Survival | ആക്രമിച്ച ശേഷം കഴുത്തില്‍ കടിച്ച് വലിച്ചിഴച്ചു; ചെന്നായയുടെ വായില്‍ നിന്ന് 6 വയസുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി അമ്മ
ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ചെന്നായ ആക്രമണങ്ങൾ പതിവായിരിക്കുകയാണ്.
ലക്നൗ: (KVARTHA) നീണ്ട ആറ് ദിവസത്തിനുശേഷം ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ വീണ്ടും ഭീതി പടര്‍ത്തി ചെന്നായ ആക്രമണം. വീടിന് പുറത്ത് ഉറങ്ങിക്കിടന്ന ആളുകള്‍ക്ക് നേരെയാണ് ചെന്നായയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ ബഹ്‌റൈച്ചിലാണ് ആദ്യ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. വീടിന് വെളിയില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരനെ നേരെയായിരുന്നു ആക്രമണം. ഉറങ്ങിക്കിടന്ന കുട്ടിയുടെ കഴുത്തില്‍ പിടുത്തമിട്ട ചെന്നായ കുട്ടിയെ വലിച്ചിഴയ്ക്കുകയായിരുന്നു. മകന്റെ ഞെരുക്കം കേട്ടുണര്‍ന്ന അമ്മ ചെന്നായയുടെ വായില്‍ നിന്ന് കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു.
ഹര്‍ദി വില്ലേജിലെ ഗുഡിയ എന്ന സ്ത്രീക്കും മകന്‍ പരാസിനുമാണ് ആക്രമണം നേരിട്ടത്. ഇരുവരും ഉറങ്ങിക്കിടക്കുന്നതിനിടയില്‍ ചെന്നായ കുട്ടിയെ ലക്ഷ്യമിട്ട് അടുത്തെുകയായിരുന്നു. ജൂലൈ 26 നാണ് അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന ഏഴ് വയസ്സുകാരന്‍ അയാന്‍ഷിനെ ചെന്നായ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് വീണ്ടും ഭീതി പരത്തി സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്. പരാസിന്റെ കഴുത്തിനാണ് മുറിവേറ്റത്. പരുക്ക് നിസ്സാരമാണെന്നാണ് റിപ്പോര്‍ട്ട്.
ബഹ്‌റൈച്ചില്‍ ആറ് വയസ്സുകാരനെ ആക്രമിച്ചതിന് പിന്നാലെ അടുത്ത ഗ്രാമമായ ദാര്‍ഹിയയിലും ചെന്നായ ആക്രമണം നേരിട്ടിരുന്നു. 55 കാരനായ കുൻ ലാല്‍, എന്നയാള്‍ക്ക് നേരെയായിരുന്നു ആക്രമണം. ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളാണ് അയാളെ രക്ഷപ്പെടുത്തിയത്. ബഹ്‌റൈച്ചിലെ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴായിരുന്നു രണ്ടാമത്തെ സംഭവം.
പരാസിന് നേരിട്ട ആക്രമണത്തെക്കുറിച്ച് അമ്മ ഗുഡിയ പറയുന്നതിങ്ങനെ: 'മകന്റെ ഞെരക്കം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് നോക്കുമ്പോഴേക്കും അവനെ ചെന്നായ കടിച്ചിപിടിച്ചിരിക്കുയായിരുന്നു. പകച്ചുപോയെങ്കിലും രണ്ടാമത് ഒന്ന് ചിന്തിക്കാതെ ഞാന്‍ സര്‍വ്വശക്തിയുമുപയോഗിച്ച് പരാസിനെ ചെന്നായുടെ വായില്‍ നിന്ന് വലിച്ചെടുക്കുകയായിരുന്നു. എന്റെ നിലവിളി കേട്ട് പെട്ടന്ന് തന്നെ സമീപവാസികള്‍ ഓടിയെത്തി. അപ്പോഴേക്കും ചെന്നായ ഓടി രക്ഷപ്പെട്ടിരുന്നു'.
മാര്‍ച്ച് മുതല്‍ ബഹ്റൈച്ച് മേഖലയില്‍ ചെന്നായയുടെ ആക്രമണം രൂക്ഷമായിവരുകയാണ്. എട്ട് പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അതില്‍ ഏഴുപേരും കുട്ടികളായിരുന്നു. 20ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 2.30ഓടെയാണ് പരാസിന് നേരെ ആക്രമണമുണ്ടായത്. കുട്ടി ഗ്രാമത്തിനടുത്തുള്ള മഹ്സി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ്. ഇതേ സ്ഥാപനത്തിലേക്ക് കൊണ്ടുപോയ കുന്നു ലാലിനും സമാനമായ പരിക്കുകള്‍ ഉണ്ടായിരുന്നു. രണ്ടും ചെന്നായയുടെ ആക്രമണമാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അജീത് പ്രതാപ് സിംഗ് സ്ഥിരീകരിച്ചു.
ചെന്നായ ഭീകരതയെ നേരിടാന്‍ 150-ലധികം പ്രവിശ്യാ സായുധ കോണ്‍സ്റ്റബുലറി ഉദ്യോഗസ്ഥരെയും 25 വനം വകുപ്പ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട് നടക്കുന്ന ചെന്നായയാകാം കൊലയാളിയെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബഹ്റൈച്ചില്‍ എട്ട് പേരെ കൊന്നതും ഒരു ചെന്നായ തന്നെയാകാനാണ് സാധ്യതയെന്നാണ് ബയോളജിസ്റ്റും മുന്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡീനുമായ യാദ്വേന്ദ്രദേവ് വിക്രംസിന്‍ഹ് ഝാല ഞായറാഴ്ച വ്യകതമാക്കിയത്.
ഇതുവരെയുള്ള മാരകമായ ആക്രമണങ്ങള്‍ ഒരു മൃഗം തന്നെ നടത്തിയതാണെന്ന് മുറിവുകളുടെ പാറ്റേണ്‍ സൂചിപ്പിക്കുന്നതായി ചെന്നായ വിദഗ്ധന്‍ ജാല വ്യക്തമാക്കി. ഒരു കൂട്ടം ചെന്നായ്ക്കള്‍ ഉള്‍പ്പെട്ടിരുന്നെങ്കില്‍, മൃതദേഹങ്ങള്‍ ശിരഛേദം ചെയ്യപ്പെടുമായിരുന്നു, രേഖപ്പെടുത്തിയ എല്ലാ കേസുകളിലും മൃതദേഹങ്ങള്‍ കേടുകൂടാതെയാണ് കാണപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#wolfattack #india #rescue #mother #child #wildlife #animalattack #bravery