SWISS-TOWER 24/07/2023

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: 11 പേര്‍ക്ക് ജീവപര്യന്തം 12 പേര്‍ക്ക് ഏഴുവര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷവും തടവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഹമ്മദാബാദ്:   (www.kvartha.com 17.06.2016) 2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 24 പ്രതികളില്‍ 11 പേര്‍ക്ക് അഹമ്മദാബാദ് പ്രത്യക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മറ്റ് 12 പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവും ഒരു പ്രതിക്ക് 10 വര്‍ഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.

അഹ്മദാബാദിലെ പ്രത്യേക എസ്.ഐ.ടി കോടതി ജഡ്ജി പി.ബി. ദേശായിയാണ് വിധി പ്രഖ്യാപിച്ചത്. 69 പേര്‍ കൊല്ലപ്പെട്ട കൂട്ടക്കൊലക്കേസിന്റെ വിധി സംഭവം നടന്ന് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപിക്കുന്നത്.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. ഗുല്‍ബര്‍ഗ് കൂട്ടക്കൊല പൗരസമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനമാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് പി.ബി. ദേശായി അഭിപ്രായപ്പെട്ടു.

കൈലാഷ് ഡോബി, യോഗേന്ദ്ര സിങ് ഷെഖാവത്ത്, കൃഷ്ണകുമാര്‍ കലാല്‍, ദിലീപ് കാലു, ജയേഷ് പാര്‍മര്‍, രാജു തിവാരി, നരേന്‍ ടങ്, ലക്ഷണ്‍സിങ്, ദിനേഷ് ശര്‍മ, ഭാരത് ബലോദിയ, ഭരത് രാജ്പുത് എന്നിവരെയാണ് ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ചത്. കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍, സാമുദായിക ഐക്യം തകര്‍ക്കല്‍, കലാപം ഉണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

അതേസമയം, വിധിയില്‍ തൃപ്തരല്ലെന്നും മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഇരകളുടെ കുടുംബം പ്രതികരിച്ചു. ജൂണ്‍ രണ്ടിനാണ് കൂട്ടക്കൊലക്കേസില്‍ 24 പേരെ കുറ്റക്കാരായി പ്രത്യേക കോടതി കണ്ടെത്തിയത്. 11 പേര്‍ക്കെതിരെ കൊലക്കുറ്റവും വി.എച്ച്.പി നേതാവ് അതുല്‍ വൈദ്യ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ മതസ്പര്‍ധ വളര്‍ത്തല്‍, നിയമവിരുദ്ധമായ സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിരുന്നു. കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാവും കോര്‍പറേറ്ററുമായ ബിബിന്‍ പട്ടേല്‍, കൂട്ടക്കൊലയുടെ തെളിവ് നശിപ്പിച്ച പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജി എര്‍ഡ എന്നിവരടക്കം 36 പേരെ കുറ്റമുക്തരാക്കിയിരുന്നു.

ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് 2002 ഫെബ്രുവരി 28ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ നടന്നത് . 29 ബംഗ്ലാവുകളും 10 അപാര്‍ട്‌മെന്റുകളും അടങ്ങുന്ന ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണ് താമസിച്ചിരുന്നത്. ഗോധ്ര തീവെപ്പിന് പിന്നാലെ 20,000ത്തോളം വരുന്ന ആള്‍ക്കൂട്ടം വീടുകള്‍ ആക്രമിച്ച് കൂട്ടക്കൊല നടത്തുകയായിരുന്നു. കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജാഫരിയടക്കമുള്ളവര്‍ ഉള്‍പ്പെട്ടിരുന്നു. കൊലയാളികളില്‍ നിന്നും രക്ഷനേടാന്‍ ജാഫരി രാഷ്ട്രീയ നേതാക്കളെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഫോണ്‍ വിളിച്ചെങ്കിലും ആരും സഹായിക്കാനെത്തിയില്ല.

കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ജാഫരിയുടെ ഭാര്യ സകിയ ജാഫരി സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് 14 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് തുടക്കമായത്. പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി ആവശ്യപ്പെട്ടിരുന്നു.

കേസ് പരിഗണിച്ച സുപ്രീംകോടതി മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നല്‍കാന്‍ ഉത്തരവിട്ടു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ച കേസിലെ വിചാരണ നടപടികള്‍ 2015 സെപ്റ്റംബര്‍ 22ന് പൂര്‍ത്തിയായിരുന്നു.

പ്രതികളുടെ ശിക്ഷാ വിധി സംബന്ധിച്ച മൂന്നു ദിവസം നീണ്ട വാദപ്രതിവാദം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂര്‍ത്തിയായത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിക്കണമെന്നും മനുഷത്വരഹിതമായ കുറ്റം ചെയ്തവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ നല്‍കരുതെന്നും തെറ്റുതിരുത്താന്‍ ഒരവസരം നല്‍കണമെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്.

കേസില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഒന്‍പത് പ്രതികള്‍ കഴിഞ്ഞ 14 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. അഞ്ചു പേര്‍ വിചാരണക്കിടെ മരിച്ചു. മറ്റുള്ളവര്‍ ജാമ്യത്തിലാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ നാല് ജഡ്ജിമാരാണ് കേസിന്റെ വിചാരണയില്‍ പങ്കാളിയായത്. കേസില്‍ 338 പേരെ കോടതി വിസ്തരിച്ചിരുന്നു.

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: 11 പേര്‍ക്ക് ജീവപര്യന്തം 12 പേര്‍ക്ക് ഏഴുവര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷവും തടവ്


Also Read:
മവീഷ്‌കുമാര്‍ കാത്തിരുന്ന ആ നിമിഷമെത്തി: മൂന്ന് പെരുമ്പാമ്പിന്‍ മുട്ടകള്‍ വിരിഞ്ഞു

Keywords:  11 awarded life imprisonment for Gulbarg Society massacre, Ahmedabad, Gujrath, Supreme Court of India, Congress, Arrest, BJP, Jail, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia