Protest | പി പി ദിവ്യയെ കണ്ടെത്താൻ പൊലിസ് സ്റ്റേഷനു മുൻപിൽ ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ച് യൂത്ത് കോൺഗ്രസ് സമരം


● പൊലീസ് ഇതുവരെ അറസ്റ്റ് നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഇത് സർക്കാരിന്റെ ഒത്തുകളിയാണെന്നും പ്രതിഷേധക്കാർ
● 'കേസിന്റെ അന്വേഷണം സി.ഐ. ശ്രീജിത്ത് കൊടേരിക്ക് നൽകിയത് കേസ് അട്ടിമറിക്കാനുള്ള തന്ത്രം'
കണ്ണൂർ: (KVARTHA) ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ് നേതൃത്വം. ചൊവ്വാഴ്ച, കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർ പി.പി. ദിവ്യയുടെ അറസ്റ്റ് വേണമെന്നാവശ്യപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസ് ഒട്ടിച്ചു. പൊലീസ് ഇതുവരെ അറസ്റ്റ് നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും ഇത് സർക്കാരിന്റെ ഒത്തുകളിയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ മതിലിലും ജില്ലാ പഞ്ചായത്ത് ഓഫീസ് കവാടത്തിലും സെൻട്രൽ ഹാളിലെ ഇൻഫർമേഷൻ കൗണ്ടറിലും പി.പി. ദിവ്യയെ കുറിച്ചുള്ള ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. കേസ് നമ്പർ 1149/24 പ്രകാരം ദിവ്യയ്ക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. പി.പി ദിവ്യ (40) ക്രൈം നം: 1149/24, കുറ്റം: സത്യസന്ധനായ അപകീർത്തിപ്പെടുത്തി കൊല ചെയ്തു കണ്ടുകിട്ടുന്നവർ തൊട്ടടുത്തുള്ള പൊലിസ് സ്റ്റേഷനിൽ അറിയിക്കുക എന്നെഴുതിയ ലുക്ക് ഔട്ട് നോട്ടീസും ബോർഡും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പേരിൽ സ്ഥാപിച്ചത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ വലിയ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതോടെ പൊലീസുമായി തർക്കമുണ്ടായി. തുടർന്ന് നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്റ് റോബർട്ട് ജോർജ് വെള്ളർവള്ളി, പി.പി. ദിവ്യയെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചു. അദ്ദേഹത്തിന്റെ അറിവനുസരിച്ച് ദിവ്യ പാലക്കയം തട്ടിലെ ഒരു റിസോർട്ടിൽ ഒളിവിലാണെന്നും പൊലീസിനും ഈ വിവരം അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തിൽ, ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് സർക്കാരിന്റെ ഒത്തുകളിയാണെന്ന് അദ്ദേഹം ആരോപിച്ചു. കേസിന്റെ അന്വേഷണം സി.ഐ. ശ്രീജിത്ത് കൊടേരിക്ക് നൽകിയത് കേസ് അട്ടിമറിക്കാനുള്ള തന്ത്രമാണെന്നും അദ്ദേഹം സംശയിക്കുന്നു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ അദ്ധ്യക്ഷനായിരുന്ന പരിപാടിയിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഫർസിൻ മജിദ് സ്വാഗത പ്രസംഗം നടത്തി. പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യപ്പെട്ട് നടന്ന ഈ പ്രതിഷേധത്തിൽ, പ്രമുഖ നേതാക്കളായ പ്രനിൽ മതുക്കോത്ത്, മഹിതാ മോഹൻ എന്നിവരും പങ്കെടുത്ത് നേതൃത്വം നൽകി. അൻപതോളം പ്രവർത്തകർ പങ്കെടുത്ത ഈ പ്രതിഷേധത്തിൽ, പി.പി. ദിവ്യയെ കുറിച്ചുള്ള ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിക്കുകയും ചെയ്തു. കൂടാതെ, കണ്ണൂർ നഗരത്തിൽ എൻ.ജി.ഒ. അസോസിയേഷനും സമാനമായ ഒരു പ്രതിഷേധം സംഘടിപ്പിച്ചു.
#YouthCongress #PPDivya #LookoutNotice #KeralaProtest #KannurProtest #PoliticalProtest