Arrested | കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടിയുടെ മുഖത്തടിച്ചശേഷം രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമത്തിനിടെ നടന്നത് അപകട പരമ്പര; ഇടിച്ചത് നിരവധി വാഹനങ്ങളില്‍'; ഒടുവില്‍ പൊലീസ് ജീപിലും; പിന്നീട് സംഭവിച്ചത്
Feb 28, 2023, 16:38 IST
തിരുവനന്തപുരം: (www.kvartha.com) നെയ്യാറ്റിന്‍കര കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ വച്ച് പെണ്‍കുട്ടിയുടെ മുഖത്തടിച്ചശേഷം രക്ഷപ്പെടാനുള്ള യുവാവിന്റെ ശ്രമത്തിനിടെ നടന്നത് അപകട പരമ്പരയെന്ന് പൊലീസ്. പെണ്‍കുട്ടിയെ അടിക്കുന്നതുകണ്ട് പ്രദേശവാസികള്‍ ഓടിക്കൂടിയതോടെ പന്തികേടുതോന്നി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവും സുഹൃത്തും സഞ്ചരിച്ച കാര്‍ വിവിധ വാഹനങ്ങളില്‍ ഇടിച്ചതെന്നാണ് വിവരം.
ഒടുവില്‍ പൊലീസ് ജീപിലും ഇടിച്ചശേഷമാണ് വാഹനം നിന്നത്. സംഭവത്തില്‍ പെണ്‍കുട്ടി പരാതി നല്‍കിയില്ലെങ്കിലും, അപകടമുണ്ടാക്കിയതിന് കേസെടുത്ത പൊലീസ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ആനാവൂര്‍ സ്വദേശിയായ ഷിനോജാണ് പെണ്‍കുട്ടിയുടെ മുഖത്തടിച്ചത്. പ്രദേശവാസികള്‍ ഓടിക്കൂടിയതോടെ സുഹൃത്തിന്റെ കാറില്‍ രക്ഷപ്പെടാനുള്ള ശ്രമമാണ് അപകട പരമ്പര സൃഷ്ടിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ രണ്ട് ഓടോറിക്ഷകളിലും നാലു ബൈകുകളിലും ഇടിച്ചു. അപകടത്തില്‍ ഒരു ബൈക് യാത്രക്കാരന് പരുക്കേല്‍ക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ സുഹൃത്താണ് ഷിനോജെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ഷിനോജ് പെണ്‍കുട്ടിയുടെ കയ്യില്‍നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും മുഖത്തടിക്കുകയും ചെയ്യുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിവിധ വാഹനങ്ങളില്‍ ഇടിച്ച ശേഷം ഇവര്‍ സഞ്ചരിച്ച കാര്‍ പൊലീസ് ജീപില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇവരെ പിടികൂടി. മര്‍ദനമേറ്റ പെണ്‍കുട്ടി പരാതി നല്‍കാന്‍ വിസമ്മതിച്ചതിനാല്‍, അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്.
Keywords: Youths while escaping after beating a girl, create accidents in Thiruvananthapuram, Thiruvananthapuram, News, Accident, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.