MV Jayarajan | കൂവേരി സംഭവം: സമൂഹ മാധ്യമത്തിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന് എംവി ജയരാജന്‍

 

കണ്ണൂര്‍: (KVARTHA) ഉളിയില്‍ കൂവേരിയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന സംഭവം മറയാക്കി സിപിഐ എമിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ കള്ളവാര്‍ത്ത നല്‍കുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് സിപിഎം ജില്ലാ സെക്രടറി എംവി ജയരാജന്‍. ഇക്കഴിഞ്ഞ മെയ് നാലിനാണ് സംഭവം നടന്നത്. ആക്രി ശേഖരിച്ച് വണ്ടിയില്‍ കയറ്റാന്‍ എത്തിയവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംശയത്തിലാണ് പ്രദേശവാസികള്‍ തടിച്ചുകൂടിയത്.

MV Jayarajan | കൂവേരി സംഭവം: സമൂഹ മാധ്യമത്തിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിവേണമെന്ന് എംവി ജയരാജന്‍
 
ഓടിക്കൂടിയവരില്‍ എല്ലാ പാര്‍ടിക്കാരും ഉണ്ടായിരുന്നു. നിലവില്‍ തല്‍പ്പര കക്ഷികള്‍ കള്ളവാര്‍ത്തയ്ക്കൊപ്പം പ്രചരിപ്പിക്കുന്ന വീഡിയോയിലെ വ്യക്തികള്‍ ആരെല്ലാമെന്ന് പ്രദേശത്തുള്ളവര്‍ക്ക് അറിയാം. ഇതെല്ലാം മറച്ചുവച്ചാണ് നാട്ടില്‍ വിഭാഗീയത പടര്‍ത്തി കലാപം സൃഷ്ടിക്കാന്‍ സിപിഐഎമിന്റെ മേല്‍ പഴിചാരിയുള്ള വൃത്തികെട്ട പ്രചാരണം നടത്തുന്നതെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.

സംഭവദിവസം ആക്രി ശേഖരിക്കുന്നവരില്‍ പെട്ടയാളെ പൊലീസിന് പ്രദേശവാസികള്‍ കൈമാറിയതാണ്. തല്‍സമയം സ്ഥലത്തുണ്ടായിരുന്ന കെ സി സുരേഷ് ബാബു നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഏത് സംഭവത്തെയും വക്രീകരിച്ച് നാട്ടില്‍ അശാന്തി പടര്‍ത്താന്‍ വ്യാജവാര്‍ത്ത നിര്‍മിച്ച് പ്രചരിപ്പിക്കുന്നവര്‍ക്ക് നാദാപുരം സംഭവം ഉള്‍പെടെയുള്ള വിഷയങ്ങളില്‍ കോടതികളില്‍ നിന്ന് കനത്ത തിരിച്ചടിയേറ്റു.

കള്ളവാര്‍ത്താ സംഘങ്ങള്‍ക്ക് നേരിട്ട ജാള്യതയും നാണക്കേടും പരിഹരിക്കാന്‍ പുതിയ കള്ളവാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ് ഇത്തരക്കാര്‍. വര്‍ഗീയ രാഷ്ട്രീയക്കാര്‍ ഏതറ്റം വരെയുമുള്ള വൃത്തികെട്ട പ്രചാരണം നടത്തുമെന്നതിന്റെ തെളിവാണ് ഇപ്പോള്‍ ഉളിയില്‍ സംഭവം മറയാക്കി നടത്തുന്ന നെറികെട്ട പ്രചാരണം.

പള്ളിയില്‍ ബാങ്ക് വിളിക്കാന്‍ വിട്ടില്ല എന്ന ഹീനമായ കുപ്രചാരണം പാര്‍ടിക്കെതിരെ നടത്തി പരാജയപ്പെട്ട സംഘമാണ് നാട്ടില്‍ കലാപം ലക്ഷ്യമിട്ട് ഉളിയില്‍ സംഭവം പുതിയ കള്ളക്കഥയാക്കി നവമാധ്യമങ്ങളില്‍ വ്യാജ അകൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുന്നത്. ഇല്ലാക്കഥയുണ്ടാക്കുകയും അതിന് നാട്ടില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ബിജെപി, യുഡിഎഫ് നീക്കം അപകടകരമാണ്.

ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ജനങ്ങള്‍ അകലം പാലിച്ച് കരുതലോടെ നീങ്ങണം. ഉളിയില്‍ സംഭവം മറയാക്കി ഹീനമായ കള്ളവാര്‍ത്തകള്‍ നവമാധ്യമങ്ങളില്‍ നല്‍കുന്നതിന്റെ ഉറവിടവും വ്യാപനവും കണ്ടെത്താന്‍ പൊലീസ് ജാഗ്രത കാണിക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ജില്ലാ സെക്രടറി എംവി ജയരാജന്‍ ആവശ്യപ്പെട്ടു.

Keywords: MV Jayarajan About Koovery Incident, Kannur, News, MV Jayarajan, Koovery Incident, Politics, Criticized, Allegation, Social Media, UDF, BJP, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia