Cinema | ഇവിടെയുണ്ട് മലയാള ചലചിത്ര ലോകത്തിന്റെ ചരിത്രം; അപൂര്‍വ സിനിമാമാഗസിന്‍, നോട്ടീസ് ശേഖരവുമായി കൂത്തുപറമ്പിലെ മുന്‍ പ്രവാസി
മെഗാസ്റ്റാര്‍ മമ്മൂട്ടിയോട് അല്‍പം ഇഷ്ടക്കൂടുതല്‍ ഉളളതു കൊണ്ടു അദ്ദേഹം അഭിനയിച്ച ആദ്യകാല ചിത്രങ്ങളുടെ നോട്ടീസുകളുടെ നല്ല ശേഖരവും കൈയ്യിലുണ്ട്
കണ്ണൂര്‍: (KVARTHA) മലയാള ചലച്ചിത്ര ലോകത്തെ ചരിത്രം വിളിച്ചോതുന്ന അപൂര്‍വ ശേഖരങ്ങളുമായി കണ്ണൂര്‍ ജില്ലയിലെ പൂക്കോട് സ്വദേശിയായ മുന്‍ പ്രവാസി. ആവശ്യം കഴിഞ്ഞാല്‍ പലവസ്തുക്കളും ഉപേക്ഷിച്ചു കളയുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ കുട്ടിക്കാലത്തെ കൗതുകങ്ങള്‍ ഇപ്പോഴും നെഞ്ചേറ്റി സൂക്ഷിച്ചുവയ്ക്കുന്ന ഒരാള്‍ കണ്ണൂരിലുണ്ട്. കൂത്തുപറമ്പ് പൂക്കോട് വിദ്യാനഗറിലെ സാഫല്യത്തില്‍ താമസിക്കുന്ന കെ.പി അജിത്താണ് ഇങ്ങനെ കൗതുകരമായ ഒരു ശീലം ഇപ്പോഴും ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്നത്.
പഴയകാല സിനിമാ നോട്ടീസുകളേറെയാണ് അജിത്തിന്റെ കൈയ്യില്‍ ഇപ്പോഴും ഭദ്രമായുളളത്. പലതും നഷ്ടപ്പെട്ടു പോയെങ്കിലും അയ്യായിരത്തിലേറെ നോട്ടീസുകള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ കൈയ്യിലുണ്ട്. പാട്യം, കൂത്തുപറമ്പ്, തലശേരി, കണ്ണൂര്‍ എന്നിവടങ്ങളിലെ ടാക്കീസുകളില്‍ പ്രദര്‍ശിപ്പിച്ച ചലച്ചിത്രങ്ങളുടെ നോട്ടീസുകളാണ് ഇദ്ദേഹം പൊന്നുപോലെ വീട്ടില്‍ സൂക്ഷിക്കുന്നത്. വീടിന് അടുത്തുളള ടാക്കീസുകളില്‍ നിന്നും അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ വരുമ്പോള്‍ അതില്‍ നിന്നും വാരിയെറിയുന്ന നോട്ടീസുകളാണ് ശേഖരിച്ചുവെച്ചിരിക്കുന്നത്.
