Veena George | ജില്ലയോട് അവഗണന: 9 വര്‍ഷമായിട്ടും മെഡികല്‍ കോളജ് പ്രവര്‍ത്തി എവിടെയും എത്തിയില്ല; മന്ത്രി വീണാ ജോര്‍ജിന് നേരേ കാസര്‍കോട് യൂത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം
Aug 12, 2022, 12:07 IST
ADVERTISEMENT
കാസര്‍കോട്: (www.kvartha.com) ആരോഗ്യമന്ത്രി വീണാ ജോര്‍ജിനു നേരെ കാസര്‍കോട് ജില്ലയില്‍ യൂത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച രാവിലെ ജില്ലയിലെത്തിയതായിരുന്നു മന്ത്രി.
മൊഗ്രാല്‍ പൂത്തൂരിലായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വാഹനവ്യൂഹം തടസപ്പെടുത്തുന്ന തരത്തില്‍ യൂത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി പ്രതിഷേധിക്കുകയായിരുന്നു.
കാസര്‍കോട് ജില്ലയോടുള്ള അവഗണനയിലായിരുന്നു പ്രതിഷേധം. ഒമ്പതു വര്‍ഷമായിട്ടും കാസര്‍കോട് മെഡികല്‍ കോളജിന്റെ പ്രവര്‍ത്തി എവിടെയും എത്തിയില്ല. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ താല്‍കാലികമായി അകാദമിക് ബ്ലോകില്‍ ഒപി തുടങ്ങിയെങ്കിലും ആവശ്യമായ ഡോക്ടര്‍മാരോ ചികിത്സാ സംവിധാനമോ ഇപ്പോഴുമില്ല. കിടത്തി ചികിത്സ പ്രഖ്യാപിച്ചിടത്തു തന്നെയാണ്. പുരോഗതിയൊന്നുമില്ല. നിയമിച്ച ഡോക്ടര്‍മാര്‍ അതേ വേഗതയില്‍ തിരിച്ചുപോയി. പകരം സംവിധാനവും ഏര്‍പെടുത്തിയില്ല. നിലവില്‍ നിര്‍മാണം നിര്‍ജീവമായ അവസ്ഥായിലാണ് മെഡികല്‍ കോളജ് എന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
കാസര്‍കോടിന് സൂപര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ എന്ന നിലയില്‍ തുടങ്ങിയ ടാറ്റാ ആശുപത്രി ഇപ്പോള്‍ തുറന്നു പ്രവര്‍ത്താക്കാതെ വെറുതെ കിടക്കുന്നു. കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി പണി തീര്‍ന്നിട്ട് ഒന്നരവര്‍ഷമായിട്ടും അടഞ്ഞുകിടക്കുകയാണ്. തുറക്കണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യമുയരുന്നുണ്ടെങ്കിലും സര്‍കാര്‍ തുടര്‍ നടപടിയെടുത്തിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
എന്‍ഡോസള്‍ഫാന്‍ മേഖല കൂടിയായ കാസര്‍കോട് ജില്ലയോട് കടുത്ത അവഗണനയാണ് നാളിതുവരെയായി സര്‍കാര്‍ കാണിക്കുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
യൂത് ലീഗ് നേതാക്കളായ അശ്റഫ് എടനീര്‍, അസീസ് കളത്തൂര്‍, സഹിര്‍ ആസിഫ്, ഹാരിസ് ബെദിര, ജലീല്‍ തുരുത്തി, റഹ്മാന്‍ തൊട്ടാന്‍ എന്നിവരാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി മന്ത്രിക്ക് ഗതാഗത സൗകര്യമൊരുക്കുകയായിരുന്നു.
Keywords: Youth League Protest Against Minister Veena George, Kasaragod, News, Health Minister, Protesters, Youth League, Politics, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

