഷം; സർവീസ് സ്റ്റോറികൾക്ക് അപ്പുറം വളർന്ന ബഹുപ്രതിഭ

 
Malayattoor Ramakrishnan in various roles
Malayattoor Ramakrishnan in various roles

Photo Credit: Facebook/ Malayattoor Ramakrishnan

● മലയാറ്റൂർ വിടവാങ്ങിയിട്ട് 27 വർഷം; സർവീസ് സ്റ്റോറികൾക്ക് അപ്പുറം വളർന്ന ബഹുപ്രതിഭ.
● കാര്യ പ്രാപ്തിയുള്ള ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന മലയാറ്റൂർ സർവീസിൽ നിന്ന് സ്വയം വിരമിക്കുകയാണ് ഉണ്ടായത്. 
● സർവീസ് സ്റ്റോറി എന്റെ ഐഎഎസ് ദിനങ്ങൾ എന്ന പേരിൽ എഴുതിയപ്പോഴും ആ ധർമ്മ സങ്കടത്തിന്റെ വീർപ്പുമുട്ടൽ പ്രകടമായിരുന്നു. 

(KVARTHA) മലയാളത്തിലെ പ്രശസ്ത നോവലിസ്റ്റും പ്രഗൽഭ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായിരുന്ന മലയാറ്റൂരെന്ന് അറിയപ്പെട്ടിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ വിട വാങ്ങിയിട്ട്  27 വർഷം. പാലക്കാട് ജില്ലയിലെകൽപ്പാത്തിയിൽ ഒരു അഗ്രഹാരത്തിൽ ജനിച്ച  കെ വി രാമകൃഷ്ണ അയ്യർ  എന്ന മലയാറ്റൂർ രാമകൃഷ്ണൻ നോവലിസ്റ്റും ചെറുകഥാകൃത്തും ഐ.എ.എസ്. ഓഫീസറും എന്നതിനു പുറമേ അധ്യാപകൻ, സിനിമ പ്രവർത്തകൻ, കാർട്ടൂണിസ്റ്റ്, മജിസ്ട്രേറ്റ്  തുടങ്ങി നിരവധി മേഖലകളിൽ കഴിവുകൾ തെളിയിച്ച വ്യക്തിയാണ്.  

കാര്യ പ്രാപ്തിയുള്ള ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന മലയാറ്റൂർ സർവീസിൽ നിന്ന് സ്വയം വിരമിക്കുകയാണ് ഉണ്ടായത്. അധികാരസ്ഥാനത്ത് ഇരുന്നപ്പോൾ സർവീസ് ചട്ടങ്ങൾക്ക് പ്രാധാന്യം നൽകിയ മലയാറ്റൂരിന്  സ്വന്തം മനസ്സാക്ഷിയെ  പടിക്ക് പുറത്ത് നിർത്തേണ്ടിവന്ന പല രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും കീഴ്പ്പടേണ്ടി വന്നതിന്റെ മനോവ്യഥ ആ മനസ്സിനെ വേട്ടയാടേണ്ടി വന്നതിന്റെ ബാക്കി പത്രം ആണ്  ഈ വിവരങ്ങൾ ഒക്കെ മറച്ചുവെച്ചുകൊണ്ട് സാഹിത്യ മേഖലകളിൽ സജീവമാകാൻ സ്വയം വിരമിക്കൽ ആവശ്യപ്പെട്ടുകൊണ്ട് കത്തു നൽകാൻ അദ്ദേഹം നിർബന്ധിതനായത്. 

തന്റെ മനസ്സാക്ഷിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ  തന്റേതായ മാധ്യമം വഴി പുറത്തുവരാൻ സർവീസ് ചട്ടങ്ങൾ തടസ്സമായപ്പോൾ കോപവും സങ്കടവും ഉള്ളിലൊതുക്കി മലയാറ്റൂർ സ്വയം വിരമിക്കൽ ഏറ്റു വാങ്ങുകയായിരുന്നു. സർവീസ് സ്റ്റോറി എന്റെ ഐഎഎസ് ദിനങ്ങൾ എന്ന പേരിൽ എഴുതിയപ്പോഴും ആ ധർമ്മ സങ്കടത്തിന്റെ വീർപ്പുമുട്ടൽ പ്രകടമായിരുന്നു. 

സാക്ഷിക്കൂട്ടിൽ കയറി നിൽക്കുന്നതിന്റെ തോന്നലാണ് എനിക്ക്. സത്യം പറയാം. സത്യമേ പറയാവൂ. എന്നാൽ എല്ലാ സത്യവും തുറന്നു പറയാൻ പറ്റുമോ? എന്നീ വരികളിൽ തുടങ്ങുന്ന ആത്മകഥ ഞാൻ സാക്ഷിക്കൂട്ടിൽ നിന്നിറങ്ങുന്നു. വളച്ചൊടിക്കൽ ഇല്ലാതെ മൊഴി പറഞ്ഞ ആത്മ സംതൃപ്തിയോടെ  എന്നു പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. 