കണ്ണൂരിലെയും തലശേരിയിലെയും പാലയാട്, ധര്‍മടം തുടങ്ങിയ സിനിമാകൊട്ടകളില്‍ ഇറങ്ങുന്ന ചിത്രങ്ങളുടെ നോട്ടീസുകള്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ സുഹൃത്തുക്കള്‍ കൊണ്ടുവന്നു കൊടുത്തതാണ്. മലയാള സിനിമയുടെ ചരിത്രം തന്നെ വിളിച്ചോതുന്നതാണ് ഇത്തരം നോട്ടീസുകള്‍. നല്ല ഫയലുകളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. പഴയ കുഞ്ചാക്കോ സിനിമ മുതല്‍ മലയാളത്തിലിറങ്ങിയ ഒട്ടുമിക്ക നോട്ടീസുകളും ഇദ്ദേഹത്തിന്റെ കയ്യിലുണ്ട്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയോട് അല്‍പം ഇഷ്ടക്കൂടുതല്‍ ഉളളതു കൊണ്ടു അദ്ദേഹം അഭിനയിച്ച ആദ്യകാല ചിത്രങ്ങളുടെ നോട്ടീസുകളുടെ നല്ല ശേഖരവും കൈയ്യിലുണ്ട്. മമ്മൂട്ടി തകര്‍ത്തഭിനയിച്ച ചിത്രങ്ങള്‍ നാട്ടിലെ തീയേറ്ററുകളില്‍ 25-ദിവസം ഓടുമ്പോള്‍ ഇറക്കിയിരുന്ന നോട്ടീസുകളാണ് ഇതിലേറെയും. സ്വന്തം നാട്ടുകാരനായ ശ്രീനിവാസന്റെ ചിത്രങ്ങളുടെ നോട്ടീസിന്റെ വലിയ കലക്ഷനും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. പത്താം ക്ലാസിൽ തുടങ്ങിയ ശീലമാണ് കൗതുകമായി വളര്‍ന്ന് വലിയ നോട്ടീസ് ശേഖരത്തിലെത്തിയത്. പ്രവാസകാലത്ത് ഇതില്‍ പലതും നഷ്ടപ്പെട്ടിരുന്നുവെങ്കിലും ഭാര്യയുടെയും മകളുടെയും സഹായത്തോടെ ഒട്ടുമിക്ക നോട്ടീസുകളും സൂക്ഷിച്ചുവയ്ക്കുകയായിരുന്നു.
ഇപ്പോള്‍ തന്റെ അന്‍പത്തിരണ്ടാമത്തെ വയസിലും അജിത്ത് തന്റെ കലക്ഷനുകള്‍ മറ്റുളളവര്‍ക്ക് കാണുന്നതിനായി അടുക്കുംചിട്ടയോടെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. സിനിമാ നോട്ടീസുകള്‍ മാത്രമല്ല ഒരു കാലത്ത് ഇറങ്ങിയ ചലച്ചിത്രമാസികകളും ഇദ്ദേഹത്തിന്റെ കൈയ്യിലുണ്ട്. ഓഡിയോ കാസറ്റുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍, നാണയങ്ങള്‍, കറന്‍സികള്‍, പഴയ ലോട്ടറികള്‍, പ്രധാനവാര്‍ത്തകളുളള പത്രകട്ടിങുകള്‍, താന്‍ വരച്ച ചിത്രങ്ങള്‍ തുടങ്ങി വീടിനുളളില്‍ ഒരു ചെറുമ്യൂസിയം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഇദ്ദേഹം.
മലയാള ചലച്ചിത്രലോകത്തെ പ്രമുഖരുടെ ഉള്‍പ്പെടെ അറന്നൂറോളം ചിത്രങ്ങളും ഇദ്ദേഹം വരച്ചിട്ടുണ്ട്. തന്റെ പക്കലുളള ശേഖരങ്ങള്‍ ഉപയോഗിച്ചു എക്‌സിബിഷനുകള്‍ നടത്താനുളള അജിത്ത്. വീട്ടിലുളള ഒരു മുറിമുഴുവന്‍ തന്റെ കൗതുകവസ്തുക്കള്‍ക്കായി സൂക്ഷിച്ചിട്ടുളള ഇദ്ദേഹത്തിന് പിന്‍തുണയും സഹായവുമായി ഭാര്യ അജിലയും മകള്‍ ഐശ്വര്യയുമുണ്ട്. പതിനാറ് വര്‍ഷത്തെ പ്രവാസജീവിതത്തിന് ശേഷം കോവിഡ് കാലത്ത് നാട്ടിലെത്തിയ അജിത്ത് പിണറായിയില്‍ ഒരു ലോട്ടറി ഏജന്‍സി നടത്തിവരികയാണ്.