Midday Work | ഒമാനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍; ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍


ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്ന് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിയമം
പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍, 3.30 വരെയുള്ള സമയങ്ങളില്‍ വിശ്രമം നല്‍കാന്‍ കംപനിയും തൊഴില്‍ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്
മസ്ഖത്ത്: (KVARTHA) ഒമാനില്‍ ഉച്ചവിശ്രമ നിയമം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒമാന്‍ തൊഴില്‍ നിയമത്തിലെ ആര്‍ടികിള്‍ 16 പ്രകാരമാണ് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ പുറത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കുന്നത്. ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്ന് പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിയമം.
ഇതുപ്രകാരം പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍, 3.30 വരെയുള്ള സമയങ്ങളില്‍ വിശ്രമം നല്‍കാന്‍ കംപനിയും തൊഴില്‍ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്. തൊഴിലാളികളുടെ ആരോഗ്യ - തൊഴില്‍ സുരക്ഷയും മറ്റും പരിഗണിച്ചാണ് അധികൃതര്‍ ഉച്ച സമയത്ത് അവധി നല്‍കുന്നത്. ഉച്ചവിശ്രമ നിയമം നടപ്പിലാക്കേണ്ടതിന്റെ ഭാഗമായി കഴിഞ്ഞദിവസങ്ങളില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ബോധവത്കരണ കാംപെയ് നുകള്‍ സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ രാജ്യത്ത് ചൂട് മേയ് പകുതിയോടെയാണ് ശക്തി പ്രാപിച്ചത്. സാധാരണ ഏപ്രില്‍ അവസാനത്തോടെ ചൂട് തുടങ്ങുകയും മേയ് ആദ്യവാരത്തില്‍ തന്നെ കനക്കുകയും ചെയ്യാറുണ്ട്. ഇക്കാലയളവില്‍ വളരെ പ്രയാസപ്പെട്ടാണ് തൊഴിലാളികള്‍ പുറത്ത് ജോലിയെടുക്കാറുള്ളത്. അതുകൊണ്ടുതന്നെ ഉച്ചവിശ്രമ നിയമം നേരത്തെ നടപ്പാക്കണമെന്ന ആവശ്യം തൊഴിലാളികള്‍ ഉയര്‍ത്താറുണ്ട്. 45-48 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയ താപനില.
ഉച്ചവിശ്രമം നടപ്പിലാക്കാന്‍ തൊഴില്‍ സ്ഥാപനങ്ങളും കംപനികളും സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരുമാസത്തെ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ. അല്ലെങ്കില്‍ ഈ രണ്ട് ശിക്ഷകളില്‍ ഒന്ന് അനുഭവിക്കേണ്ടി വരും. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി തുറസ്സായ സ്ഥലങ്ങളിലെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഉച്ചസമയങ്ങളില്‍ ജോലി നിര്‍ത്തിവയ്‌ക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഉച്ചസമയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയാല്‍ തൊഴില്‍ നിയമത്തിലെ ആര്‍ടികിള്‍ 118 ലെ വ്യവസ്ഥകള്‍ അനുസരിച്ച് മന്ത്രാലയം നിയമ നടപടികള്‍ സ്വീകരിക്കും. നിയമം പാലിക്കുന്നുണ്ടോ എന്ന് ടാസ്‌ക് ഫോഴ്‌സ് നിരീക്ഷിക്കും.
നിയമം പാലിക്കാത്ത സ്ഥാപനങ്ങളെ കുറിച്ച് ഫോണ്‍ വഴിയോ മന്ത്രാലയത്തിന്റെ വെബ് സൈറ്റുകള്‍ വഴിയോ അറിയിക്കാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.