ബിരുദ പഠനത്തിനുശേഷം നിയമപഠനം പൂർത്തിയാക്കി ബോംബെയിലെ ഫ്രീ പ്രസ്സിൽ സബ് എഡിറ്ററും ശങ്കേഴ്സ് വീക്കിലിയിൽ കാർട്ടൂണിസ്റ്റും  വക്കീലും മജിസ്ട്രേറ്റും, കേരള കേന്ദ്രസർക്കാറുകളിൽ നിരവധി വകുപ്പുകളുടെ സെക്രട്ടറിയും, ലളിതകല അക്കാദമി ചെയർമാനും ഒക്കെയായി നിരവധി വേഷങ്ങളിൽ മലയാറ്റൂർ കഴിവ് തെളിയിച്ചിട്ടുണ്ട്. 

 ഭരണപരിഷ്കാര കമ്മിറ്റി സെക്രട്ടറി ആയിരിക്കെ  ഒഴിവുസമയങ്ങളിൽ  എഴുതിയ മുഖം എന്ന നോവൽ  പരിശോധനക്കായി വയലാർ രാമവർമ്മക്ക് അയച്ചു കൊടുത്തപ്പോൾ  പേര് മാറ്റി യക്ഷി എന്നാക്കുകയും  പിന്നീട് സൂപ്പർ ഹിറ്റ് സിനിമയായി മാറിയ കഥയും മലയാറ്റൂർ സർവീസ് സ്റ്റോറിയിൽ അനുസ്മരിക്കുന്നുണ്ട്. നിഗൂഢമായ മാനസിക പ്രവർത്തനങ്ങളാണ് യക്ഷിയുടെ ഇതിവൃത്തം. വേരുകൾ, യന്ത്രം, യക്ഷി, നെട്ടൂർ മഠം, പൊന്നി, എന്റെ ഐ.എ.എസ്. ദിനങ്ങൾ (സർവ്വീസ് സ്റ്റോറി) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികൾ.

ചിത്രകാരൻ എന്ന നിലയിലും പ്രസിദ്ധനായിരുന്നു മലയാറ്റൂർ. 1952-ൽ പി.ടി. ഭാസ്കരപ്പണിക്കർ, ഇ.എം.ജെ. വെണ്ണിയൂർ, ടി.എൻ. ജയചന്ദ്രൻ എന്നിവർക്കൊപ്പം ചിത്രകലാപരിഷത്ത് ആരംഭിക്കാൻ മലയാറ്റൂരും നേതൃത്വം നൽകി. 1954-ൽ മലയാറ്റൂർ ഇടതുപക്ഷകക്ഷികളുടെ പിന്തുണയോടെ സ്വതന്ത്രനായി തിരു-കൊച്ചി നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

നോവൽ, തിരക്കഥ, കാർട്ടൂൺ തുടങ്ങിയ ബഹുമുഖ മേഖലകളിൽ വ്യാപിച്ചുനിൽക്കുന്നതാണ് മലയാറ്റൂരിന്റെ സർഗാത്മകജീവിതം. തുടക്കം ഒടുക്കം എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. പല ചലച്ചിത്രങ്ങളുടെ തിരക്കഥാരചനയും മലയാറ്റൂർ നിർവ്വഹിച്ചിട്ടുണ്ട്. യക്ഷി, ചെമ്പരത്തി, അയ്യർ ദി ഗ്രേറ്റ് എന്നിവയായിരുന്നു ഇവയിൽ പ്രശസ്തമായവ.

ബ്രിഗേഡിയർ വിജയൻ മേനോൻ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി മലയാറ്റൂർ എഴുതിയ ബ്രിഗേഡിയർ കഥകൾ ഏറെ പ്രസിദ്ധമാണ്. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും, ഷെർലക് ഹോംസ് നോവലുകളും ആദ്യമായി മലയാളത്തിലേക്ക് തർജ്ജമ ചെയ്തതും ഇദ്ദേഹമാണ്.
അഗ്രഹാരത്തിന്റെ പശ്ചാത്തലത്തിൽ ജനിച്ചു അതുമായി ഇടപഴകി നിരവധി രചനകൾ നടത്തിയ മലയാറ്റൂർ  ഏറെക്കാലം നിരീശ്വരവാദി കൂടിയായിരുന്നു എന്നത് പലർക്കും അറിയാത്ത സത്യമാണ്.

നിരീശ്വരവാദം തലയിൽ കയറിയപ്പോൾ ജാതി ചിന്തയുടെ പ്രതീകമായി തന്റെ ശരീരത്തിലുള്ള പുണുൽ വെട്ടി മാറ്റുകയും ചെയ്യുകയുണ്ടായി. എന്നാൽ ഗുരുവായൂർ അമ്പലത്തിൽ ഉണ്ടായ ഒരു അത്യാഹിതത്തെ സംബന്ധിച്ച് സർക്കാർ നിയമിച്ച കമ്മിറ്റിയുടെ തലവനായി ക്ഷേത്രത്തിൽ എത്തിയ മലയാറ്റൂർ എന്തോ ഉൾപ്രേരണയാൽ  വീണ്ടും ഗുരുവായൂരപ്പ ഭക്തനായി മാറുകയും ചെയ്യുകയുണ്ടായി. മലയാള സാഹിത്യത്തെ സമ്പുഷ്ടമാക്കി, മലയാള സിനിമ ലോകത്തെ സജീവമാക്കി  ഒരു കാലഘട്ടത്തെ നയിച്ച മലയാറ്റൂർ 
1997 ഡിസംബർ 27-ന് തന്റെ എഴുപതാം വയസ്സിൽ ഈ ലോകത്തോട് വിടവാങ്ങി.

#MalayattoorRamakrishnan #MalayalamLiterature #IAS #Legacy #Creativity #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia