11,400 കോടി രൂപ തട്ടിച്ച ശേഷം മുങ്ങിയ നീരവ് മോഡി അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ ഹോട്ടലില്‍; കൂടെ ഭാര്യയും കുടുംബവും

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 16.02.2018) പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപ തട്ടിച്ച ശേഷം മുങ്ങിയ രത്‌ന വ്യാപാരി നീരവ് മോഡി അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലുണ്ടെന്ന് കണ്ടെത്തി. ന്യൂയോര്‍ക്ക് മാന്‍ഹാട്ടനിലെ ജെ.ഡബ്ല്യൂ മാരിയോട്ട്‌സ് എസെക്‌സ് ഹൗസ് എന്ന ആഡംബര ഹോട്ടലിലാണ് നീരവ് മോഡിയും കുടുംബവും ഒളിവില്‍ കഴിയുന്നത്. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നീരവ് മോഡിയുടെ ലൂക്‌സ് മാഡിസണ്‍ അവന്യൂ ജൂവലറിയില്‍ നിന്നും മീറ്ററുകള്‍ അകലെയാണ് ഈ ഹോട്ടല്‍. അപ്പാര്‍ട്‌മെന്റിന്റെ 36-ാം നിലയിലാണ് നീരവിന്റെ സ്യൂട്ടെന്നാണു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിരമറിഞ്ഞ് മാധ്യമപ്രതിനിധികള്‍ അവിടെ ചെന്നെങ്കിലും നീരവിനെയോ ഭാര്യ ആമിയെയോ കാണാന്‍ സാധിച്ചില്ല. കുട്ടികള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.

11,400 കോടി രൂപ തട്ടിച്ച ശേഷം മുങ്ങിയ നീരവ് മോഡി അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ ഹോട്ടലില്‍; കൂടെ ഭാര്യയും കുടുംബവും

പിഎന്‍ബിയില്‍ നടന്ന തട്ടിപ്പു പുറത്തുവന്ന ബുധനാഴ്ച അപ്പാര്‍ട്‌മെന്റിലേക്ക് ഒട്ടേറെ ആളുകള്‍ വന്നും പോയുമിരിക്കുകയായിരുന്നുവെന്നാണു വിവരം. നീരവ് മോഡിയും ഭാര്യയും ബുധനാഴ്ച പലതവണ കെട്ടിടത്തിന്റെ അകത്തേക്കും പുറത്തേക്കും പോയിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. വിശദാംശങ്ങള്‍ക്കൊപ്പം നീരവിന്റെ സ്യൂട്ടിന്റെ ചിത്രവും ദേശീയ മാധ്യമം പുറത്തുവിട്ടു.

അതിനിടെ, നീരവിനെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനായി ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. എന്നാല്‍ ഇയാളെ തിരികെയെത്തിക്കുന്നത് എളുപ്പമല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ജനുവരി അവസാനം തട്ടിപ്പ് സംബന്ധിച്ച പ്രഥമ വിവര റിപ്പോര്‍ട്ട് പി.എന്‍.ബി സമര്‍പ്പിക്കുന്നതിന് മുമ്പ് തന്നെ നീരവ് മോഡി രാജ്യം വിട്ടതായാണ് വിവരം.
നീരവ് മോഡിയും സഹോദരന്‍ നിശാലും ജനുവരി ഒന്നിനാണ് രാജ്യംവിട്ടത്. എന്നാല്‍ നീരവിന്റെ ഭാര്യ ആമി കുട്ടികള്‍ക്കൊപ്പം ജനുവരി ആറിനും അമ്മാവന്‍ മെഹുല്‍ ചോക്‌സി അതിനുശേഷവുമാണ് ഇന്ത്യയില്‍നിന്ന് കടന്നത്.

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് പുറമേ മോഡിക്ക് ബല്‍ജിയം പാസ്‌പോര്‍ട്ടുമുണ്ട്. ബല്‍ജിയത്തിലേക്ക് കുടിയേറിയ ഇന്ത്യന്‍ രത്‌നവ്യാപാരികളുടെ കുടുംബത്തിലാണ് മോഡി ജനിച്ചത്. ബല്‍ജിയത്തിലെ ആന്റ് റൂപിലായിരുന്നു ജനനം. കുടുംബത്തില്‍ നീരവ് മോഡിക്കു മാത്രമേ ഇന്ത്യന്‍ പൗരത്വമുള്ളൂ. നിശാല്‍ ബല്‍ജിയം പൗരനാണ്. നീരവിന്റെ ഭാര്യ ആമിയും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുള്‍ ചോക്‌സിയും യുഎസ് പൗരത്വമുള്ളവരാണ്. ഒരുമിച്ചു പോകാതെ വെവ്വേറെ ദിവസങ്ങളില്‍ വ്യത്യസ്ത വിമാനങ്ങളില്‍ നീരവും ബന്ധുക്കളും രാജ്യംവിട്ടതു സംശയത്തിന് ഇട നല്‍കാതിരിക്കാനാണെന്നും വിലയിരുത്തലുണ്ട്.

അതേസമയം, നീരവ് മോഡിക്കെതിരായ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന പരിശോധന ഇപ്പോഴും തുടരുകയാണ്. ഹൈദരാബാദ്, ജയ്പൂര്‍ എന്നിവിടങ്ങളിലെ മോഡിയുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞദിവസം രാവിലെ നീരവ് മോഡിയുടെ മുംബൈ കുര്‍ളയിലെ വസതി, മുംബൈ കാലഘോഡയിലെ ജ്വല്ലറി, ബാന്ദ്ര, ലോവര്‍ പരേല്‍ ഓഫീസുകള്‍, ഗുജറാത്തില്‍ സൂറത്തിലുള്ള മൂന്ന് സ്ഥാപനങ്ങള്‍, ഡെല്‍ഹി ഡിഫന്‍സ് കോളനിയിലും ചാണക്യപുരിയിലുമുള്ള ജ്വല്ലറി ഷോറൂമുകള്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു.

പണം തട്ടിപ്പ് നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നടത്തിയ റെയ്ഡില്‍ 5,100 കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nirav Modi, Linked To $1.6 Billion Fraud, Staying In This New York Hotel, New Delhi, News, America, New York, Hotel, Media, Report, Family, Corruption, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia