Remembrance | വംഗ നാട്ടിലെ വിപ്ലവ നക്ഷത്രം; ജ്യോതി ബസു വിട വാങ്ങിയിട്ട് 15 വർഷം; ഇന്ത്യക്ക് നഷ്ടമായ കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി


● 23 വർഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു.
● പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി.
● ഭൂപരിഷ്കരണത്തിന് പ്രാധാന്യം നൽകി
(KVARTHA) സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയ നേതാക്കളിൽ ഏറെ പ്രശസ്തരായവരിൽ ഒരാളും തുടർച്ചയായി 23 വർഷം 3മാസം 16 ദിവസം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന സിപിഎം നേതാവ് ജ്യോതി ബസു വിട വാങ്ങിയിട്ട് 15 വർഷം. 1977 ജൂൺ 21 മുതൽ 2000 നവംബർ ആറ് വരെ തുടർച്ചയായി ബംഗാൾ മുഖ്യമന്ത്രിയായി.
തുടർച്ചയായി അഞ്ചു ഇടതുപക്ഷസർക്കാരിനെ നയിച്ച് ഇന്ത്യയിൽ ഒരു സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്നതിനുള്ള റെക്കാർഡുമായി (നിലവിൽ ഈ റെക്കാർഡ് സിക്കിം മുഖ്യമന്ത്രിയായിരുന്ന പവൻകുമാർ ചാലിങ്ങിന്റെ പേരിലാണ്) ബംഗാൾ ഭരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് നേതാവാണ് ജ്യോതിർ മയി ബാസു എന്ന ജ്യോതിബാസു.
1914 ജൂലൈ എട്ടിന് ജനിച്ച ബസു കൽക്കത്തയിലെ വിവിധ കോളേജുകളിലെ വിദ്യാഭ്യാസത്തിനു ശേഷംലണ്ടനിലെ നിന്നും നിയമ ബിരുദവും നേടി. ലണ്ടനിൽ ആയിരുന്നപ്പോൾ മാർക്‌സിസത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി. ബ്രിട്ടനിലെ കമ്യൂണിസ്റ്റ് പാർടി നേതാക്കളുമായി അടുത്ത് സഹകരിച്ചു. തുടർന്ന് ലണ്ടനിലെ ഇന്ത്യൻ ലീഗ് ഉൾപ്പെടെ നിരവധി സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയുണ്ടായി. ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവും മാർക്സിസ്റ്റ് ചിന്തകനുമായ ഹരോൾഡ് ലാസ്കി ചെറുപ്പത്തിൽ തന്നെ ബസുവിന്റെ ചിന്തയെ സ്വാധീനിച്ചു.
ലണ്ടനിൽ വിദ്യാർത്ഥിയായിരിക്കെ നേതാജി സുഭാഷ് ചന്ദ്ര ബോസ്, പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു എന്നിവരുമായി ഏറെ സൗഹൃദം സ്ഥാപിക്കാൻ ബസുവിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ കമ്യൂണിസ്‌റ്റ് പാർടി ഓഫ് ഇന്ത്യയുടെ അംഗമായി. 1952 മുതൽ 1957 വരെ വെസ്റ്റ് ബംഗാൾ കമ്യൂണിസ്‌റ്റ് പാർടി ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു.
1946 ൽ ബംഗാൾ നിയമസഭയിലേയ്‌ക്കു തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യനന്തരം, 1952, 1957, 1962, 1967, 1969, 1971, 1977, 1982, 1987, 1991, 1996 വർഷങ്ങളിൽ വെസ്റ്റ് ബംഗാൾ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1957 മുതൽ 1967 വരെ ബംഗാൾ നിയമസഭയിൽ പ്രതിപക്ഷനേതാവായി. 1967 ലും 1969 ലും ഉപമുഖ്യമന്ത്രിയായി. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച് 1977 ൽ ബംഗാളിൽ കമ്മ്യൂണിസ്റ്റ് ഭരണത്തിന് തുടക്കം കുറിച്ചു.
തുടർച്ചയായി അഞ്ച് തിരഞ്ഞെടുപ്പുകളിൽ മുന്നണിയെ വിജയത്തിലേക്ക് നയിച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ പ്രത്യേക ക്ഷണിതാവ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ബംഗാൾ മുഖ്യമന്ത്രിയായിരിക്കെ അധികാര വികേന്ദ്രീകരണം വഴി പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾ ശക്തിപ്പെടുത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു. സമഗ്ര ഭൂപരിഷ്കരണം നടപ്പിലാക്കി കാർഷിക മേഖലയിൽ വമ്പിച്ച കുതിപ്പ് ഉണ്ടാക്കുവാനും സാധിച്ചിരുന്നു.
എന്നാൽ മുതലാളിത്തത്തോടുള്ള എതിർപ്പ് എന്നതിന്റെ പേരിൽ തൊഴിലവസരം നഷ്ടപ്പെടും എന്ന വാദം ഉയർത്തി കമ്പ്യൂട്ടർ അധിഷ്ഠിത വ്യവസായങ്ങളെ നിരുത്സാഹപ്പെടുത്തി എന്ന് ഏറെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇന്ത്യയിൽ രാഷ്ട്രീയ അസ്ഥിരത ഉണ്ടായിരുന്ന 1996 കാലഘട്ടത്തിൽ ദേശീയ മുന്നണി നേതാക്കൾ ജ്യോതി ബസുവിനെ ഇന്ത്യൻ പ്രധാനമന്ത്രി പദവിയിലേക്ക് ക്ഷണിച്ചുവെങ്കിലും പാർട്ടി അത് നിരസിച്ചതിനാൽ പദവി ഏറ്റെടുക്കാൻ പറ്റുകയുണ്ടായില്ല.
ചരിത്രപരമായ വിഡ്ഢിത്തം എന്ന് ഈ സംഭവത്തെ ജ്യോതിബാസു വിശേഷിപ്പിച്ചതായി പിന്നീട് പത്ര മാധ്യമങ്ങളിൽ കാണുകയുണ്ടായി. ന്യൂമോണിയ ബാധയെ തുടർന്ന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്കിലുള്ള ആശുപത്രിയിൽ വച്ചു 2010 ജനുവരി 17ന് തന്റെ 96-ാമത് വയസ്സിൽ അന്തരിക്കുകയും ചെയ്തു.
#JyotiBasu #WestBengal #CPM #Communist #IndianPolitics #PoliticalHistory