Treatment | പനിയും ശ്വാസതടസവും; ആശുപത്രിയിലെത്തി ചികിത്സ തേടി നടന്‍ മോഹന്‍ലാല്‍; വിശ്രമത്തിന് നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍
 

 
Mohanlal, Barroz, hospitalization, respiratory infection, Malayalam actor, Indian cinema

Photo Credit: Facebook / Mohanlal

'ബറോസ്' എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി കൊച്ചിയില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് മോഹന്‍ലാലിന് ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമായത്.
 

കൊച്ചി: (KVARTHA) പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടന്‍ മോഹന്‍ലാല്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിയാണ് അദ്ദേഹം ചികിത്സ തേടിയത്. ഡോ. ഗിരീഷ് കുമാര്‍ കെപിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീം നടത്തിയ പരിശോധനയില്‍ ശ്വാസകോശ അണുബാധയുള്ളതായി സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് താരത്തിന് ആവശ്യമായ ചികിത്സ നല്‍കി. ആശുപത്രിയിലെ മെഡിക്കല്‍ ബുള്ളറ്റിനിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 


അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവില്‍ വീട്ടില്‍ വിശ്രമത്തിലാണ് താരം. മോഹന്‍ലാല്‍ സുഖം പ്രാപിച്ച് വരുന്നതായും ആശുപത്രിയില്‍ നിന്നുള്ള വിവരം വ്യക്തമാക്കുന്നു. 


താരം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് ആശംസിച്ചുകൊണ്ട് സിനിമാ പ്രവര്‍ത്തകരും ആരാധകരുമൊക്കെ രംഗത്ത് വന്നിട്ടുണ്ട്. 'ബറോസ്' എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി കൊച്ചിയില്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് മോഹന്‍ലാലിന് ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമായത്.

 

കഴിഞ്ഞ ദിവസമാണ് ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യം സെപ്തംബര്‍ 12ന് സിനിമ റിലീസ് ചെയ്യാനായിരുന്നു ആലോചിച്ചത്. എന്നാല്‍ പിന്നീട് ഇത് മാറ്റിവെക്കുകയായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംമ്പുരാന്റെ റിലീസും ഈ വര്‍ഷം തന്നെയുണ്ടാകും. 

 

സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിക്കുന്നത്. ജിജോ പുന്നൂസിന്റേതാണ് കഥ. ചിത്രത്തിന്റെ ആകെ ബജറ്റ് 100 കോടിയാണെന്നും റിപോര്‍ടുണ്ട്. നിര്‍മാണം ആന്റണി പെരുമ്പാവൂരാണ്. മായ, സീസര്‍, ഗുരു സോമസുന്ദരം തുടങ്ങിയവരും ബറോസില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

#Mohanlal #Barroz #MalayalamCinema #GetWellSoon #Bollywood #IndianCinema
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia