POCSO | ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്: 'പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെട്ടത് 14% പേർ മാത്രം; ഓരോ നാലിലൊന്ന് കേസിലും ഇരയും പ്രതിയും പരസ്‌പരം അറിയുന്നവർ'
Nov 18, 2022, 14:28 IST
ന്യൂഡെൽഹി: (www.kvartha.com) ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്‌സോ) നിയമം പ്രാബല്യത്തിൽ വന്ന് 10 വർഷത്തിന് ശേഷം ഞെട്ടിക്കുന്ന ചില കാര്യങ്ങൾ വെളിപ്പെടുത്തി പഠന റിപ്പോർട്ട് പുറത്ത്. പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ 43.44% കേസുകളിൽ പ്രതികൾ മോചനം നേടിയതായും 14.03% കേസുകൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നുമാണ് പഠനം പറയുന്നത്. ലോകബാങ്കിന്റെ ഡാറ്റ എവിഡൻസ് ഫോർ ജസ്റ്റിസ് റിഫോം (DE JURE) എന്ന സംഘടനയുമായി സഹകരിച്ച് നീതി സെന്റർ ഫോർ ലീഗൽ പോളിസിയിലെ ജസ്റ്റിസ്, ആക്‌സസ് ആൻഡ് ലോവറിംഗ് ഡിലേയ്‌സ് ഇൻ ഇന്ത്യ (JALD) നടത്തിയ 'പോക്‌സോയുടെ ഒരു ദശകം' എന്ന പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
2012 മുതൽ 2021 വരെ, 28 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 486 ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഇ-കോടതികളിൽ രജിസ്റ്റർ ചെയ്ത 2,30,730 കേസുകൾ പഠന വിധേയമാക്കി. കൂടാതെ 138 കേസുകൾ പ്രത്യേകം പഠിച്ചു. 22.9 ശതമാനം കേസുകളിൽ പ്രതിയും ഇരയും പരസ്പരം അറിയാവുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 3.7% കേസുകളിൽ ഇരയും പ്രതിയും കുടുംബാംഗങ്ങളാണ്. 18% കേസുകളിൽ, ശാരീരിക ബന്ധത്തിന് മുമ്പ് ഇരയും പ്രതിയും തമ്മിൽ പ്രണയമുണ്ടായിരുന്നതായി പറയുന്നു. അതേസമയം 44% കേസുകളിൽ പ്രതിയും ഇരയും പരസ്പരം പൂർണമായും അജ്ഞാതരാണെന്ന് പഠനം വ്യക്തമാക്കുന്നു.
2021-ൽ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) പുറത്തുവിട്ട കണക്കുകൾ പ്രകാരം പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത 96 ശതമാനം കേസുകളിലും പ്രതി ഇരയുടെ പരിചയക്കാരനാണ്. ആഴത്തിൽ പഠിച്ച 138 കേസുകളിൽ, ഇരകളിൽ 5.47 ശതമാനം 10 വയസിന് താഴെയുള്ള പെൺകുട്ടികളാണെന്ന് കണ്ടെത്തി. 17.8 ശതമാനം കേസുകളിൽ, ഇരയായ പെൺകുട്ടികൾ 10-15 വയസിനിടയിലും 28 ശതമാനം കേസുകളിൽ 15-18 വയസിനിടയിലും പ്രായമുള്ളവരാണ്. 48 ശതമാനം കേസുകളിൽ ഇരയായ പെൺകുട്ടികളുടെ പ്രായം കണ്ടെത്താനായിട്ടില്ല.
പഠന വിധേയമാക്കിയ 11.6 ശതമാനം കേസുകളിലും പ്രതികളുടെ പ്രായം 19-25 വയസിനിടയിലാണ്. 10.9 ശതമാനം കേസുകളിൽ പ്രതികൾ 25-35 വയസിനിടയിലും 6.1 ശതമാനം പ്രതികൾ 35-45 വയസിനിടയിലും 6.8 ശതമാനം പ്രതികൾ 45 വയസിന് മുകളിലുള്ളവരുമാണ്. 44 ശതമാനം കേസുകളിൽ പ്രതികളുടെ പ്രായം കണ്ടെത്താനായിട്ടില്ല. മൊത്തത്തിൽ, പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ 56 ശതമാനവും ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടതാണെന്ന് പഠനത്തിൽ കണ്ടെത്തി. 31.18 ശതമാനം കേസുകൾ ലൈംഗികാതിക്രമങ്ങളും 25.59 ശതമാനം കേസുകൾ ഗുരുതരമായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടവയുമാണ്.
പശ്ചിമ ബംഗാളിൽ കുറ്റവിമുക്തരായവർ (53.38 ശതമാനം) ശിക്ഷ വിധിക്കപ്പെട്ടവരുടെ അഞ്ചിരട്ടിയാണ് (11.56 ശതമാനം). എന്നാൽ കുറ്റവിമുക്തരാവുന്നതും ശിക്ഷാവിധിയും തമ്മിലുള്ള അന്തരത്തിൽ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിൽ മൊത്തം കേസുകളിൽ 20.5 ശതമാനം കുറ്റവിമുക്തരായപ്പോൾ 16.49 ശതമാനം ശിക്ഷിക്കപ്പെട്ടു. 2012 നവംബറിനും 2021 ഫെബ്രുവരിക്കും ഇടയിൽ ഫയൽ ചെയ്ത മൊത്തം കേസുകളിൽ നാലിൽ മൂന്ന് (77.77 ശതമാനം) തീർപ്പാക്കാത്ത യുപിയിലാണ് ഏറ്റവും കൂടുതൽ കെട്ടിക്കിടക്കുന്നതെന്നും പഠനം പറയുന്നു.
Keywords: New Delhi, India, National, News, Top-Headlines, Latest-News, POCSO, Cases, Punishment,14% conviction in POCSO; in a fourth of cases, accused known to victims, says study
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.