Conference | എസ് വൈ എസ് യുവജന സമ്മേളനം 26 മുതൽ തൃശൂരിൽ; മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ സംബന്ധിക്കും; വൈവിധ്യമാർന്ന സെഷനുകൾ
● പതിനായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും.
● വിവിധ വിഷയങ്ങളിൽ ചർച്ചകളും സെമിനാറുകളും.
● 'ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്നതാണ് പ്രമേയം.
തൃശൂർ: (KVARTHA) സുന്നി യുവജന സംഘം (എസ് വൈ എസ്) കേരള യുവജന സമ്മേളനം ഡിസംബർ 26 മുതൽ 29 വരെ ആമ്പല്ലൂർ നൂറുൽ ഉലമ നഗരിയിൽ വിപുലമായ പരിപാടികളോടെ നടക്കും. പതിനായിരം സ്ഥിരം പ്രതിനിധികളും പ്രതിദിനം ഇരുപത്തി അയ്യായിരം അതിഥി പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനം, രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ, വികസന മേഖലകളിൽ ക്രിയാത്മകമായ ചർച്ചകൾക്കും പഠനങ്ങൾക്കും വേദിയാകും.
രാജ്യത്തെ മുസ്ലിം ജീവിതവും യുവജനങ്ങളുടെ പുരോഗതിയും സമ്മേളനത്തിന്റെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്നായിരിക്കും. 'ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തിൽ നടക്കുന്ന സംഘടനയുടെ പ്ലാറ്റിനം ഇയർ പരിപാടികളുടെ സമാപന സമ്മേളനം കൂടിയാണിത്.
സമ്മേളനത്തിന്റെ ഭാഗമായി ഫ്യൂച്ചർ കേരള സമ്മിറ്റ്, നെക്സ്റ്റ് ജെൻ കോൺക്ലേവ്, ഹിസ്റ്ററി ഇൻസൈറ്റ്, യംഗ് ഇന്ത്യ നാഷണൽ സെമിനോസിയം, സാംസ്കാരിക സംവാദങ്ങൾ എന്നീ ഉപസമ്മേളനങ്ങളും യുവത്വത്തിന്റെ വിദ്യാഭ്യാസം, തൊഴിൽ, ഭാവി, അവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എൻജെൻ എക്സ്പോയും സംഘടിപ്പിക്കും. ദേശീയ, അന്തർദേശീയ പ്രമുഖ വ്യക്തിത്വങ്ങൾ, വിദഗ്ധർ, മന്ത്രിമാർ, ജനപ്രതിനിധികൾ, പണ്ഡിതന്മാർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംബന്ധിക്കും.
ഡിസംബർ 27ന് ഉച്ചകഴിഞ്ഞ് നാലിന് പ്രമുഖ അമേരിക്കൻ പണ്ഡിതൻ ഡോ. യഹ്‌യ റോഡസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തും. റവന്യൂ മന്ത്രി കെ രാജൻ, ബെന്നി ബഹന്നാൻ എംപി, ഉത്തർപ്രദേശ് മുൻ മന്ത്രി നവീൻ കുമാർ എന്നിവർ സംസാരിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിക്കും.
ഡിസംബർ 28ന് ഉച്ചകഴിഞ്ഞ് 4.30ന് നടക്കുന്ന പൗരാവകാശ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ അഡ്വ. ഹാരിസ് ബീരാൻ എംപി പ്രഭാഷണം നടത്തും. കെകെ രാമചന്ദ്രൻ എംഎൽഎ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹാജി തുടങ്ങിയവരും സംബന്ധിക്കും.
അതേദിവസം വൈകുന്നേരം 6.30ന് നടക്കുന്ന ഹെറിറ്റേജ് കോൺഫറൻസ് കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ അധ്യക്ഷത വഹിക്കും. ഡോ. റജബ് സെൻതുർക്ക് തുർക്കി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സംസ്ഥാന വിവരാവകാശ കമ്മീഷണർ അബ്ദുൽ ഹകീം നഹ, ഡോ. ഗൾഫാർ മുഹമ്മദലി സംസാരിക്കും.
ഡിസംബർ 28ന് രാവിലെ 10ന് 'ധനാത്മക യുവത്വം' എന്ന വിഷയത്തിൽ ഡോ. ശശി തരൂർ എംപിയും ഡിസംബർ 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് 'സാമൂഹിക പ്രവർത്തനത്തിന്റെ രചനാത്മകത' എന്ന വിഷയത്തിൽ മുൻ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും പ്രഭാഷണം നടത്തും. ഡിസംബർ 29ന് വൈകുന്നേരം 6.30ന് നടക്കുന്ന സമാപന സമ്മേളനം ജോർദാൻ പണ്ഡിതൻ ഔൻ മുഈൻ അൽ ഖദ്ദൂമി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും.
കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുൻ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന വഖഫ് മന്ത്രി വി അബ്ദുർറഹ്‌മാൻ, കെസി വേണുഗോപാൽ എംപി, എംഎ യൂസുഫലി എന്നിവർ അതിഥികളായിരിക്കും. പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി, എൻ അലി അബ്ദുല്ല, സുലൈമാൻ സഖാഫി മാളിയേക്കൽ, സയ്യിദ് ഫസൽ തങ്ങൾ, ഫിർദൗസ് സഖാഫി കടവത്തൂർ സംസാരിക്കും.
സമ്മേളനത്തോടനുബന്ധിച്ചുള്ള പുസ്തകമേള ഡിസംബർ 26ന് വൈകിട്ട് നാലിന് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ഭാവി ചർച്ച ചെയ്യുന്ന രണ്ടു ദിവസത്തെ ഫ്യൂച്ചർ കേരള സമ്മിറ്റ് ഡിസംബർ 28ന് രാവിലെ 10.30ന് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിൽ എസി മൊയ്തീൻ എംഎൽഎ, സിപി ജോൺ, കെവി മനോജ്, ഡോ. ദാഹർ മുഹമ്മദ്, കെ സഹദേവൻ, രാംമോഹൻ പാലിയത്ത്, ബാബു രാമചന്ദ്രൻ, മുസ്തഫ പി എറായ്ക്കൽ തുടങ്ങിയവർ സംവദിക്കും.
നെക്സ്റ്റ് ജെൻ കോൺക്ലേവ് ഡിസംബർ 28ന് രാവിലെ 10.30ന് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകൾക്ക് ഡോ. റജബ് സെൻതുർക്ക്, ഡോ. അഫിഫി അൽ ആകിതി (ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി), ഡോ. വികാസ് മധുസൂദനൻ (ഐഐടി ഗുവാഹത്തി), ഡോ. സഫീർ (റോയൽ യൂണിവേഴ്സിറ്റി ലണ്ടൻ), ഡോ. നദീം (ഐബിഎം ഇന്ത്യ), ഡോ. സലാഹുദ്ദീൻ പി, ഹുസൈൻ നൂറുദ്ദീൻ കുഞ്ഞു, ഡോ. ഷെഫി എ ഇ (ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി) എന്നിവർ നേതൃത്വം നൽകും.
കേരള മുസ്ലിം ചരിത്രം വിശകലനം ചെയ്യുന്ന ഹിസ്റ്ററി ഇൻസൈറ്റ് ഡിസംബർ 29ന് രാവിലെ 10.30ന് പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈൻ രണ്ടത്താണി, ഡോ. വിനിൽ പോൾ, ഡോ. അഭിലാഷ്, ഡോ. അബ്ബാസ് പനക്കൽ, ഡോ. സകീർ ഹുസൈൻ, ഡോ. നുഐമാൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ദ്വിദിന യംഗ് ഇന്ത്യ സെമിനോസിയം ഡിസംബർ 28 രാവിലെ 10ന് സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും.
മുഫ്തി ഫാറൂഖ് ഹുസൈൻ മിസ്ബാഹി ജമ്മുകാശ്മീർ, മിർസാ മൻസൂർ രാജസ്ഥാൻ, ഹസ്രത്ത് മുഹമ്മദ് ഫാസിൽ റിസ്‌വി കർണാടക, ശൈഖ് മൻസൂർ ആന്ധ്രപ്രദേശ്, നദീം ഫാറൂഖി യുപി, പ്രൊഫ. മുഹമ്മദ് ഗുൽറാസ് (അലിഗഡ് യൂണിവേഴ്സിറ്റി), അഡ്വ. ഷാഹുൽ ബാംഗ്ലൂർ, ആരിഫ് ഖനായി ജമ്മുകാശ്മീർ, ഖാലിദ് അയ്യൂബ് രാജസ്ഥാൻ, ഡോ. അഹ്‌മദ് അലിഗഡ് തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിക്കും.
ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത സമ്മേളനത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, ജനറൽ സെക്രട്ടറി ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി, ഫിനാൻസ് സെക്രട്ടറി എം അബൂബക്കർ പടിക്കൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം മുഹമ്മദ് സാദിഖ്, സ്വാഗതസംഘം കോ-ഓഡിനേറ്റർ എംഎം ഇബ്രാഹിം എന്നിവർ സംബന്ധിച്ചു.
#SYSConference #YouthOfKerala #ThrissurEvents #KeralaPolitics #MuslimYouth #CommunityGathering