Kuwait Fire | കുവൈറ്റ് തീപ്പിടുത്തം: മരിച്ചവരിൽ ധർമടം സ്വദേശിയമായ യുവാവുമുണ്ടെന്ന് തിരിച്ചറിഞ്ഞു


ധർമ്മടം കോർനേഷൻ സ്‌കൂളിന് സമീപത്തെ വാഴയിൽ ഹൗസിൽ വിശ്വാസ് കൃഷ്‌ണൻ ആണ് മരിച്ചത്
തലശേരി: (KVARTHA) കുവൈറ്റിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചവരിൽ കണ്ണൂർ ധർമ്മടം സ്വദേശിയുമുണ്ടെന്ന് തിരിച്ചറിഞ്ഞു. ധർമ്മടം കോർനേഷൻ സ്‌കൂളിന് സമീപത്തെ വാഴയിൽ ഹൗസിൽ വിശ്വാസ് കൃഷ്‌ണൻ (36) ആണ് മരിച്ചത്. തീപ്പിടുത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക റൂട്ട്സ് അറിയിച്ചിട്ടുണ്ട്. ഏഴ് മലയാളികൾ പരിക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കൊല്ലം, കാസർകോട്, മലപ്പുറം സ്വദേശികളെയാണ് തിരിച്ചറിഞ്ഞത്.
ബുധനാഴ്ച പുലർച്ചെയാണ് മൻഗഫിൽ വൻ തീപ്പിടുത്തം ഉണ്ടായത്. അപകടത്തിൽ 49 പേർ മരിക്കുകയും 40 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. മരിച്ചവരിൽ ഒട്ടേറെ ഇന്ത്യക്കാരുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഈജിപ്ത് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
കെട്ടിടത്തിൽ 195 പേരാണ് താമസിച്ചിരുന്നത്. അപകട സമയത്ത് ഭൂരിഭാഗം പേരും കെട്ടിടത്തിൽ ഉണ്ടായിരുന്നു. രക്ഷപ്പെടാൻ ചിലർ കെട്ടിടത്തിൽ നിന്ന് ചാടിയിറങ്ങുകയായിരുന്നു. പുകയിൽ ശ്വാസം മുട്ടിയാണ് ഏററെപ്പേർ മരിച്ചത്. പരുക്കേറ്റവരെ അഞ്ച് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.