Controversy | പൊതുവേദിയില്‍ വച്ച് നടി അഞ്ജലിയെ തള്ളി മാറ്റുന്ന നടന്‍ നന്ദമൂരി ബാലകൃഷ്ണയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍; താരത്തിനെതിരെ ഉയരുന്നത് വ്യാപക വിമര്‍ശനം
വേദിയില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഫോടോ എടുക്കുന്നതിനിടെയാണ് താരത്തിന്റെ വിവാദ പ്രവൃത്തി നടന്നത്
പൊതുവേദിയായതുകൊണ്ടും സ്വന്തം സിനിമയുടെ പ്രമോഷനായതിനാലും അഞ്ജലി സംയമനം പാലിച്ചു
സ്ത്രീകളോടുള്ള അനാദരവ് ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുതെന്നും, വേദിയിലുള്ള ഒരാള്‍ പോലും ഇതിനെതിരെ പ്രതികരിക്കാന്‍ വന്നില്ലെന്നും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം
ചെന്നൈ: (KVARTHA) പൊതുവേദിയില്‍ വച്ച് നടി അഞ്ജലിയെ തള്ളി മാറ്റുന്ന നടന്‍ നന്ദമൂരി ബാലകൃഷ്ണയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ഗ്യാങ്‌സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷന്‍ വേദിയിലാണ് സംഭവം. പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണ. വേദിയില്‍ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഫോടോ എടുക്കുന്നതിനിടെയാണ് മാറി നില്‍ക്കെന്ന് ആവശ്യപ്പെട്ട് നടി അഞ്ജലിയെ താരം തള്ളിമാറ്റിയത്.
പെട്ടന്നുള്ള നടന്റെ പെരുമാറ്റം കണ്ട് അഞ്ജലിയും കൂടെ നിന്നിരുന്ന നേഹ ഷെട്ടി എന്ന നടിയും ഞെട്ടിപ്പോകുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. പൊതുവേദിയായതുകൊണ്ടും സ്വന്തം സിനിമയുടെ പ്രമോഷനായതിനാലും അഞ്ജലി സംയമനം പാലിക്കുകയായിരുന്നു. മാറി നില്‍ക്കെന്ന് ആവശ്യപ്പെട്ടുളള നടന്റെ വാക്കുകള്‍ കേള്‍ക്കാത്തതിലുള്ള ദേഷ്യം കൊണ്ടാണ് അഞ്ജലിയെ താരം തള്ളി മാറ്റിയത്.
നടന്‍ നന്ദമൂരി ബാലകൃഷ്ണയുടെ വിവാദ വിഡിയോകള്‍ നേരത്തേയും സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിട്ടുണ്ട്. അതിനിടെയാണ് ഇപ്പോള്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
അതേസമയം നടന്‍ മദ്യപിച്ചാണ് വേദിയില്‍ എത്തിയതെന്നുള്ള വിമര്‍ശനവും ഉയരുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ താരത്തിന്റെ പ്രവൃത്തിയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകളോടുള്ള അനാദരവ് ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുതെന്നും ആ വേദിയിലുള്ള ഒരാള്‍ പോലും ഇതിനെതിരെ പ്രതികരിക്കാന്‍ വന്നില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.