Arrested | കങ്കണ റനൗട്ടിനെ മര്‍ദിച്ചെന്ന കേസില്‍ സി ഐ എസ് എഫ് കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗര്‍ അറസ്റ്റില്‍
മുഖത്തടിച്ചശേഷം 'ഇത് കര്‍ഷകരെ അപമാനിച്ചതിനാണ്' എന്ന് കോണ്‍സ്റ്റബിള്‍ പറയുകയും ചെയ്തു
സംഭവത്തിന് പിന്നാലെ പഞ്ചാബില്‍ ഭീകരവാദം വളരുന്നതില്‍ ആശങ്കയുണ്ടെന്ന് കാട്ടി താരത്തിന്റെ പോസ്റ്റ്
ന്യൂഡെല്‍ഹി: (KVARTHA) ബിജെപി നേതാവും നിയുക്ത എംപിയും നടിയുമായ കങ്കണ റനൗട്ടിനെ മര്‍ദിച്ചെന്ന കേസില്‍ സി ഐ എസ് എഫ് കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ചണ്ഡിഗഡ് വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനക്കിടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഹിമാചലിലെ മണ്ഡിയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട കങ്കണ ഡെല്‍ഹിയിലേക്ക് പോകാനാണ് ചണ്ഡിഗഡ് വിമാനത്താവളത്തിലെത്തിയത്. മുഖത്തടിച്ചശേഷം 'ഇത് കര്‍ഷകരെ അപമാനിച്ചതിനാണ്' എന്ന് കോണ്‍സ്റ്റബിള്‍ കങ്കണയോട് പറയുകയും ചെയ്തു. തുടര്‍ന്ന് സുരക്ഷാഭടന്മാരുടെ വലയത്തിലാണ് കങ്കണ വിമാനത്തിലേക്ക് പോയത്. പിന്നീട് സമൂഹമാധ്യമത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത കങ്കണ, പഞ്ചാബില്‍ ഭീകരവാദം വളരുന്നതില്‍ ആശങ്കയുണ്ടെന്നും പറഞ്ഞു. രണ്ടാം മോദി സര്‍കാരിന്റെ കൃഷിനിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ മാസങ്ങളോളം സമരം ചെയ്തത്.
കര്‍ഷകരോട് അനാദരവ് കാണിച്ചെന്നാരോപിച്ചാണ് സി ഐ എസ് എഫ് വനിതാ കോണ്‍സ്റ്റബിളായ കൗര്‍ കങ്കണ റനൗട്ടിന്റെ മുഖത്തടിച്ചത്. നൂറു രൂപയ്ക്ക് വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നതെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. തന്റെ അമ്മയടക്കം പങ്കെടുത്ത സമരത്തെയാണ് മാണ്ഡി നിയുക്ത എംപി കങ്കണ അപമാനിച്ചതെന്നും ഇതാണ് തല്ലാന്‍ കാരണമായതെന്നും കൗര്‍ പിന്നീട് പ്രതികരിച്ചിരുന്നു.
തുടര്‍ന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ കങ്കണ എത്തിയപ്പോഴായിരുന്നു സംഭവം. റനൗട്ടിന്റെ പഴയ പ്രസ്താവനയാണ് പ്രകോപനമെന്ന് അര്‍ധസൈനിക സുരക്ഷാ ഉദ്യോഗസ്ഥരും പറഞ്ഞു.
അതേസമയം സി ഐ എസ് എഫ് ഉദ്യോഗസ്ഥയ്ക്ക് പിന്തുണയുമായി കര്‍ഷക നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവസമയത്ത് കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.
കങ്കണയെ മര്‍ദിച്ചെന്നാരോപിക്കുന്ന വ്യവസായ സുരക്ഷാ സേന(സി ഐ എസ് എഫ്)യിലെ വനിതാ കോണ്‍സ്റ്റബിള്‍ കുല്‍വിന്ദര്‍ കൗറിനെതിരെ കടുത്ത നടപടിയെടുക്കരുതെന്നും സംയുക്ത കിസാന്‍ മോര്‍ച (രാഷ്ട്രീയേതര) വിഭാഗവും കിസാന്‍ മജ് ദൂര്‍ മോര്‍ചയും ആവശ്യപ്പെട്ടു. കുല്‍വിന്ദറിന്റെ കുടുംബത്തിന് ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ സമരം ചെയ്യുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.